മിസോറമിലേക്കുള്ള നാല് ട്രക്കുകള്‍ അസം അതിര്‍ത്തിയില്‍ തകര്‍ത്തു; സംഘര്‍ഷത്തില്‍ അയവില്ല

മിസോറമിലേക്കുള്ള നാല് ട്രക്കുകള്‍ അസം അതിര്‍ത്തിയില്‍ തകര്‍ത്തു; അതിര്‍ത്തി സംഘര്‍ഷത്തില്‍ അയവില്ല
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

ഗുവാഹത്തി: അസം- മിസോറം അതിര്‍ത്തി സംഘര്‍ഷത്തില്‍ ഇപ്പോഴും അയവു വന്നിട്ടില്ലെന്ന് റിപ്പോര്‍ട്ടുകള്‍. വെള്ളിയാഴ്ച രാത്രിയും അതിര്‍ത്തിയില്‍ സംഘര്‍ഷമുണ്ടായതായാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. അസമിലെ കചാര്‍ ജില്ലയിലാണ് വെള്ളിയാഴ്ച സംഘര്‍ഷമുണ്ടായത്. 

മിസോറമിലേക്ക് പോകുകയായിരുന്ന നാല് ട്രക്കുകള്‍ അസമില്‍ വച്ച് തകര്‍ത്തെന്ന് ആരോപിച്ചാണ് സംഘര്‍ഷം വീണ്ടും ഉടലെടുത്തത്. കചാര്‍ ജില്ലയില്‍ വച്ചാണ് ട്രക്കുകള്‍ തകര്‍ത്തെന്ന ആരോപണത്തിന് പിന്നാലെയായിരുന്നു സംഘര്‍ഷം. മിസോറമിലേക്കുള്ള ചരക്കു വാഹനങ്ങള്‍ക്ക് പോകാന്‍ അസം സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു. എന്നാല്‍ ഈ ഉത്തരവ് കാറ്റില്‍പ്പറത്തിയാണ് ട്രക്കുകള്‍ തകര്‍ത്തത് എന്നാണ് ഇപ്പോള്‍ ഉയരുന്ന ആരോപണം. 

അസമിലെ കരിംഗഞ്ചില്‍ നിന്ന് മുട്ടകളുമായി മിസോറമിലേക്ക് പോകുകയായിരുന്ന ട്രക്കുകളാണ് കചാര്‍ ജില്ലയില്‍ വച്ച് പ്രദേശ വാസികള്‍ തടഞ്ഞത്. സാധനങ്ങളുമായി എങ്ങോട്ടാണ് പോകുന്നതെന്ന് ജനക്കൂട്ടം തിരക്കിയപ്പോള്‍ മിസോറമിലേക്കാണെന്ന് ഡ്രൈവര്‍ മറുപടി നല്‍കി. ഇതിന് പിന്നാലെ ആള്‍ക്കൂട്ടം ട്രക്കുകള്‍ തല്ലിത്തകര്‍ക്കുകയും മുട്ടകള്‍ റോഡില്‍ വലിച്ചെറിയുകയുമായിരുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. 

സംഭവത്തിന് പിന്നാലെ പൊലീസ് സ്ഥലത്തെത്തി സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാക്കി. 

ജൂലൈ 26 ന് അതിര്‍ത്തിയില്‍ രണ്ട് സംസ്ഥാനങ്ങളിലെയും പൊലീസ് സേനകള്‍ തമ്മിലുള്ള ഏറ്റുമുട്ടലിനെ തുടര്‍ന്നാണ് അസം മിസോറം സംഘര്‍ഷം ഉടലെടുത്തത്. ആറ് അസം പൊലീസ് ഉദ്യോഗസ്ഥരും ഒരു സാധാരണക്കാരനും ഉള്‍പ്പെടെ ഏഴ് പേര്‍ മരിക്കുകയും 50 ലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. 

കഴിഞ്ഞ ദിവസം ഇരു സംസ്ഥാനങ്ങളിലേയും സര്‍ക്കാരുകള്‍ ഒരു സംയുക്ത പ്രസ്താവനയില്‍ ഒപ്പുവച്ചിരുന്നു. അതിര്‍ത്തിയില്‍ നിലനില്‍ക്കുന്ന സംഘര്‍ഷങ്ങള്‍ പരിഹരിക്കാനും ചര്‍ച്ചകളിലൂടെ ശാശ്വത പരിഹാരങ്ങള്‍ കണ്ടെത്താനും തീരുമാനവുമെടുത്തു. മിസോറാമിലേക്ക് വാഹനങ്ങള്‍ പോകാന്‍ അനുവദിക്കണമെന്ന് വെള്ളിയാഴ്ച അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ ജനങ്ങളോട് അഭ്യര്‍ത്ഥിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഇതിന് പിന്നാലെയായിരുന്നു വീണ്ടും സംഘര്‍ഷം ഉടലെടുത്തത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com