അണ്‍ലോക്ക്- 5 മാര്‍ഗനിര്‍ദേശം ഇന്ന്; കൂടുതല്‍ ഇളവുകള്‍ക്ക് സാധ്യത, അറിയേണ്ടതെല്ലാം

ഒക്ടോബര്‍ ഒന്ന് മുതല്‍ രാജ്യത്ത് പ്രാബല്യത്തില്‍ വരുന്ന അണ്‍ലോക്ക്- 5 മാര്‍ഗനിര്‍ദേശങ്ങള്‍ ഇന്ന് കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിക്കും
ചിത്രം: പിടിഐ
ചിത്രം: പിടിഐ

ന്യൂഡല്‍ഹി: ഒക്ടോബര്‍ ഒന്ന് മുതല്‍ രാജ്യത്ത് പ്രാബല്യത്തില്‍ വരുന്ന അണ്‍ലോക്ക്- 5 മാര്‍ഗനിര്‍ദേശങ്ങള്‍ ഇന്ന് കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിക്കും. 
സിനിമാ തിയേറ്റര്‍, ടൂറിസം മേഖല അടക്കം വിവിധ മേഖലകളില്‍ കൂടുതല്‍ ഇളവുകള്‍ അനുവദിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം സെപ്റ്റംബര്‍ 21 മുതല്‍ സ്‌കൂളുകള്‍ ഭാഗികമായി തുറക്കാന്‍ അനുവദിച്ച തീരുമാനം തുടരാനാണ് സാധ്യത.

കോവിഡ് വ്യാപനം തടയുന്നതിന് പ്രഖ്യാപിച്ച ലോക്ക്ഡൗണില്‍ നിന്ന് ഘട്ടം ഘട്ടമായി പുറത്തേയ്ക്ക് വരികയാണ് രാജ്യം. സമ്പദ്വ്യവസ്ഥ പൂര്‍വ്വസ്ഥിതിയിലാകാന്‍ ലക്ഷ്യമിട്ട് അണ്‍ലോക്ക്- 4 മാര്‍ഗനിര്‍ദേശത്തില്‍ നിരവധി ഇളവുകളാണ് പ്രഖ്യാപിച്ചത്. പൊതു പരിപാടികളില്‍ 100 പേര്‍ക്ക് വരെ പങ്കെടുക്കാം എന്നത് ഉള്‍പ്പെടെയുളള ഇളവുകളാണ് ഇതില്‍ പ്രധാനം. സ്‌കൂളുകള്‍ ഭാഗികമായി തുറക്കാനും അനുവദിച്ചു. 9 മുതല്‍ പന്ത്രണ്ടാം ക്ലാസ് വരെയുളള കുട്ടികള്‍ക്ക് സ്‌കൂളുകളില്‍ പോകാനാണ് ഉപാധികളോടെ അനുമതി നല്‍കിയത്. എന്നാല്‍ ആറുമാസമായി അടഞ്ഞു കിടക്കുന്ന സിനിമാ തിയേറ്ററുകളുടെ കാര്യത്തില്‍ ഇതുവരെ തീരുമാനം ഉണ്ടായിട്ടില്ല.

നിയന്ത്രണങ്ങളോടെ ഒക്ടോബര്‍ ഒന്നുമുതല്‍ തിയേറ്ററുകള്‍ തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുവദിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. സെപ്റ്റംബര്‍ 21 മുതല്‍ ഓപ്പണ്‍ എയര്‍ തിയേറ്ററുകള്‍ തുറക്കാന്‍ അനുവദിച്ചിട്ടുണ്ട്. ഒക്ടോബര്‍ ഒന്നോടെ സിനിമാ തിയേറ്ററുകളും നിയന്ത്രണങ്ങളോടെ തുറക്കാന്‍ അനുവദിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. സാമൂഹിക അകലം പാലിക്കുന്നതിന്റെ ഭാഗമായി ഒന്നിടവിട്ടുളള സീറ്റുകളില്‍ മാത്രമേ ആളുകളെ ഇരുത്താന്‍ സാധ്യതയുളളൂ. പശ്ചിമ ബംഗാളില്‍ ഒക്ടോബര്‍ ഒന്നുമുതല്‍ സിനിമ ഹാളുകള്‍ പ്രവര്‍ത്തിച്ചു തുടങ്ങുമെന്ന് മമത സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

കോവിഡ് വ്യാപനം തടയുന്നതിനുളള ലോക്ക്ഡൗണ്‍ ഏറ്റവുമധികം ബാധിച്ചത് ടൂറിസം മേഖലയിലാണ്. താജ്മഹല്‍ ഉള്‍പ്പെടെ സുപ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ തുറക്കാന്‍ അനുവദിച്ചിട്ടുണ്ട്. അണ്‍ലോക്ക്- 5 മാര്‍ഗനിര്‍ദേശത്തില്‍ മേഖലയില്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിക്കുമെന്നാണ് കരുതുന്നത്. അതേസമയം സെപ്റ്റംബര്‍ 21 മുതല്‍ സ്‌കൂളുകള്‍ ഭാഗികമായി തുറക്കാന്‍ അനുവദിച്ച തീരുമാനം തുടരാനാണ് സാധ്യത. 9 മുതല്‍ പന്ത്രണ്ടാം ക്ലാസ് വരെയുളള കുട്ടികള്‍ക്ക് സ്‌കൂളുകളില്‍ പോകുന്നതിന് ഉപാധികളോടെ നല്‍കിയ അനുമതി തുടരാനാണ് സാധ്യതയെന്നാണ് റിപ്പോര്‍ട്ടുകള്‍.

നിലവില്‍ മാളുകള്‍, ഹോട്ടലുകള്‍, ജിമ്മുകള്‍ തുടങ്ങിയവ തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുവദിച്ചിട്ടുണ്ട്. സമ്പദ്വ്യവസ്ഥയെ പൂര്‍വ്വസ്ഥിതിയില്‍ ആക്കുന്നതിന്റെ ഭാഗമായാണ് നടപടികള്‍ സ്വീകരിച്ചത്. ഇത് അണ്‍ലോക്ക്- 5 മാര്‍ഗനിര്‍ദേശത്തിലും തുടരാനാണ് സാധ്യത. കഴിഞ്ഞ ദിവസം രോഗവ്യാപനം രൂക്ഷമായി തുടരുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായുളള യോഗത്തില്‍ രാജ്യത്തിന്റെ സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടുപോകേണ്ടതിന്റെ ആവശ്യകത പ്രധാനമന്ത്രി നരേന്ദ്രമോദി ചൂണ്ടിക്കാട്ടിയിരുന്നു. കണ്ടെയ്ന്‍മെന്റ് സോണുകള്‍, ലോക്ക്ഡൗണ്‍ എന്നിവയുടെ കാര്യത്തില്‍ പുനരാലോചനകള്‍ വേണമെന്നും മോദി ആവശ്യപ്പെട്ടിരുന്നു. മൈക്രോ കണ്ടെയ്ന്‍മെന്റ് സോണുകളില്‍ ഊന്നിയുളള കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോകാനാണ് മോദി മുഖ്യമായി ആവശ്യപ്പെട്ടത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com