ഗുരുഗ്രന്ഥസാഹിബ് ചുമന്ന് ഹര്‍ദീപ് സിങ് പുരിയും വി മുരളീധരനും ; അഫ്ഗാനില്‍ നിന്നും 78 പേരെ കൂടി നാട്ടിലെത്തിച്ചു ; മലയാളി കന്യാസ്ത്രീയും സംഘത്തില്‍ ( വീഡിയോ)

22 സിഖുകാരും സിഖ് മതഗ്രന്ഥമായ ഗുരുഗ്രന്ഥസാഹിബിന്റെ മൂന്ന് പകര്‍പ്പും വിമാനത്തില്‍ ഡല്‍ഹിയിലെത്തിച്ചിട്ടുണ്ട്
കേന്ദ്രമന്ത്രിമാര്‍ ഗുരുഗ്രന്ഥസാഹിബ് ചുമന്നുകൊണ്ടു വരുന്നു / എഎന്‍ഐ
കേന്ദ്രമന്ത്രിമാര്‍ ഗുരുഗ്രന്ഥസാഹിബ് ചുമന്നുകൊണ്ടു വരുന്നു / എഎന്‍ഐ

ന്യൂഡല്‍ഹി : അഫ്ഗാനിസ്ഥാനില്‍ കുടുങ്ങിയ ഇന്ത്യാക്കാരെ നാട്ടിലെത്തിക്കാനുള്ള രക്ഷാദൗത്യം തുടരുകയാണ്. മലയാളി കന്യാസ്ത്രീ സിസ്റ്റര്‍ തെരേസ ക്രാസ്ത അടക്കം 78 പേരെ കൂടി ഡല്‍ഹിയിലെത്തിച്ചു. കാബൂളില്‍ നിന്ന് താജികിസ്ഥാന്‍ വഴിയാണ് ഇവരെ ഡല്‍ഹിയിലെത്തിച്ചത്. 

സിസ്റ്റേഴ്‌സ് ഓഫ് ചാരിറ്റിയിലെ അംഗങ്ങളെയും ഡല്‍ഹിയിലെത്തിച്ചിട്ടുണ്ട്. 22 സിഖുകാരും സിഖ് മതഗ്രന്ഥമായ ഗുരുഗ്രന്ഥസാഹിബിന്റെ മൂന്ന് പകര്‍പ്പും വിമാനത്തില്‍ ഇന്ത്യയിലെത്തിച്ചിട്ടുണ്ട്. ഇത് സ്വീകരിക്കാന്‍ കേന്ദ്രമന്ത്രിമാരായ ഹര്‍ദീപ് സിങ് പുരി, വി മുരളീധരന്‍ എന്നിവര്‍ വിമാനത്താവളത്തിലെത്തി. ഗുരുഗ്രന്ഥ സാഹിബ് കേന്ദ്രമന്ത്രിമാര്‍ ചുമന്ന് പുറത്തെത്തിച്ചു.

അതിനിടെ അഫ്ഗാനിസ്ഥാനില്‍ കുടുങ്ങിയ ഇന്ത്യക്കാരെ ഒഴിപ്പിക്കാന്‍ സഹായവുമായി കൂടുതല്‍ രാജ്യങ്ങള്‍ രംഗത്തെത്തി. ആറ് വിദേശ രാജ്യങ്ങളാണ് അവരുടെ രാജ്യത്തെ സ്ഥാപനങ്ങള്‍ക്ക് വേണ്ടി അഫ്ഗാനില്‍ ജോലി ചെയ്യുന്ന ഇന്ത്യക്കാരെ തിരിച്ചെത്തിക്കുക. അമേരിക്ക, ബ്രിട്ടണ്‍, ജര്‍മ്മനി, ഫ്രാന്‍സ്, യു.എ.ഇ., ഖത്തര്‍ എന്നീ രാജ്യങ്ങളാണ് ഇന്ത്യക്കാരെ ഒഴിപ്പിക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ നടപടികള്‍ക്ക് പിന്തുണയുമായി എത്തിയിരിക്കുന്നത്.

ആറുരാജ്യങ്ങളും അവര്‍ക്ക് വേണ്ടി ജോലി ചെയ്യുന്നവരെ കണ്ടെത്തി കാബൂളിലെ വിമാനത്താവളങ്ങളില്‍ നിന്ന് അതത് രാജ്യങ്ങളിലേക്ക് കൊണ്ടുപോകും. പിന്നീട് ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയത്തിന്റെ സഹായത്തോടെ ഇവരെ ഡല്‍ഹിയിലെത്തിക്കും. ഓഗസ്റ്റ് 31ന് മുമ്പ് മുഴുവന്‍ ഇന്ത്യക്കാരേയും കണ്ടെത്തി ഒഴിപ്പിക്കാനുള്ള കേന്ദ്രത്തിന്റെ തീരുമാനത്തിന് സഹായകരമാകുന്നതാണ് രാജ്യങ്ങളുടെ ഇടപെടല്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com