ലണ്ടനില്‍ കാറപകടത്തില്‍ മരിച്ചയാളുടെ നോമിനി, ലഭിക്കുന്നത് 130 കോടി രൂപ; ടെക്കിയെ പറ്റിച്ച് തട്ടിയത് 60 ലക്ഷം, അറസ്റ്റ് 

രണ്ട് വർഷമായി പിന്തുടർന്നാണ് യുവാവിനെ തട്ടിപ്പിനിരയാക്കിയത്. 
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

നോയിഡ: സോഫ്റ്റ് വെയര്‍ എഞ്ചിനിയറെ പറ്റിച്ച് 60 ലക്ഷം രൂപ തട്ടിയ സംഭവത്തില്‍ മൂന്ന് പേര്‍ അറസ്റ്റില്‍. തരുണ്‍ എന്ന യുവാവാണ് തട്ടിപ്പിനിരയായത്. ലണ്ടനില്‍ മരിച്ച ആളുടെ നോമിനിയായി കണ്ടെത്തിയത് തരുണിനെ ആണെന്നും ഇയാളുടെ പണം ലഭിക്കുമെന്നും അറിയിച്ചാണ് സംഘം യുവാവിനെ സമീപിച്ചത്. 

രണ്ട് വര്‍ഷം മുമ്പാണ് തട്ടിപ്പുസംഘം തരുണിനെ ബന്ധപ്പെടുന്നത്. 2019 ജനുവരിയില്‍ അഡ്വക്കേറ്റിന്റെ പേരില്‍ അയച്ച ഇ-മെയിലില്‍ നിന്നാണ് തുടക്കം. ഇന്ത്യന്‍ വംശജനായ ഒരാള്‍ 2015ല്‍ ലണ്ടനില്‍ വച്ചുണ്ടായ കാറപകടത്തില്‍ മരിച്ചെന്നും അദ്ദേഹത്തിന്റെ നോമിനിയായി കണ്ടെത്തിയത് തരുണിനെ ആണെന്നുമായിരുന്നു സന്ദേശം. ഗോത്രങ്ങള്‍ താരതമ്യം ചെയ്തപ്പോഴാണ് ഇരുവരും തമ്മില്‍ ബന്ധപ്പെടുത്താന്‍ കഴിഞ്ഞതെന്ന് മെയിലില്‍ പറഞ്ഞിരുന്നു. 

130 കോടിയോളം രൂപ മരിച്ച വ്യക്തിയുടെ പേരിലുണ്ടെന്നും ഇതിന്റെ നോമിനി തരുണ്‍ ആണെന്നുമായിരുന്നു അറിയിച്ചത്. എന്നാല്‍ പണത്തിന്റെ പകുതി അഡ്വക്കേറ്റ് എഡ്ഡിയുടെ കമ്മീഷന്‍ ആണെന്ന് മെയിലില്‍ സൂചിപ്പിച്ചു. ഇതിനുപിന്നാലെ യു കെ അറ്റോണി, നെറ്റിക്‌സ് ബാങ്ക് ലണ്ടന്‍, തുടങ്ങിയ ഇമെയില്‍ ഐഡികളില്‍ നിന്ന് മെയില്‍ ലഭിച്ചുകൊണ്ടിരുന്നു. ഇതുവഴി ലഭിച്ച ഡോക്യുമെന്റുകള്‍ തരുണ്‍ പൂരിപ്പിച്ചു നല്‍കി. 

ആര്‍ബിഐ മുംബൈയിലേക്ക് പണം ട്രാന്‍സ്ഫര്‍ ചെയ്തിട്ടുണ്ടെന്നാണ് അറിയിച്ചത്. ഇതിനുപിന്നാലെ ഡെറാഡൂണിലെ വിദേശ കറന്‍സി എക്‌സ്‌ചേഞ്ച് ഡിപ്പാര്‍ട്ട്‌മെന്റില്‍ നിന്നും ഇമെയില്‍ ലഭിച്ചു. ഇതോടെ 25 ബാങ്ക് അക്കൗണ്ടുകളിലായി കസ്റ്റംസ് ഡ്യൂട്ടി, രജിസ്ട്രി സര്‍വീസ്, പിന്തുടര്‍ച്ചാവകാശത്തിനുള്ള നിയമപ്രക്രിയയ്ക്ക് വേണ്ട പണം എന്നിങ്ങനെ പല ആവശ്യങ്ങള്‍ അറിയിച്ചാണ് തുക ആവശ്യപ്പെട്ടത്. 60 ലക്ഷത്തോളം രൂപയാണ് ഇത്തരത്തില്‍ തരുണ്‍ പല അക്കൗണ്ടുകളിലായി നിക്ഷേപിച്ചത്. 

സംഭവത്തില്‍ അക്കീലുദ്ദീന്‍ (30), അനീസ് അഹമ്മദ് (23), അസ്ലീം ഖാന്‍(23) എന്നിവരാണ് അറസ്റ്റിലായത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com