ജസ്റ്റിസ് സി ടി രവികുമാര്‍ സുപ്രീംകോടതിയിലേക്ക് ; ഒമ്പത് പുതിയ ജഡ്ജിമാരെ നിയമിക്കാന്‍ കൊളീജിയം ശുപാര്‍ശ; ജസ്റ്റിസ് നാഗരത്‌ന ആദ്യ വനിതാ ചീഫ് ജസ്റ്റിസാകുമോ?

ഇതാദ്യമായാണ് മൂന്നു വനിതാ ജഡ്ജിമാരെ കൊളീജിയം ഒരുമിച്ച് ശുപാര്‍ശ ചെയ്യുന്നത്
ജസ്റ്റിസ് രവികുമാര്‍, ജസ്റ്റിസ് നാഗരത്‌ന / ഫയല്‍ ചിത്രം
ജസ്റ്റിസ് രവികുമാര്‍, ജസ്റ്റിസ് നാഗരത്‌ന / ഫയല്‍ ചിത്രം

ന്യൂഡല്‍ഹി : സുപ്രീംകോടതിയില്‍ ഒമ്പത് പുതിയ ജഡ്ജിമാരെ നിയമിക്കാന്‍ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ കൊളീജിയം സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തു. കേരള ഹൈക്കോടതി ജഡ്ജി സി ടി രവികുമാറും ജഡ്ജിമാരുടെ പട്ടികയില്‍ ഉള്‍പ്പെടുന്നു. പട്ടികയില്‍ മൂന്ന് വനിതാ ജഡ്ജിമാരും ഇടംപിടിച്ചിട്ടുണ്ട്. 

കേരള ഹൈക്കോടതിയിലെ സീനിയര്‍ ജഡ്ജിമാരില്‍ രണ്ടാമത്തെയാളാണ് ജസ്റ്റിസ് സി ടി രവികുമാര്‍. കര്‍ണാടക ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ബി വി നാഗരത്‌ന, തെലങ്കാന ഹൈക്കോടതി ജഡ്ജി ഹിമ കോഹ്‌ലി, ഗുജറാത്ത് ഹൈക്കോടതി ജഡ്ജി ബേല ത്രിവേദി എന്നിവരാണ് പട്ടികയില്‍ ഇടംപിടിച്ച വനിത ജഡ്ജിമാര്‍. 

ഇതാദ്യമായാണ് മൂന്നു വനിതാ ജഡ്ജിമാരെ കൊളീജിയം ഒരുമിച്ച് ശുപാര്‍ശ ചെയ്യുന്നത്. നിയമനം കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ചാല്‍ ജസ്റ്റിസ് ബി വി നാഗരത്‌ന 2027 ല്‍ സുപ്രീംകോടതിയിലെ ആദ്യ വനിതാ ചീഫ് ജസ്റ്റിസാകും. 1989 ല്‍ ഇന്ത്യയുടെ ചീഫ് ജസ്റ്റിസായിരുന്ന ഇ എസ് വെങ്കട്ടരാമയ്യയുടെ മകളാണ് ജസ്റ്റിസ് നാഗരത്‌ന.

കര്‍ണാടക ഹൈക്കോടതി ചീഫ് ജസ്റ്റിസ് അഭയ് ശ്രീനിവാസ് ഓഖ, ഗുജറാത്ത് ചീഫ് ജസ്റ്റിസ് വിക്രം നാഥ്, സിക്കിം ചീഫ് ജസ്റ്റിസ് ജിതേന്ദ്രകുമാര്‍ മഹേശ്വരി, മദ്രാസ് ഹൈക്കോടതി ജഡ്ജി എം എം സുന്ദരേശ് എന്നിവരാണ് സ്ഥാനക്കയറ്റത്തിന് കൊളീജിയം ശുപാര്‍ശ ചെയ്ത ജഡ്ജിമാര്‍. മുന്‍ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ പി എസ് നരസിംഹയെ നേരിട്ട് സുപ്രീംകോടതി ജഡ്ജിയാക്കാനും ശുപാശ നല്‍കിയിട്ടുണ്ട്. 

ചീഫ് ജസ്റ്റിസ് എന്‍ വി രമണ, ജഡ്ജിമാരായ യു യു ലളിത്, എ എം ഖാന്‍വില്‍ക്കര്‍, ഡി വൈ ചന്ദ്രചൂഡ്, എല്‍ നാഗേശ്വര റാവു എന്നിവരുള്‍പ്പെട്ട കൊളീജിയമാണ് ശുപാര്‍ശ നല്‍കിയത്. പുതിയ ജഡ്ജിമാരുടെ പട്ടിക കേന്ദ്ര നിയമമന്ത്രാലയത്തിന്റെ പരിഗണനയിലാണ്. രാജ്യത്തെ ഹൈക്കോടതി ജഡ്ജിമാരില്‍ ഏറ്റവും സീനിയറാണ് ജസ്റ്റിസ് അഭയ് ഓഖ.

അതേസമയം സീനിയര്‍ ജഡ്ജിയായ ത്രിപുര ഹൈക്കോടതി ചീഫ് ജസ്റ്റിസ് അകില്‍ ഖുറേഷി കൊളീജിയം ശുപാര്‍ശ ചെയ്ത പട്ടികയില്‍ ഇല്ല. നേരത്തെ കൊളീജിയത്തിലുണ്ടായിരുന്ന, വിരമിച്ച സുപ്രീംകോടതി ജഡ്ജി ആര്‍ എഫ് നരിമാന്‍ ജസ്റ്റിസ് ഖുറേഷിയെയും ജസ്റ്റിസ് ഓഖയെയും സുപ്രീംകോടതി ജഡ്ജിമാരാക്കണമെന്ന് നിര്‍ബന്ധം പിടിച്ചിരുന്നു.

ഗുജറാത്ത് ഹൈക്കോടതി ജഡ്ജിയായിരിക്കെ സെഹ്‌റാബുദ്ദീന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ അമിത് ഷായെ പൊലീസ് കസ്റ്റഡിയില്‍ വിട്ടുകൊണ്ട് ഉത്തരവ് പുറപ്പെടുവിച്ച ജഡ്ജിയാണ് ജസ്റ്റിസ് അകില്‍ അബ്ദുള്‍ ഹമീദ് ഖുറേഷി. ഖുറേഷിയെ നേരത്തെ മധ്യപ്രദേശ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആക്കണമെന്ന ശുപാര്‍ശയേയും കേന്ദ്രസര്‍ക്കാര്‍ എതിര്‍ത്തിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com