ഇന്ത്യയുടെ ആദ്യത്തെ 'ആകാശക്കണ്ണ്', ഇഒഎസ്-03 ഉപഗ്രഹ വിക്ഷേപണം നാളെ; അറിയേണ്ടതെല്ലാം

 ഭൗമ നിരീക്ഷണ ഉപഗ്രഹമായ ഇഒഎസ്-03 ന്റെ വിക്ഷേപണം നാളെ
ഭൗമ നിരീക്ഷണ ഉപഗ്രഹമായ ഇഒഎസ്-03, ഐഎസ്ആര്‍ഒ ട്വിറ്റര്‍ ചിത്രം
ഭൗമ നിരീക്ഷണ ഉപഗ്രഹമായ ഇഒഎസ്-03, ഐഎസ്ആര്‍ഒ ട്വിറ്റര്‍ ചിത്രം

ന്യൂഡല്‍ഹി:  ഭൗമ നിരീക്ഷണ ഉപഗ്രഹമായ ഇഒഎസ്-03 ന്റെ വിക്ഷേപണം നാളെ. വിക്ഷേപണത്തിന് മുന്നോടിയായുള്ള കൗണ്ട് ഡൗണ്‍ ബഹിരാകാശ ഗവേഷണ സ്ഥാപനമായ ഐഎസ്ആര്‍ഒ ആരംഭിച്ചു. വ്യാഴാഴ്ച പുലര്‍ച്ചെ 5.43നാണ് വിക്ഷേപം. ജിഎസ്എല്‍വി- എഫ്10 റോക്കറ്റാണ് ഉപഗ്രഹത്തെ ഭ്രമണപഥത്തില്‍ എത്തിക്കുക.

ഭ്രമണപഥത്തില്‍ എത്തിക്കുന്ന രാജ്യത്തെ ആദ്യത്തെ ഭൗമ നിരീക്ഷണ ഉപഗ്രഹമാണ് ഇഒഎസ്-03. അത്യാധുനിക സാങ്കേതികവിദ്യ ഉപയോഗിച്ചാണ് ഉപഗ്രഹം നിര്‍മ്മിച്ചത്. 2268 കിലോഗ്രാമാണ് ഉപഗ്രഹത്തിന്റെ ഭാരം.

കേവലം 18 മിനിറ്റിനകം ജിഎസ്എല്‍വി- എഫ് 10 റോക്കറ്റ് ഉപഗ്രഹത്തെ ഭ്രമണപഥത്തില്‍ എത്തിക്കും.റോക്കറ്റിന് 51.70 മീറ്ററാണ് നീളം. 416 ടണ്‍ ഭാരവുമുണ്ട്. ഭ്രമണപഥത്തില്‍ എത്തുന്ന ഉപഗ്രഹം സ്വന്തം പ്രോപല്‍ഷന്‍ സംവിധാനം ഉപയോഗിച്ച് മുന്നോട്ടുനീങ്ങി നിര്‍ദിഷ്ട സ്ഥാനത്ത് എത്തിച്ചേരും. തുടര്‍ന്ന് ഭൂമിയുടെ കറക്കത്തിന് അനുസരിച്ച് ഉപഗ്രഹത്തിന്റെ ദിശയും ക്രമീകരിക്കും. ഇതോടെ ഭൗമ നിരീക്ഷണം കാര്യക്ഷമമായി നിര്‍വഹിക്കാന്‍ സാധിക്കുമെന്നാണ് വിലയിരുത്തല്‍.

2020 മാര്‍ച്ചില്‍ വിക്ഷേപണം നടത്താനാണ് ആദ്യം നിശ്ചയിച്ചിരുന്നത്. എന്നാല്‍ സാങ്കേതികപ്രശ്‌നങ്ങളെ തുടര്‍ന്ന് വിക്ഷേപണം നീട്ടിവെയ്ക്കുകയായിരുന്നു. പ്രകൃതി ദുരന്തം, ഉള്‍പ്പെടെ ഭൂമിയില്‍ ഉണ്ടാകുന്ന ചലനങ്ങള്‍ വേഗത്തില്‍ നിരീക്ഷിച്ച് വിവരങ്ങള്‍ കൈമാറാന്‍ സാധിക്കുമെന്നതാണ് ഉപഗ്രഹത്തിന്റെ പ്രത്യേകത. ദുരന്ത മുന്നറിയിപ്പ്, ചുഴലിക്കാറ്റ് നിരീക്ഷണം തുടങ്ങി നിര്‍ണായക രംഗങ്ങളിലും ഉപഗ്രഹത്തിന് മികച്ച സംഭാവന നല്‍കാന്‍ സാധിക്കും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com