പൊലീസ് ഉദ്യോഗസ്ഥയുടെ പേരില്‍ പാര്‍സല്‍ സ്റ്റേഷനില്‍, തനിക്ക് വന്നതല്ലെന്ന് ഇന്‍സ്‌പെക്ടര്‍; ബോംബ് എന്ന സംശയത്തില്‍ പരിഭ്രാന്തി, ഒടുവില്‍...

സംശയാസ്പദമായ നിലയില്‍ ലഭിച്ച പാര്‍സല്‍ പൊലീസ് സ്റ്റേഷനില്‍ പരിഭ്രാന്തി സൃഷ്ടിച്ചു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ചെന്നൈ: സംശയാസ്പദമായ നിലയില്‍ ലഭിച്ച പാര്‍സല്‍ പൊലീസ് സ്റ്റേഷനില്‍ പരിഭ്രാന്തി സൃഷ്ടിച്ചു. പാര്‍സലില്‍ ബോംബ് ആണോ എന്ന സംശയത്തില്‍ ബോംബ് സ്‌ക്വാഡിനെ വിളിച്ചു. പരിശോധനയില്‍ ചോക്ലേറ്റ് ഗിഫ്റ്റ് ബോക്‌സാണ് എന്ന് അറിഞ്ഞപ്പോള്‍ പരിഭ്രാന്തി ആശ്വാസത്തിലേക്ക് വഴിമാറി.

ചെന്നൈ ട്രിപ്ലിക്കെയ്ന്‍ പൊലീസ് സ്റ്റേഷനിലാണ് ഞായറാഴ്ച പാര്‍സല്‍ എത്തിയത്. തിങ്കളാഴ്ച ബാബറി മസ്ജിദ് തകര്‍ത്തതിന്റെ വാര്‍ഷിക ദിനമായത് കൊണ്ട് ചെന്നൈയില്‍ സുരക്ഷ ശക്തമാക്കിയിരുന്നു. അതിനിടെ സ്റ്റേഷനില്‍ എത്തിയ പാര്‍സലാണ് ജീവനക്കാരുടെ ഇടയില്‍ പരിഭ്രാന്തി സൃഷ്ടിച്ചത്.

ക്രൈം ഡിവിഷന്‍ ഇന്‍സ്‌പെക്ടര്‍ കലൈശെല്‍വിയുടെ പേരിലാണ് പാര്‍സല്‍ എത്തിയത്. ഗിഫ്റ്റ് പാര്‍സലാണ് എന്ന് പറഞ്ഞാണ് ഒരാള്‍ സ്റ്റേഷനില്‍ ഇത് എത്തിച്ചത്. ഡ്യൂട്ടി കഴിഞ്ഞ് കലൈശൈല്‍വി വീട്ടില്‍ പോയതിനാല്‍ അസിസ്റ്റന്റ് കമ്മീഷണറെ പാര്‍സല്‍ ഏല്‍പ്പിച്ചു. വിളിച്ചു ചോദിച്ചപ്പോള്‍ ഇത് തനിക്ക് വന്നതല്ല എന്നായിരുന്നു കലൈശെല്‍വിയുടെ മറുപടി. ഇതാണ് പാര്‍സല്‍ സംബന്ധിച്ച് സംശയം വര്‍ധിപ്പിച്ചത്.

ഇത് ബോംബ് വല്ലതുമായിരിക്കുമോ എന്ന സംശയം ഉയര്‍ന്നു. തുടര്‍ന്ന് ബോംബ് സ്‌ക്വാഡിനെ വിവരം അറിയിക്കുകയായിരുന്നു. തുറന്ന സ്ഥലത്ത് കൊണ്ടുപോയി ബോംബ് സ്‌ക്വാഡ് തുറന്നുനോക്കിയപ്പോഴാണ് പരിഭ്രാന്തി ആശ്വാസത്തിലേക്ക് വഴിമാറിയത്. ചോക്ലേറ്റും കശുവണ്ടിയും ബദാമും അടങ്ങിയതാണ് ഗിഫ്റ്റ് ബോക്‌സ്. ഗിഫ്റ്റ് ബോക്‌സ് നല്‍കിയ അജ്ഞാതനെ കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com