മയക്കുമരുന്ന് കേസ് മുന്‍നിര താരങ്ങളിലേക്ക് ;  ദീപിക പദുക്കോണ്‍ എന്‍സിബിക്ക് മുന്നില്‍ ( വീഡിയോ)

ലഹരിമരുന്ന് ആവശ്യപ്പെട്ട് ദീപിക നടത്തിയ വാട്‌സ് ആപ്പ് ചാറ്റ് എന്‍സിബിക്ക് ലഭിച്ചിട്ടുണ്ട്
മയക്കുമരുന്ന് കേസ് മുന്‍നിര താരങ്ങളിലേക്ക് ;  ദീപിക പദുക്കോണ്‍ എന്‍സിബിക്ക് മുന്നില്‍ ( വീഡിയോ)

മുംബൈ: നടന്‍ സുശാന്ത് സിങ് രാജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട മയക്കുമരുന്നു കേസില്‍ നടി നടി ദീപിക പദുക്കോണിനെ നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ ചോദ്യം ചെയ്യുകയാണ്. രാവിലെ 9. 45 ഓടെ നടി ചോദ്യം ചെയ്യലിനായി മുംബൈ കൊളാബയിലെ എന്‍സിബി ഓഫീസില്‍ ഹാജരായി. സിനിമാമേഖലയിലെ മയക്കുമരുന്ന് ഇടപാടുമായി ബന്ധപ്പെട്ടാണ് പ്രധാനമായും ദീപികയെ ചോദ്യം ചെയ്യുന്നത്. 

കേസില്‍ അറസ്റ്റിലായ റിയ ചക്രവര്‍ത്തിയുടെ വാട്‌സ്ആപ്പ് ചാറ്റില്‍ നിന്നും ബോളിവുഡ് നടിമായാ ദീപിക പദുക്കോണ്‍, സാറ അലിഖാന്‍, ശ്രദ്ധ കപൂര്‍, രാകുല്‍ പ്രീത് സിങ് തുടങ്ങിയവരുടെ പേരുകള്‍ ലഭിച്ചിരുന്നു. കൂടാതെ ദീപികയും ശ്രദ്ധ കപൂറും മയക്കുമരുന്ന് ആവശ്യപ്പെട്ട് നടത്തിയ സന്ദേശങ്ങളും എന്‍സിബിക്ക് ലഭിച്ചിരുന്നു. 

കഞ്ചാവ് വാങ്ങിയതുമായി ബന്ധപ്പെട്ടുള്ള വാട്‌സാപ് സന്ദേശങ്ങളുടെ അടിസ്ഥാനത്തിലാണു രാകുല്‍പ്രീതിനെയും കരീഷ്മ പ്രകാശിനെയും ചോദ്യം ചെയ്തത്. 2017 ഒക്ടോബറില്‍ ലഹരിമരുന്ന് ആവശ്യപ്പെട്ട് ദീപിക നടത്തിയ വാട്‌സ് ആപ്പ് ചാറ്റ് എന്‍സിബിക്ക് ലഭിച്ചിട്ടുണ്ട്. ഈ ചാറ്റ് നടത്തിയത് ഒരു വാട്‌സ് ആപ്പ് ഗ്രൂപ്പിലാണെന്നും അതിന്റെ അഡ്മിന്‍ ദീപികയാണെന്നും ഉള്ള പുതിയ വിവരങ്ങള്‍ കൂടി അന്വേഷണ സംഘം വ്യക്തമാക്കി. 

നടിമാരായ സാറ അലിഖാന്‍, ശ്രദ്ധ കപൂര്‍ എന്നിവരോടും ഇന്ന് ഹാജരാകാന്‍ എന്‍സിബി നിര്‍ദേശിച്ചിട്ടുണ്ട്. കഴിഞ്ഞദിവസം ദീപികയുടെ മാനേജര്‍ കരീഷ്മ പ്രകാശിനെയും നടി രാകുല്‍ പ്രീത് സിങ്ങിനെയും ചോദ്യം ചെയ്തിരുന്നു. നാലു മണിക്കൂറോളമാണ് നടി രാകുല്‍ പ്രീതിനെ ചോദ്യം ചെയ്തത്. മയക്കുമരുന്ന് കേസില്‍ നടി റിയ ചക്രവര്‍ത്തി പിടിയിലായതിന് പിന്നാലെയാണ് ബോളിവുഡിലെ കൂടുതല്‍ താരങ്ങള്‍ ലഹരിമരുന്ന് ഉപയോഗിക്കുന്നതായി കണ്ടെത്തിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com