അണയാത്ത പ്രതിഷേധം ; രാത്രിയിലും സമരം തുടര്‍ന്ന് സസ്‌പെന്‍ഷനിലായ എംപിമാര്‍

രാജ്യസഭ ചേരുമ്പോൾ സസ്‌പെൻഷൻ പിൻവലിക്കണമെന്ന ആവശ്യം പ്രതിപക്ഷ പാർടികൾ മുന്നോട്ടുവയ്ക്കും
അണയാത്ത പ്രതിഷേധം ; രാത്രിയിലും സമരം തുടര്‍ന്ന് സസ്‌പെന്‍ഷനിലായ എംപിമാര്‍

ന്യൂഡല്‍ഹി : കാര്‍ഷിക ബില്ലിനെതിരെ പ്രതിഷേധിച്ചതിന് രാജ്യസഭയില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്യപ്പെട്ട പ്രതിപക്ഷ എംപിമാര്‍ പാര്‍ലമെന്റ് വളപ്പിലെ ഗാന്ധി പ്രതിമയ്ക്കു മുന്നില്‍ സമരം തുടരുന്നു. സസ്‌പെന്‍ഡ് ചെയ്യപ്പെട്ട 8 എംപിമാരാണ് ഗാന്ധി പ്രതിമയ്ക്കു മുന്നില്‍ അനിശ്ചിതകാല പ്രതിഷേധം നടത്തുന്നത്. 

സിപിഎം എംപിമാരായ എളമരം കരീം, കെ കെ രാഗേഷ്, തൃണമൂല്‍ കോണ്‍ഗ്രസ് എംപിമാരായ ഡെറക് ഒബ്രയാന്‍, ഡോല സെന്‍, കോണ്‍ഗ്രസിലെ രാജീവ് സതവ്, റിപുന്‍ ബോറ, സയീദ് നസീര്‍ ഹുസൈന്‍, എഎപിയുടെ സഞ്ജയ് സിങ് എന്നിവരാണ് കര്‍ഷകര്‍ക്കു വേണ്ടി സമരം ചെയ്യുമെന്ന പ്ലക്കാര്‍ഡുമായി രാത്രിയിലും പ്രതിഷേധം തുടര്‍ന്നത്. 

കാര്‍ഷിക ബില്‍ അവതരിപ്പിക്കുന്നതിനെതിരെ രാജ്യസഭയില്‍ എംപിമാര്‍ നടത്തിയ പ്രതിഷേധമാണ് സസ്‌പെന്‍ഷന് കാരണമായത്. പാര്‍ലമെന്റില്‍ നിന്ന് രാഷ്ട്രപതി ഭവനിലേയ്ക്ക് രാത്രി മാര്‍ച്ച് നടത്താന്‍ ശ്രമിച്ച പഞ്ചാബില്‍ നിന്നുള്ള കോണ്‍ഗ്രസ് എംപിമാരെ പൊലീസ് കയ്യേറ്റം ചെയ്തതായും പരാതിയുണ്ട്.

 ചൊവ്വാഴ്‌ച രാവിലെ രാജ്യസഭ ചേരുമ്പോൾ സസ്‌പെൻഷൻ പിൻവലിക്കണമെന്ന ആവശ്യം പ്രതിപക്ഷ പാർടികൾ മുന്നോട്ടുവയ്ക്കും. ഇതിനോടുള്ള സർക്കാർ പ്രതികരണം അറിഞ്ഞശേഷം തുടർനടപടി തീരുമാനിക്കുമെന്ന്‌ സിപിഎം രാജ്യസഭാ നേതാവ്‌ എളമരം കരീം പറഞ്ഞു. കർഷകദ്രോഹ ബില്ലിനെ അനുകൂലിക്കുന്ന പാർടികളെ ബഹിഷ്‌ക്കരിക്കുമെന്ന്‌ കിസാൻ സംഘർഷ്‌ കോർഡിനേഷൻ കമ്മിറ്റി നേതാക്കൾ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com