അന്ന്‌ അനുമതിക്കായി ഉദ്യോഗസ്ഥരുടെ കാലില്‍ വീഴേണ്ടി വന്നു, ഇന്ന് ചുവപ്പുനാട കുറഞ്ഞു; മോദി സര്‍ക്കാരിനെ പ്രകീര്‍ത്തിച്ച് സൈറസ് പൂനവാല

വ്യവസായ സൗഹൃദ നയമാണ് മോദി സര്‍ക്കാര്‍ പിന്തുടരുന്നതെന്ന് പ്രമുഖ വാക്‌സിന്‍ നിര്‍മ്മാതാക്കളായ സിറം ഇന്‍സ്റ്റിറ്റിയൂട്ട് ചെയര്‍മാന്‍ ഡോ സൈറസ് പൂനവാല
സൈറസ് പൂനവാല, ഫയല്‍
സൈറസ് പൂനവാല, ഫയല്‍

മുംബൈ: വ്യവസായ സൗഹൃദ നയമാണ് മോദി സര്‍ക്കാര്‍ പിന്തുടരുന്നതെന്ന് പ്രമുഖ വാക്‌സിന്‍ നിര്‍മ്മാതാക്കളായ സിറം ഇൻസ്റ്റിറ്റ്യൂട്ട് ചെയര്‍മാന്‍ ഡോ സൈറസ് പൂനവാല. മോദി സര്‍ക്കാരിന്റെ ഭരണത്തിന് കീഴില്‍ ലൈസന്‍സ്‌രാജും ചുവപ്പുനാടയും കുറഞ്ഞതായും സൈറസ് പൂനവാല പറഞ്ഞു.

ലോക്മാന്യ തിലക് ട്രസ്റ്റിന്റെ ലോക്മാന്യത് തിലക് ദേശീയ അവാര്‍ഡ് സ്വീകരിച്ച് സംസാരിക്കുന്നതിനിടെയാണ് വ്യവസായ സൗഹൃദ അന്തരീക്ഷം സ്ഥാപിക്കുന്നതില്‍ മോദി സര്‍ക്കാര്‍ വഹിച്ച പങ്കിനെ സൈറസ് പൂനവാല പ്രകീര്‍ത്തിച്ചത്. മുന്‍കാലങ്ങളില്‍ വ്യവസായശാലകള്‍ നേരിട്ട ബുദ്ധിമുട്ടുകള്‍ വിവരിച്ച് കൊണ്ടായിരുന്നു നിലവിലെ സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെ അഭിനന്ദിച്ചത്.

50 വര്‍ഷം മുന്‍പ് അനുമതി ലഭിക്കുന്നതിന് നേരിട്ട ബുദ്ധിമുട്ടുകളാണ് അദ്ദേഹം ഓര്‍ത്തെടുത്തത്. അനുമതി ലഭിക്കുന്നതിന് ഉദ്യോഗസ്ഥവൃന്ദത്തില്‍ നിന്ന് ഉപദ്രവങ്ങള്‍ നേരിടേണ്ടി വന്നു. അനുമതി ലഭിക്കുന്നതിന് ഉദ്യോഗസ്ഥരുടെ കാലില്‍ വീഴേണ്ട അവസ്ഥ വരെ ഉണ്ടായതായും അദ്ദേഹം തുറന്നുപറഞ്ഞു.

ഇപ്പോള്‍ സാഹചര്യങ്ങള്‍ മാറി. അതുകൊണ്ടാണ് സിറം ഇൻസ്റ്റിറ്റ്യൂട്ടിന് കോവിഷീല്‍ഡ് വാക്‌സിന്‍  വേഗത്തില്‍ വിപണിയില്‍ എത്തിക്കാന്‍ സാധിച്ചതെന്നും സൈറസ് പൂനവാല പറഞ്ഞു.1966ലാണ് സിറം ഇൻസ്റ്റിറ്റ്യൂട്ട് പ്രവര്‍ത്തനം ആരംഭിച്ചത്. വൈദ്യുതി, വെള്ളം തുടങ്ങി അടിസ്ഥാന സൗകര്യങ്ങള്‍ നേടിയെടുക്കുന്നതിന് നിരവധി യാതനകള്‍ സഹിച്ചു. ഉദ്യോഗസ്ഥരില്‍ നിന്ന് കയ്‌പേറിയ അനുഭവങ്ങളാണ് ഉണ്ടായത്.

ആശയവിനിമയത്തിനും സാധനങ്ങള്‍ മറ്റൊരു സ്ഥലത്തേയ്ക്ക് കൊണ്ടുപോകുന്നതിനും നിരവധി കടമ്പകള്‍ കടക്കേണ്ടി വന്നതായും അദ്ദേഹം ഓര്‍ത്തു. എന്നാല്‍ മോദി സര്‍്ക്കാരിന്റെ ഭരണത്തിന് കീഴില്‍ ചുവപ്പുനാടയും ലൈസന്‍സ് രാജും കുറഞ്ഞു. എളുപ്പത്തില്‍ അനുമതി ലഭിക്കത്തക്കവിധം രാജ്യം വ്യവസായ സൗഹൃദമായെന്നും അദ്ദേഹം പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com