കുട്ടികള്‍ക്ക് വാക്‌സിനേഷന്‍ ഉടനില്ല ?; മുതിര്‍ന്നവര്‍ക്കുള്ള വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കിയതിനു ശേഷമെന്ന് റിപ്പോര്‍ട്ട് ; മാര്‍ഗരേഖ അടുത്തമാസം

12 മുതല്‍ 17 വരെ പ്രായമുള്ളവര്‍ക്കായുള്ള സൈഡസ് കാഡില്ലയുടെ വാക്‌സിനാണ് കേന്ദ്ര ഡ്രഗ്‌സ് റെഗുലേറ്റര്‍ അനുമതി നല്‍കിയത്
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

ന്യൂഡല്‍ഹി : കുട്ടികള്‍ക്കുള്ള  സൈഡസ് കാഡിലയുടെ വാക്‌സിന്‍ അടിയന്തര ഉപയോഗ അനുമതി നല്‍കിയെങ്കിലും, മുതിര്‍ന്നവര്‍ക്കുള്ള വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കിയതിനുശേഷം മാത്രമേ കൗമാരക്കാര്‍ക്കും കുട്ടികള്‍ക്കും സാര്‍വത്രികമായി വാക്‌സിനേഷന്‍ ലഭ്യമാകൂ. സൈക്കോവ് ഡി വാക്‌സിന്‍ ഒക്ടോബറില്‍ ആവശ്യത്തിന് ഡോസ് ലഭിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. 

അതിനുശേഷമാകും കുട്ടികള്‍ക്കുള്ള വാക്‌സിനേഷന്‍ ആരംഭിക്കുകയുള്ളൂ. ഗുരുതര രോഗങ്ങളുള്ളവര്‍ അടക്കമുള്ള ആരോഗ്യപ്രശ്‌നങ്ങളുള്ളവര്‍ക്കാകും ആദ്യഘട്ടത്തില്‍ വാക്‌സിന്‍ നല്‍കുക. 12 മുതല്‍ 17 വരെ പ്രായമുള്ളവര്‍ക്കായുള്ള സൈഡസ് കാഡില്ലയുടെ സൈക്കോവ് ഡി വാക്‌സിനാണ് കേന്ദ്ര ഡ്രഗ്‌സ് റെഗുലേറ്റര്‍ അനുമതി നല്‍കിയത്. 

ഈ മാസം അവസാനത്തോടെയോ, അല്ലെങ്കില്‍ അടുത്ത മാസം ആദ്യമോ കുട്ടികള്‍ക്കുള്ള കോവാക്‌സിന്റെ വാക്‌സിനും അംഗീകാരം കിട്ടിയേക്കുമെന്ന് ഇമ്യൂണൈസേഷന്‍ ദേശീയ സാങ്കേതിക ഉപദേശക സമിതി ചെയര്‍മാന്‍ എന്‍ കെ അറോറ പറഞ്ഞു. ഭാരത് ബയോടെക്കിന്റെ കോവാക്‌സിന്‍ രണ്ടു മുതല്‍ 17 വരെ പ്രായമുള്ളവര്‍ക്ക് ഉപയാഗിക്കാന്‍ കഴിയുന്നതാണ്. 

മുതിര്‍ന്നവര്‍ക്കുള്ള വാക്‌സിന്റെ മൂന്നാംഘട്ട പരീക്ഷണം മാര്‍ച്ച് ഏപ്രില്‍ മാസത്തില്‍ അവസാനിച്ചതിന് പിന്നാലെ, ഭാരത് ബയോടെക് കുട്ടികള്‍ക്കുള്ള വാക്‌സിന്റെ പരീക്ഷണം ആരംഭിക്കുകയായിരുന്നു. ഗുരുതരമായ രോഗം പിടിപെടാനുള്ള സാധ്യത വളരെ കൂടുതലായതിനാല്‍ എല്ലാ മുതിര്‍ന്നവര്‍ക്കും പരിരക്ഷ ഉറപ്പാക്കിയശേഷം  കുട്ടികള്‍ക്ക് സാര്‍വത്രിക പ്രതിരോധ കുത്തിവയ്പ്പ് നല്‍കുക എന്നതാണ് ലക്ഷ്യമിടുന്നത്. ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളുള്ള കുട്ടികള്‍ക്ക് മുന്‍ഗണന നല്‍കുമെന്നും അറോറ പറഞ്ഞു. 

കുട്ടികളുടെ പ്രതിരോധ കുത്തിവയ്പ്പിനുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ സെപ്റ്റംബര്‍ അവസാനത്തോടെ പ്രസിദ്ധീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം കുട്ടികള്‍ക്ക് വാക്‌സിനേഷന്‍ നല്‍കാന്‍ തിടുക്കപ്പെടേണ്ടതില്ലെന്നാണ് വാക്‌സിന്‍ സ്‌പെഷ്യലിസ്റ്റ് ചന്ദ്രകാന്ത് ലാഹരിയ അഭിപ്രായപ്പെട്ടത്.

കുട്ടികളില്‍ കോവിഡ് മൂലമുള്ള ഗുരുതരമായ രോഗം വരാനുള്ള സാധ്യത വളരെ കുറവാണ്. ലഭ്യമായ വാക്‌സിനുകളൊന്നും പകര്‍ച്ചവ്യാധി തടയാന്‍ പ്രാപ്തമല്ല. ട്രാന്‍സ്മിഷന്‍ തടയുന്നതില്‍ ഫലപ്രദമായ വാക്‌സിനുകള്‍ ഉള്ളപ്പോള്‍ മാത്രമേ അവരുടെ വാക്‌സിനേഷന്‍ പരിഗണിക്കാവൂ എന്നും ലാഹരിയ പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com