'കര്‍ഷകരെ രക്ഷിക്കൂ.. ജനാധിപത്യം രക്ഷിക്കൂ.'. ; പാര്‍ലമെന്റ് വളപ്പില്‍ പ്രതിഷേധ മാര്‍ച്ച് ; കാര്‍ഷിക ബില്ലിനെതിരെ പ്രതിപക്ഷം ഇന്ന് രാഷ്ട്രപതിയെ കാണും

രാഷ്ട്രപതിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം ബില്ലിനെതിരെയുള്ള തുടര്‍നടപടികളില്‍ തീരുമാനമെടുക്കാമെന്നാണ്  ധാരണ
'കര്‍ഷകരെ രക്ഷിക്കൂ.. ജനാധിപത്യം രക്ഷിക്കൂ.'. ; പാര്‍ലമെന്റ് വളപ്പില്‍ പ്രതിഷേധ മാര്‍ച്ച് ; കാര്‍ഷിക ബില്ലിനെതിരെ പ്രതിപക്ഷം ഇന്ന് രാഷ്ട്രപതിയെ കാണും

ന്യൂഡല്‍ഹി : കാര്‍ഷിക ബില്ലിനെതിരെ പ്രക്ഷോഭരംഗത്തുള്ള പ്രതിപക്ഷ എംപിമാര്‍ ഇന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദുമായി കൂടിക്കാഴ്ച നടത്തും. വൈകീട്ട് അഞ്ചിനാണ് കൂടിക്കാഴ്ച. ബില്ലിനെതിരായ ആക്ഷേപങ്ങള്‍ പ്രതിപക്ഷ എംപിമാര്‍ രാഷ്ട്രപതിയെ അറിയിക്കും. കര്‍ഷക ദ്രോഹ ബില്ലിന് അംഗീകാരം നല്‍കരുതെന്നും എംപിമാര്‍ അഭ്യര്‍ത്ഥിക്കും. 

രാജ്യസഭ പ്രതിപക്ഷ നേതാവ് ഗുലാം നബി ആസാദിന്റെ ഓഫീസില്‍ ചേര്‍ന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗമാണ് രാഷ്ട്രപതിയെ സന്ദര്‍ശിച്ച് പ്രതിഷേധം അറിയിക്കാന്‍ തീരുമാനിച്ചത്. കോവിഡ് സാഹചര്യം മുന്‍നിര്‍ത്തി അഞ്ച് പ്രതിപക്ഷ നേതാക്കള്‍ക്കാണ് രാഷ്ട്രപതിയുടെ ഓഫീസ് സന്ദര്‍ശനാനുമതി നല്‍കിയിട്ടുള്ളത്. 

രാഷ്ട്രപതിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം ബില്ലിനെതിരെയുള്ള തുടര്‍നടപടികളില്‍ തീരുമാനമെടുക്കാമെന്നാണ് പ്രതിപക്ഷ പാര്‍ട്ടികളുടെ ധാരണ. കേന്ദ്രസര്‍ക്കാര്‍ നിലപാടില്‍ പ്രതിഷേധിച്ച് പ്രതിപക്ഷ പാര്‍ട്ടികള്‍ ഇന്ന് പാര്‍ലമെന്റ് നടപടികള്‍ ബഹിഷ്‌കരിച്ചിരുന്നു. 

പാര്‍ലമെന്റ് പരിസരത്ത് പ്രതിപക്ഷ എംപിമാര്‍ കര്‍ഷക ബില്ലിനെതിരെ പ്രതിഷേധമാര്‍ച്ചും നടത്തി. കര്‍ഷകരെ രക്ഷിക്കൂ, തൊഴിലാളികളെ രക്ഷിക്കൂ, ജനാധിപത്യം രക്ഷിക്കൂ തുടങ്ങിയ പ്ലക്കാര്‍ഡുകളും പിടിച്ചായിരുന്നു മാര്‍ച്ച്. കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ്, തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് ഡെറക് ഒബ്രയാന്‍, എന്‍സിപി നേതാവ് പ്രഫുല്‍ പട്ടേല്‍ തുടങ്ങിയവര്‍ പ്രതിഷേധത്തില്‍ പങ്കെടുത്തു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com