സുപ്രധാന വിഷയങ്ങളില്‍ ചര്‍ച്ച ; രാജ്യം സൈനികര്‍ക്ക് പിന്നില്‍ ഒറ്റക്കെട്ടായി നില്‍ക്കും :  പ്രധാനമന്ത്രി

ഒരേ സമയം കൊറോണയും ചുമതലയുമാണ് നമുക്ക് മുന്നിലുള്ളത്. നമ്മുടെ എംപിമാര്‍ ചുമതല തെരഞ്ഞെടുത്തു
സുപ്രധാന വിഷയങ്ങളില്‍ ചര്‍ച്ച ; രാജ്യം സൈനികര്‍ക്ക് പിന്നില്‍ ഒറ്റക്കെട്ടായി നില്‍ക്കും :  പ്രധാനമന്ത്രി

ന്യൂഡല്‍ഹി: രാജ്യം സൈനികര്‍ക്ക് പിന്നില്‍ ഒറ്റക്കെട്ടെന്ന സന്ദേശം പാര്‍ലമെന്റ് നല്‍കുമെന്ന് പ്രതീക്ഷിക്കുന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ശൈത്യകാല സമ്മേളനത്തിന് മുന്നോടിയായിയി പാര്‍ലമെന്റിന് മുന്നില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. സമ്മേളനത്തിൽ മുഖ്യവിഷയങ്ങളിൽ ചർച്ചയുണ്ടാകുമെന്നും പ്രധാന തീരുമാനങ്ങൾ ഉണ്ടാകുമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു.

പാര്‍ലമെന്റിലെ എല്ലാ അംഗങ്ങളും നമ്മുടെ സൈനികര്‍ക്കൊപ്പം ഒറ്റക്കെട്ടായി നില്‍ക്കുമെന്നതിന് വ്യക്തമായ സന്ദേശം നല്‍കുമെന്ന് വിശ്വസിക്കുന്നു. ഒരേ സമയം കൊറോണയും ചുമതലയുമാണ് നമുക്ക് മുന്നിലുള്ളത്. നമ്മുടെ എംപിമാര്‍ ചുമതല തെരഞ്ഞെടുത്തു. അതില്‍ അവരെ അഭിനന്ദിക്കുന്നതായി പ്രധാനമന്ത്രി പറഞ്ഞു. 

പാര്‍ലമെന്റ് സമ്മേളനം വ്യത്യസ്തമായ സമയത്താണ് ഇത്തവണ ചേരുന്നത്. ലോക്‌സഭയും രാജ്യസഭയും വ്യത്യസ്ത സമയത്താണ് നടക്കുക. ശനി, ഞായര്‍ ദിവസങ്ങളില്‍ സഭ ചേരും. എല്ലാം എംപിമാരും ഇത് അംഗീകരിച്ചുവെന്നും മോദി പറഞ്ഞു. ലോകത്തിന്റെ ഏത് കോണില്‍ നിന്നും ഒരു വാക്‌സിന്‍ എത്രയും വേഗം വികസിപ്പിക്കണമെന്ന് ഞങ്ങള്‍ ആഗ്രഹിക്കുന്നു. നമ്മുടെ ശാസ്ത്രജ്ഞര്‍ അതില്‍ വിജയിക്കുമെന്നും മോദി പറഞ്ഞു.

രാജ്യത്തെ സംരക്ഷിക്കാനുള്ള ധൈര്യത്തോടെയും ശക്തമായ ദൃഢനിശ്ചയത്തോടുംകൂടി നമ്മുടെ സൈനികര്‍ അതിര്‍ത്തിയില്‍ കാവല്‍ നില്‍ക്കുന്നു. പ്രയാസകരമായ സാഹചര്യങ്ങളിലാണ് അവര്‍ നില്‍ക്കുന്നത്. ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ മഞ്ഞ് വീഴ്ചയും ഉണ്ടാകും. സൈനികരുടെ അതേ ദൃഢതയോടുകൂടി അവര്‍ക്കു പിന്നില്‍ ഉറച്ച് നില്‍ക്കുന്നുവെന്ന ഐക്യത്തോടെയുള്ള സന്ദേശം പാര്‍ലമമെന്റില്‍ നിന്ന് ഉണ്ടാകുമെന്ന് വിശ്വസിക്കുന്നുവെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.

 ഇന്നു മുതൽ ഒക്ടോബർ 1 വരെ 18 ദിവസം ഞായറാഴ്ച അടക്കം തുടർച്ചയായി പാർലമെന്റ് സമ്മേളിക്കും. ഇന്നു മാത്രം രാവിലെ 9 മുതൽ ഉച്ചയ്ക്ക് 1 വരെ ലോക്സഭയും വൈകിട്ടു 3 മുതൽ 7 വരെ രാജ്യസഭയും സമ്മേളിക്കും. നാളെ രാവിലെ മുതൽ രാവിലെ 9 മുതൽ ഉച്ചയ്ക്ക് 1 വരെ രാജ്യസഭയും വൈകിട്ടു 3 മുതൽ 7 വരെ ലോക്സഭയും സമ്മേളിക്കും. മാസ്ക്കും സാമൂഹിക അകലവും അടക്കം കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് സമ്മേളനം.

സര്‍ക്കാര്‍ പാര്‍ലമെന്റിനോട് കടപ്പെട്ടിരിക്കുന്നുവെന്ന് പ്രധാനമന്ത്രിയുടെ പ്രസ്താവനയ്ക്ക് മറുപടിയായി കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ പറഞ്ഞു. ഇന്ത്യ-ചൈന ചര്‍ച്ചകളെക്കുറിച്ച് കേന്ദ്ര പ്രതിരോധ വിദേശകാര്യമന്ത്രിമാര്‍ എപ്പോഴാണ് ഞങ്ങളോട് പറഞ്ഞത്. സൈന്യത്തിന് പിന്തുണ നല്‍കുക എന്നത് ചര്‍ച്ചകള്‍ക്ക് അപ്പുറമാണെന്നും, സൈന്യത്തിന് എപ്പോഴും ശക്തമായ പിന്തുണയാണ് നല്‍കുന്നതെന്നും ശശി തരൂര്‍ പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com