രാജ്യസഭാ ഉപാധ്യക്ഷനെതിരായ അവിശ്വാസപ്രമേയം നിലനില്‍ക്കില്ല ; പ്രതിപക്ഷ പാര്‍ട്ടികളുടെ നോട്ടീസ് തള്ളി

കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ 12 പാര്‍ട്ടികളാണ് രാജ്യസഭാ ഉപാധ്യക്ഷനെതിരെ അവിശ്വാസ പ്രമേയ നോട്ടിസ് നല്‍കിയത്
രാജ്യസഭാ ഉപാധ്യക്ഷനെതിരായ അവിശ്വാസപ്രമേയം നിലനില്‍ക്കില്ല ; പ്രതിപക്ഷ പാര്‍ട്ടികളുടെ നോട്ടീസ് തള്ളി

ന്യൂഡല്‍ഹി : രാജ്യസഭാ ഉപാധ്യക്ഷന്‍ ഹരിവംശ് നാരായണ്‍ സിങ്ങിനെതിരായ അവിശ്വാസപ്രമേയം തള്ളിയതായി രാജ്യസഭാ അധ്യക്ഷന്‍ എം വെങ്കയ്യ നായിഡു. കൃത്യമായ നടപടിക്രമങ്ങള്‍ പാലിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് അവിശ്വാസ നോട്ടീസ് തള്ളിയത്. കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ 12 പാര്‍ട്ടികളാണ് രാജ്യസഭാ ഉപാധ്യക്ഷനെതിരെ അവിശ്വാസ പ്രമേയ നോട്ടിസ് നല്‍കിയത്.  അംഗങ്ങളുടെ മൗലികാവകാശങ്ങള്‍ രാജ്യസഭാ ഉപാധ്യക്ഷന്‍ നിഷേധിച്ചുവെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. ഹരിവംശ് നാരായണ്‍ സിങ് പക്ഷപാതപരമായി പെരുമാറിയെന്നും ചട്ടങ്ങള്‍ പാലിച്ചില്ലെന്നുമാണ് ആരോപണം.
 

കാര്‍ഷിക ബില്‍ പുനഃപരിശോധിക്കണമെന്നും, ബില്‍ സെലക്ട് കമ്മിറ്റിക്ക് വിടണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു. ബില്ലിന്മേലുള്ള ചര്‍ച്ച ഒറ്റദിവസമായി ചുരുക്കിയതിനെയും എംപിമാര്‍ ചോദ്യം ചെയ്തു. എന്നാല്‍ പ്രതിപക്ഷ ആവശ്യം തള്ളിയ ഹരിവംശ് നാരായണ്‍ സിങ്, കൃഷിമന്ത്രി നരേന്ദ്രസിങ് തോമറോട് മറുപടി പ്രസംഗം തുടരാന്‍ നിര്‍ദേശിച്ചു. 

ഇതോടെ ബില്ലിന്മേല്‍ വോട്ടിംഗ് വേണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. ഇതും നിരസിച്ചതോടെ ക്ഷുഭിതരായ പ്രതിപക്ഷ അംഗങ്ങള്‍ സഭയുടെ നടുത്തളത്തിലിറങ്ങി. റൂള്‍ ബുക്ക് വലിച്ചു കീറി പ്രതിഷേധിച്ചു. ഇതിനിടെ തടയാന്‍ വന്ന രാജ്യസഭ മാര്‍ഷലിനെ എഎപി അംഗം സഞ്ജയ് സിങ് കഴുത്തിന് പിടിച്ചു തള്ളുകയും ചെയ്തു. 

ഇതിനിടെ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് ഡെറക് ഒബ്രിയാന്‍ അടക്കമുള്ള എതാനും എംപിമാര്‍ രാജ്യസഭ ഉപാധ്യക്ഷനെതിരെയും മുദ്രാവാക്യം വിളിച്ച് പ്രതിഷേധിച്ചു. ഇതിനെ തുടര്‍ന്നാണ് 50 ഓളം എംപിമാര്‍ ചേര്‍ന്ന് രാജ്യസഭാ ഉപാധ്യക്ഷന്‍ ഹരിവംശ് നാരായണ്‍ സിങിനെതിരെ അവിശ്വാസ നോട്ടീസ് നല്‍കിയത്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com