'ഗംഗാമാതാവിന്റെ അനുഗ്രഹമുണ്ട്, കൊറോണ പിടിക്കില്ല' : ഉത്തരാഖണ്ഡ് മുഖ്യമന്ത്രി

കുംഭമേളയും നിസാമുദ്ദീന്‍ മര്‍ക്കസിലെ സമ്മേളനവും ഒരിക്കലും താരതമ്യം ചെയ്യാനാകില്ല
തീരഥ് സിങ് റാവത്ത് / ട്വിറ്റര്‍ ചിത്രം
തീരഥ് സിങ് റാവത്ത് / ട്വിറ്റര്‍ ചിത്രം

ഡെറാഡൂണ്‍ : ജനങ്ങളുടെ ആരോഗ്യത്തിന് പ്രാധാന്യമുണ്ടെങ്കിലും വിശ്വാസപരമായ കാര്യങ്ങള്‍ പൂര്‍ണമായും അവഗണിക്കാനാവില്ലെന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി തീരഥ് സിങ് റാവത്ത്. കുംഭമേളയും ഡല്‍ഹി നിസാമുദ്ദീന്‍ മര്‍ക്കസിലെ സമ്മേളനവും ഒരിക്കലും താരതമ്യം ചെയ്യാനാവില്ലെന്നും റാവത്ത് പറഞ്ഞു. കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ കുംഭമേളയുടെ നടത്തിപ്പ് സംബന്ധിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. 

കുംഭമേളയും നിസാമുദ്ദീന്‍ മര്‍ക്കസും ഒരിക്കലും താരതമ്യം ചെയ്യാനാകില്ല. മര്‍ക്കസിലെ സമ്മേളനം നടന്നത് അടച്ചിട്ട സ്ഥലത്തായിരുന്നു. ആളുകളെല്ലാം ഹാളുകളിലാണ് കിടന്നത്. അതുകൊണ്ടുതന്നെ സമ്പര്‍ക്കത്തിനും സാധ്യതയേറെയാണ്. എന്നാല്‍ കുംഭമേള നടക്കുന്നത് ഗംഗയുടെ കടവുകളില്‍ തുറസ്സായ സ്ഥലങ്ങളിലാണ്. റിഷികേശ് മുതല്‍ നില്‍കാന്ത് വരെ 16 ഓളം ഘട്ടുകളിലാണ്.  മാത്രമല്ല, കുംഭമേളയില്‍ വിദേശത്തുനിന്നുള്ളവര്‍ പങ്കെടുക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. 

വ്യത്യസ്ത ഘട്ടുകളിലുള്ള ഭക്തര്‍ വ്യത്യസ്ത സമയങ്ങളിലാണ് സ്‌നാനം നടത്തുന്നത്. അതിനേക്കാള്‍ പ്രധാനം കുംഭമേള നടക്കുന്നത് ഗംഗാനദിയുടെ കരയിലാണ്. ഗംഗാമാതാവിന്റെ അനുഗ്രഹമാണ് ഒഴുകുന്നത്. അതുകൊണ്ട് തന്നെ കൊറോണ പിടിക്കില്ല. ഉത്തരാഖണ്ഡ് മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.

മര്‍ക്കസ് നടന്ന സമയത്ത് കൊറോണ വൈറസിനെക്കുറിച്ച് അവബോധമുണ്ടായിരുന്നില്ല. കോവിഡ് സംബന്ധിച്ച് മാര്‍ഗ നിര്‍ദേശങ്ങളുമുണ്ടായിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ കോവിഡിനെ സംബന്ധിച്ച് എല്ലാവര്‍ക്കും അവബോധമുണ്ട്.

ഹരിദ്വാറില്‍ പ്രവേശിക്കുന്നതിന് മുമ്പ് അതിര്‍ത്തി കേന്ദ്രങ്ങളില്‍ ആളുകളെ പരിശോധിക്കുന്നുണ്ട്. കോവിഡ് കേസുകള്‍ കൂടുന്നുണ്ടെങ്കിലും ആരോഗ്യമന്ത്രാലയത്തിന്റെ എല്ലാ നിര്‍ദേശങ്ങളും പാലിക്കുന്നുണ്ടെന്നും ഏത് സാഹചര്യവും നേരിടാന്‍ ഒരുക്കങ്ങള്‍ ചെയ്തിട്ടുണ്ടെന്നും മുഖ്യമന്ത്രി തീരഥ് സിങ് റാവത്ത് പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com