താലിബാന്‍ കൊന്നാല്‍ അത് ദൈവഹിതം; അഫ്ഗാനില്‍ തന്നെ തുടരും; അവസാന ഹിന്ദുപുരോഹിതന്‍ പറയുന്നു

താലിബാന്‍ തന്നെ കൊന്നാല്‍ അത് ദൈവഹിതമായി കണക്കാക്കുമെന്ന് ഹിന്ദു പുരോഹിതന്‍ രാജേഷ് പണ്ഡിറ്റ്‌ 
ചിത്രം ട്വിറ്റര്‍
ചിത്രം ട്വിറ്റര്‍

കാബൂള്‍: താലിബാന്‍ അധികാരം പിടിച്ചടക്കിയതോടെ അനിശ്ചിതത്വത്തിലായ അഫ്ഗാനില്‍ നിന്ന് പലായനം ചെയ്യുന്ന ആളുകളുടെ ദുരിതപൂര്‍ണമായ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. എന്നാല്‍ ഇതിനെല്ലാം അപവാദമായി അഫ്ഗാനില്‍ തന്നെ തുടരുകയാണ് രത്തന്‍നാഥ് ക്ഷേത്രത്തിലെ ഹിന്ദുപുരോഹിതനായ പണ്ഡിറ്റ് രാജേഷ് കുമാര്‍.

അഫ്ഗാനില്‍ താലിബാന്‍ ആക്രമണം തുടരുമ്പോള്‍ കാബൂള്‍ വിട്ടുപോകാന്‍ നിരവധി പേരാണ് അദ്ദേഹത്തോട് അഭ്യര്‍ഥിച്ചത്. പലരും ആവശ്യമായ സഹായങ്ങളും വാഗ്ദാനം ചെയ്തു. എന്നാല്‍  ക്ഷേത്രത്തോടുള്ള അചഞ്ചലമായ കൂറ് കാരണം അയാള്‍ രക്ഷപ്പെടാന്‍ മറ്റ് മാര്‍ഗങ്ങള്‍ തേടിയില്ല.

ഭരദ്വാജ് എന്നയാള്‍ ട്വിറ്ററില്‍ കുറിച്ചത് ഇങ്ങനെ; രത്തന്‍ നാഥ് ക്ഷേത്രത്തിലെ പുരോഹിതനായ പണ്ഡിറ്റ് രാജേഷ് കുമാര്‍ പറയുന്നു. കാബൂള്‍ വിട്ടുപോകാന്‍ കാബൂളിലെ ഹിന്ദുക്കള്‍ തന്നെ പ്രേരിപ്പിക്കുകയും മറ്റ് സഹായങ്ങളും വാഗ്ദാനം ചെയ്യുന്നു. എന്നാല്‍ തന്റെ പൂര്‍വ്വികര്‍ നൂറുകണക്കിന് വര്‍ഷങ്ങളായി ഈ ക്ഷേത്രത്തെ സേവിക്കുകയാണ്. അത് വിട്ടുപോകാന്‍ താന്‍ തയ്യാറല്ല. താലിബാന്‍ തന്നെ കൊന്നാല്‍ അത് ദൈവഹിതമായി കണക്കാക്കുമെന്നും അദ്ദേഹം പറഞ്ഞു.

അഫ്ഗാനിസ്ഥാനിലുള്ള ഇന്ത്യക്കാരെ നാട്ടിലെത്തിക്കുമെന്ന് വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. അവിടെയുള്ള സിഖ്, ഹിന്ദു സമുദായ പ്രതിനിധികളുമായി നിരന്തരം ബന്ധപ്പെടുന്നതായും വിദേശകാര്യ വക്താവ് അരിന്ദം ബാഗ്ചി പറഞ്ഞു.

കാബൂള്‍ പിടിച്ചെടുത്തതിന് പിന്നാലെ വിമതര്‍ വിജയിച്ചെന്ന് പറഞ്ഞ് പ്രസിഡന്റ് അഷറഫ് ഗനി അന്ന് തന്നെ രാജ്യം വിട്ടു. അതിന് പിന്നാലെ സുരക്ഷിത ഇടങ്ങള്‍ തേടിയുള്ള ജനങ്ങളുടെ പരക്കംപാച്ചിലിനിടെ ഞെട്ടിക്കുന്ന കാഴ്ചകളാണ് അഫ്ഗാനില്‍ നിന്ന് പുറത്തുവന്നത്. കാബൂള്‍ വിമാനത്താവളത്തില്‍ നിന്ന് പറന്നുയര്‍ന്ന വിമാനത്തില്‍ നിന്ന് ചിലര്‍ താഴേക്ക് പതിക്കുന്ന ഭീകരമായ ദൃശ്യങ്ങളും അതില്‍ ഉള്‍പ്പെടുന്നു. വിമാനത്തിന്റെ ടയറിന്റെ ഇടയില്‍ തൂങ്ങി യാത്ര ചെയ്തവരായിരുന്നു താഴേക്ക് പതിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com