കൃഷി ആദായകരമായി മാറി, പാടത്ത് ഇറങ്ങുന്ന യുവതലമുറയുടെ എണ്ണം വര്‍ധിക്കുന്നത് ശുഭസൂചന: ഛത്തീസ്ഗഡ് മുഖ്യമന്ത്രി 

സ്‌കൂളില്‍ പഠിക്കുന്ന കാലം മുതല്‍ക്കുള്ളതാണ് കൃഷിയുമായുള്ള എന്റെ ബന്ധം
ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് എഡിറ്റോറിയല്‍ ഡയറക്ടര്‍ പ്രഭു ചാവ്‌ളയും ഭൂപേഷ് ബാഗലുമായുള്ള അഭിമുഖം
ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് എഡിറ്റോറിയല്‍ ഡയറക്ടര്‍ പ്രഭു ചാവ്‌ളയും ഭൂപേഷ് ബാഗലുമായുള്ള അഭിമുഖം

യിടെ റായ്പൂരില്‍ നടന്ന കിസാന്‍ ഉച്ചകോടിയിലും അതോടനുബന്ധിച്ചുള്ള അവാര്‍ഡ് ദാന ചടങ്ങിലും ദ ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് ഗ്രൂപ്പ് എഡിറ്റോറിയല്‍ ഡയറക്ടര്‍ പ്രഭു ചാവ്‌ള ഛത്തീസ്ഗഢ് മുഖ്യമന്ത്രി ഭൂപേഷ് ബാഗലുമായി സംസാരിച്ചു. ഗൗതന്‍ പദ്ധതി മുതല്‍ മൃദു ഹിന്ദുത്വ ആരോപണങ്ങള്‍ വരെയുള്ള വിവിധ വിഷയങ്ങള്‍ ഇതിന്റെ ഭാഗമായി ചര്‍ച്ച ചെയ്യപ്പെട്ടു.

പ്രസക്തഭാഗങ്ങള്‍:

ബിജെപിക്ക് മനസ്സിലാക്കാന്‍ കഴിയാത്ത, പശുക്കളുടെ വോട്ട് പിടിക്കാനുള്ള  കഴിവ് താങ്കള്‍ മനസ്സിലാക്കി. പശുക്കളും വോട്ടുതരും...
മുന്‍കാലങ്ങളിലൊക്കെ കര്‍ഷകര്‍ തങ്ങളുടെ കൈവശമുള്ള കന്നുകാലികളെ  ആശ്രയിച്ചാണ് ശക്തമായ ഒരു സാമ്പത്തിക വ്യവസ്ഥ നിലനിര്‍ത്തിപ്പോന്നത്.  ഉല്‍പന്നങ്ങള്‍ വാങ്ങുന്നതിനും വില്‍ക്കുന്നതിനും   അവര്‍ ഗ്രാമീണ ചന്തകളെയാണ് ആശ്രയിച്ചുപോന്നത്.  ആ സമ്പ്രദായം ഇപ്പോള്‍ നിലവിലില്ല.  കാര്‍ഷിക യന്ത്രങ്ങള്‍  വന്നതോടെ  കന്നുകാലികളുടെ ഉപയോഗം ഏതാണ്ട് അവസാനിച്ചിട്ടുണ്ട്.  അതുകൊണ്ടു തന്നെ കന്നുകാലികളെ തുറസ്സായ സ്ഥലത്തേക്ക് വിടാന്‍ കന്നുകാലി ഉടമകളും ഗ്രാമീണരും നിര്‍ബന്ധിതരാകുന്ന അവസ്ഥയുണ്ട്. വിപുലമായ ചിന്തകള്‍ക്കും ആലോചനകള്‍ക്കും ശേഷം ഞങ്ങള്‍ ഗൗതന്‍ (കന്നുകാലി തൊഴുത്ത്) ഉണ്ടാക്കാനും ചാണകം വാങ്ങാനും തീരുമാനിച്ചു. പശുക്കളെ അവരുടെ കൂടെ, അല്ലെങ്കില്‍ ഗൗതനില്‍, സൂക്ഷിക്കാന്‍ ഇത് കന്നുകാലികളുടെ ഉടമകളെ പ്രേരിപ്പിച്ചു. ഇതോടെ കന്നുകാലികള്‍ വിള നശിപ്പിക്കുന്നതും റോഡിലേക്ക് ഇറങ്ങുന്നതുമായ പതിവുകള്‍ ഇല്ലാതായി. 
 
എന്നാല്‍  താങ്കള്‍ അതിനെ  സമര്‍ത്ഥമായി രാഷ്ട്രീയത്തിലൂടെ  സാമ്പത്തിക ശാസ്ത്രവുമായി ബന്ധപ്പെടുത്തി...
ഗൗതന്‍ പദ്ധതിയെ സാമ്പത്തിക ശാസ്ത്രവുമായി ബന്ധിപ്പിക്കാനായത്  പ്രയോജനകരമാണെന്ന് പിന്നീട് തെളിഞ്ഞു. യഥാര്‍ത്ഥത്തില്‍ ഈ പദ്ധതി കൊണ്ട് ഗ്രാമീണ സമ്പദ്വ്യവസ്ഥയുടെ പുനരുജ്ജീവനമാണ് ഉദ്ദേശിക്കുന്നത്, അതിന്നടിയില്‍ ഒരു രാഷ്ട്രീയവുമില്ല. ഭിന്നിപ്പിച്ച് ഭരിക്കുകയും ജനങ്ങളെ വൈകാരികമായി ചൂഷണം ചെയ്യുകയും ചെയ്യുന്നത് അവരുടെ (ബിജെപി) പ്രവര്‍ത്തന ശൈലിയാണ്. രാമന്റെ പേരിലോ പശുവിന്റെ പേരിലോ ആണ് ആ പാര്‍ട്ടി വോട്ട് തേടുന്നത്. 

താങ്കളുടെ വ്യക്തിത്വം കൃഷി, ഗ്രാമം, വനം എന്നിവയുമായി ബന്ധപ്പെട്ടിരിക്കുന്നു. അതിനെക്കുറിച്ച് കൂടുതല്‍ പറയാമോ?

സ്‌കൂളില്‍ പഠിക്കുന്ന കാലം മുതല്‍ക്കുള്ളതാണ് കൃഷിയുമായുള്ള എന്റെ ബന്ധം. അക്കാലത്തേ ഞാന്‍ കൃഷിപ്പണിയില്‍ ഏര്‍പ്പെട്ടിരുന്നു. ഞങ്ങളുടെ കുടുംബത്തില്‍ നേരത്തെ തന്നെയുള്ള ഒന്നാണ് കൃഷി. പ്രാദേശികവും മതപരവുമായ എല്ലാ ആഘോഷങ്ങളിലും ആകാംക്ഷയോടെ പങ്കെടുക്കുന്ന ഒരു ഗ്രാമീണന്റെ ജീവിതമാണ് ഞാന്‍ നയിച്ചിരുന്നത്. എന്റെ വികാരങ്ങള്‍ ഗ്രാമീണ ജീവിതത്തില്‍ ആഴത്തില്‍ വേരൂന്നിയതാണ്. കൃഷിയിറക്കുന്ന കാലത്ത് ഞങ്ങള്‍  നേരം പുലരും മുന്‍പേ എഴുന്നേല്‍ക്കുമായിരുന്നു.   

താങ്കള്‍ എപ്പോഴെങ്കിലും വയല്‍ ഉഴുതുമറിച്ചിട്ടുണ്ടോ? 

ഉണ്ട്. ചെറുപ്പത്തില്‍, കര്‍ഷകര്‍ക്ക് അറിയാവുന്ന കാര്‍ഷിക വേലകളും കൃഷിക്കാര്‍ക്ക് വിളകള്‍ക്ക് അവശ്യം വേണ്ടുന്ന മുന്നുപാധികളെക്കുറിച്ചുള്ള അറിവും എനിക്ക് നന്നായി വശമായിരുന്നു. എനിക്ക് പശുക്കളെ കറക്കാനാകും. എരുമകളെ ഗ്രാമത്തിലെ കുളങ്ങളില്‍ കൊണ്ടുപോകാനും കന്നുകാലികള്‍ക്ക് കുത്തിവയ്പ്പ് നല്‍കാനും പോലും അറിയാമായിരുന്നു. 

ഇന്ന്, യുവതലമുറ കൃഷി ഒരു തൊഴിലായി ഏറ്റെടുക്കാന്‍ തയ്യാറല്ല?

ഞാന്‍ യോജിക്കുന്നില്ല. ഇങ്ങനെയൊരു വിശ്വാസം നേരത്തേയുണ്ടായിരുന്നു, എന്നാല്‍ കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടയില്‍, കൃഷി ചെയ്യുന്ന ആകെ ഭൂമിയിലുണ്ടായ ഗണ്യമായ വര്‍ദ്ധനയും കര്‍ഷകരുടെ വര്‍ദ്ധിച്ചുവരുന്ന ശക്തിയും സൂചിപ്പിക്കുന്നത് 'കൃഷി മറ്റു തൊഴിലുകളോളം തന്നെ ലാഭകരമായ തൊഴിലായി ആളുകള്‍ കാണുന്നു' വെന്നാണ്. ഉദാഹരണത്തിന്, 2018-ല്‍, നെല്ല് സംഭരണത്തിനായി രജിസ്റ്റര്‍ ചെയ്ത 15 ലക്ഷം കര്‍ഷകരുണ്ടായിരുന്നു, ഇന്ന് അത് 22 ലക്ഷത്തിലേറെയായി.

താങ്കള്‍ പ്രാദേശിക ഛത്തീസ്ഗഢ് കായിക വിനോദങ്ങളെ സജീവമായി പ്രോത്സാഹിപ്പിക്കുന്നുണ്ടല്ലോ?

പൈതൃകമായി നമുക്ക് ലഭിച്ചത്  മെച്ചപ്പെടുത്തേണ്ടതുണ്ട്. മൂല്യവര്‍ദ്ധനയുള്ള വിവിധ പ്രാദേശിക ഉല്‍പ്പന്നങ്ങള്‍ സംസ്ഥാനത്തിന് പുറത്തേക്ക് അയക്കുന്നുണ്ട്. ഇവയെല്ലാം നമ്മുടെ പൈതൃകത്തെ പുനരുജ്ജീവിപ്പിക്കുകയും ഗ്രാമീണ മേഖലയിലെ വ്യാപാര പ്രവര്‍ത്തനങ്ങളുടെ വ്യാപ്തി വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. പരമ്പരാഗത ഭക്ഷണം, കായികം, ചിന്തകള്‍, ജീവിതരീതികള്‍ എന്നിവയുള്‍പ്പെടെ നമ്മുടെ സ്വന്തം സംസ്‌കാരം സംരക്ഷിക്കാനും അവയ്ക്കൊപ്പം ജീവിക്കാനുമാണ് ഞങ്ങള്‍ ശ്രമിക്കുന്നത്.

താങ്കളുടെ രാം വന്‍ ഗമന്‍ പാത രാമന്റെ പേരില്‍ (ബിജെപിയുമായി) ഒരു മത്സരത്തിനുള്ള ഉദ്ദേശ്യം മുന്‍നിര്‍ത്തിയല്ലേ? 

ഞങ്ങള്‍ ഒരു മത്സരത്തിനും ഇല്ല. ഛത്തീസ്ഗഢിന്റെ പൗരാണിക സംസ്‌കാരത്തില്‍ രാമന്‍ ആഴത്തില്‍ ഉള്‍ച്ചേര്‍ന്നിട്ടുള്ളതാണ്. ശ്രീരാമന്റെ അമ്മയായ കൗസല്യയുടെ ജന്മസ്ഥലം റായ്പൂരില്‍ നിന്ന് അത്ര അകലെയല്ലാത്ത  ചന്ദ്ഖുരിയിലാണ്. ഞങ്ങളുടെ പൈതൃകത്തിലുള്ളതാണ് രാമനും രാമന്റെ പാരമ്പര്യവും നിലനില്‍ക്കുന്നു.

എന്നാല്‍ നിങ്ങള്‍ മൃദു ഹിന്ദുത്വ സമീപനമല്ലേ പിന്തുടരുന്നത്? 

സവര്‍ക്കറാണ് ഹിന്ദുത്വം എന്ന സങ്കല്പത്തിന്റെ സൃഷ്ടാവ്, ആ സങ്കല്‍പ്പം അക്രമത്തിലും വിദ്വേഷത്തിലും അധിഷ്ഠിതമായിരുന്നു. അദ്ദേഹം ജീവിച്ചിരിക്കുമ്പോള്‍ തന്നെ അത് നിരസിക്കപ്പെട്ടു. യഥാര്‍ത്ഥത്തില്‍ ആരാണ് ഹിന്ദു - അനുകമ്പയുള്ള, സൗഹാര്‍ദ്ദം, സ്‌നേഹം, സഹിഷ്ണുത, സാമൂഹിക ഐക്യം എന്നിവയില്‍ വിശ്വസിക്കുന്ന ഒരു വ്യക്തി. സവര്‍ക്കറുടെ ഹിന്ദുത്വ സങ്കല്‍പ്പം ഇവിടെ പ്രാവര്‍ത്തികമാകില്ല.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com