നടന്‍ സൂര്യക്കെതിരെ കോടതി അലക്ഷ്യ നടപടി വേണം : ഹൈക്കോടതി ചീഫ് ജസ്റ്റിസിന് ജഡ്ജിയുടെ കത്ത്

ജഡ്ജിമാരെയും, നിതീന്യായ സംവിധാനത്തെയും വിമര്‍ശിച്ചതിന് സൂര്യയ്‌ക്കെതിരെ വാറണ്ട് ഇറക്കണം എന്നും ജഡ്ജി ആവശ്യപ്പെട്ടിട്ടുണ്ട്
നടന്‍ സൂര്യക്കെതിരെ കോടതി അലക്ഷ്യ നടപടി വേണം : ഹൈക്കോടതി ചീഫ് ജസ്റ്റിസിന് ജഡ്ജിയുടെ കത്ത്

ചെന്നൈ: നീറ്റ് പരീക്ഷയുമായി ബന്ധപ്പെട്ട പരാമര്‍ശത്തിന്റെ പേരില്‍ നടന്‍ സൂര്യയ്‌ക്കെതിരെ കോടതി അലക്ഷ്യ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതി ജഡ്ജി. കോടതികളെ വിമര്‍ശിച്ചുകൊണ്ടുള്ള പ്രസ്താവനയില്‍ നടനെതിരെ നടപടി വേണമെന്നാണ് മദ്രാസ് ഹൈക്കോടതി ജഡ്ജി എസ് എം സുബ്രഹ്മണ്യം ഹൈക്കോടതി ചീഫ് ജസ്റ്റിസ് എ പി സാഹിക്ക് എഴുതിയ കത്തില്‍ ആവശ്യപ്പെട്ടിട്ടുള്ളത്. 

രാജ്യത്തിലെ ജഡ്ജിമാരെയും, നിതീന്യായ സംവിധാനത്തെയും വിമര്‍ശിച്ചതിന് സൂര്യയ്‌ക്കെതിരെ വാറണ്ട് ഇറക്കണം എന്നും ജഡ്ജി ആവശ്യപ്പെട്ടിട്ടുണ്ട്. നീറ്റ് പരീക്ഷയുമായി ബന്ധപ്പെട്ട് നടന്റെ പ്രസ്താവന ടിവിയിലും യൂട്യൂബിലും കണ്ടതിന്റെ വെളിച്ചത്തിലാണ് നടപടി ആവശ്യപ്പെടുന്നതെന്നും ജഡ്ജി സുബ്രഹ്മണ്യം കത്തില്‍ പറയുന്നു.

ഞായറാഴ്ചയാണ് രാജ്യത്ത് നീറ്റ് പ്രവേശ പരീക്ഷ നടത്തുന്നതിനെതിരെ  നടന്‍ സൂര്യ പ്രസ്താവന നടത്തിയത്. നീറ്റ് പരീക്ഷ നടത്തുന്നത് 'മനുനീതി പരീക്ഷ' എന്നാണ് സൂര്യ പ്രസ്താവനയില്‍ വിവരിച്ചത്. പരീക്ഷ സംഘടിപ്പിക്കുന്ന സര്‍ക്കാറിനെയും, കോടതിയെയും, മാധ്യമങ്ങളെയും വിമര്‍ശിക്കുന്ന സൂര്യ, മനസാക്ഷിയില്ലാത്ത നിലപാടാണ് ഇപ്പോള്‍ പരീക്ഷ നടത്തുന്നത് എന്നും പറയുന്നു.

പകര്‍ച്ച വ്യാധി ഭീതിയില്‍ കേസുകള്‍ വീഡിയോ കോണ്‍ഫ്രന്‍സ് വഴി കേള്‍ക്കുന്ന കോടതികള്‍, അവിടുത്തെ ജഡ്ജിമാര്‍ കുട്ടികളോട് നേരിട്ട് പരീക്ഷ എഴുതാന്‍ പറയുന്നു എന്ന് പ്രസ്താവനയില്‍ ഒരിടത്ത് സൂര്യ അഭിപ്രായപ്പെട്ടിരുന്നു. ഇതാണ് കോടതിക്കെതിരായ പരാമര്‍ശമായി ഹൈക്കോടതി ജഡ്ജി ചൂണ്ടിക്കാട്ടുന്നത്. നടന്റെ പ്രസ്താവന രാജ്യത്തെ ബഹുമാന്യരായ ജഡ്ജിമാരുടെ ആത്മാര്‍ത്ഥതയെ ചോദ്യം ചെയ്യുന്നതും, രാജ്യത്തെ നീതി സംവിധാനത്തെ ചോദ്യം ചെയ്യുന്നതുമാണെന്നും ജഡ്ജി സുബ്രഹ്മണ്യം കത്തില്‍ ചൂണ്ടിക്കാട്ടുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com