രാജ്യത്ത് ഒമൈക്രോണ്‍ വ്യാപനം ഫെബ്രുവരിയില്‍ പാരമ്യത്തിലെത്തും; പ്രതിദിനം ഒരു ലക്ഷം മുതല്‍ ഒന്നര ലക്ഷം വരെ കേസുകള്‍; മുന്നറിയിപ്പ് 

മൂന്നാം തരംഗം, കോവിഡ് രണ്ടാം തരംഗത്തിന്റെ അത്രയും ഗുരുതരമാകില്ലെന്നും ഗവേഷകര്‍ പറയുന്നു
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

ന്യൂഡല്‍ഹി : രാജ്യത്ത് ഒമൈക്രോണ്‍ വകഭേദം വഴിയുള്ള കോവിഡ് വ്യാപനം ഫെബ്രുവരിയില്‍ പാരമ്യത്തിലെത്തുമെന്ന് മുന്നറിയിപ്പ്. പ്രതിദിനം ഒരു ലക്ഷം മുതല്‍ ഒന്നര ലക്ഷം വരെ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യാനിടയുണ്ടെന്ന് ഐഐടി ഗവേഷകര്‍ വ്യക്തമാക്കി. എന്നാല്‍ മൂന്നാം തരംഗം, കോവിഡ് രണ്ടാം തരംഗത്തിന്റെ അത്രയും ഗുരുതരമാകില്ലെന്നും ഗവേഷകര്‍ പറയുന്നു. 

കോവിഡ് രണ്ടാം തരംഗത്തെ അപേക്ഷിച്ച് ഒമൈക്രോണ്‍ വ്യാപനത്തിന്റെ തോതും ആഘാതവും കുറവായിരിക്കുമെന്നും സ്ഥിതിവിവരക്കണക്കുകള്‍ അടിസ്ഥാനത്തിലുള്ള പ്രവചനം വ്യക്തമാക്കുന്നു. ഡെല്‍റ്റ വകഭേദം പോലെ ഒമൈക്രോണ്‍ അത്ര മാരകമാകില്ലെന്നാണ് നിലവിലെ സാഹചര്യങ്ങളില്‍ നിന്ന് വ്യക്തമാകുന്നത്. ഒമൈക്രോണ്‍ വ്യാപനം രൂക്ഷമായ ദക്ഷിണാഫ്രിക്കയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നവരുടെ എണ്ണത്തില്‍ വലിയ വര്‍ധനവില്ലെന്നും ഐഐടി ശാസ്ത്രജ്ഞനായ മനീന്ദ്ര അഗര്‍വാള്‍ ചൂണ്ടിക്കാട്ടി. 

ബൂസ്റ്റര്‍ ഡോസെന്ന ആവശ്യം ശക്തം

അതേസമയം, ഇത്തരം പ്രവചനങ്ങളെ കേന്ദ്ര ആരോഗ്യമന്ത്രാലയം സ്ഥിരീകരിക്കാറില്ല. ഒമൈക്രോണ്‍ വകഭേദത്തിന്റെ വ്യാപന സാധ്യത നിലനില്‍ക്കുന്നതിനാല്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കോവിഡ് വാക്‌സീന്റെ ബൂസ്റ്റര്‍ ഡോസ് നല്‍കിയേക്കും. പ്രതിരോധ കുത്തിവയ്പിനുള്ള ദേശീയ സാങ്കേതിക ഉപദേശക സമിതിയുടെ യോഗത്തില്‍ ഇതുസംബന്ധിച്ച ധാരണയായി. ശുപാര്‍ശ ആരോഗ്യമന്ത്രാലയത്തിന് കൈമാറുന്നതിന് മുന്‍പ് സമിതി ഒരിക്കല്‍ കൂടി സ്ഥിതി വിലയിരുത്തും. 

നിലവിലുള്ള വാക്‌സീനുകള്‍ ഒമൈക്രോണിനെതിരെ ഫലപ്രദമാകുമോ എന്നറിയാന്‍ ഒന്നോ രണ്ടോ ആഴ്ച കൂടി കാത്തിരിക്കാനാണ് തിങ്കളാഴ്ച ചേര്‍ന്ന യോഗത്തില്‍ ധാരണയായത്. രാജ്യത്തു ബൂസ്റ്റര്‍ ഡോസ് അടിയന്തരമായി നല്‍കണമെന്ന ആവശ്യം ശക്തമാണ്. 40 വയസ്സിനു മുകളിലുള്ളവര്‍ക്ക് ബൂസ്റ്റര്‍ ഡോസ് നല്‍കണമെന്ന് കേന്ദ്ര സര്‍ക്കാര്‍ സജ്ജമാക്കിയ ലാബുകളുടെ കണ്‍സോര്‍ഷ്യം നിര്‍ദേശിച്ചിട്ടുണ്ട്. കോവിഡിനെതിരെ ഇന്ത്യയില്‍ 2021 ജനുവരി 16നാണ് കുത്തിവയ്പ് തുടങ്ങിയത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com