റാവത്തിനൊപ്പം മധുലിക പറന്നത് ചുമതലയുടെ ഭാഗമായി; സൈനികരുടെ ഭാര്യമാരുടെ സംഘടനാധ്യക്ഷ

സേനയുടെ ചടങ്ങുകളില്‍ സൈനിക മേധാവിക്കൊപ്പം പോകേണ്ടത് ഭാര്യയുടെ ഔദ്യോഗിക കൃത്യനിര്‍വഹണത്തിന്റെ ഭാഗമാണ്
ബിപിന്‍ റാവത്തും ഭാര്യ മധുലികയും/ഫോട്ടോ: ട്വിറ്റർ
ബിപിന്‍ റാവത്തും ഭാര്യ മധുലികയും/ഫോട്ടോ: ട്വിറ്റർ

ന്യൂഡല്‍ഹി: സംയുക്ത സൈനിക മേധാവി ബിപിന്‍ റാവത്തിനൊപ്പം അദ്ദേഹത്തിന്റെ ഭാര്യ മധുലിക റാവത്ത് വെല്ലിങ്ടണിലേക്ക് യാത്ര ചെയ്തത് സേനയില്‍ വഹിക്കുന്ന ചുമതലകളുടെ ഭാഗമായി. സൈനികരുടെ ഭാര്യമാരുടെ സംഘടനയായ ഡിഫന്‍സ് വൈഫ്‌സ് വെല്‍ഫയര്‍ അസോസിയേഷന്റെ പ്രസിഡന്റ് മധുലിക ആണ്. 

സേനയുടെ ചടങ്ങുകളില്‍ സൈനിക മേധാവിക്കൊപ്പം പോകേണ്ടത് ഭാര്യയുടെ ഔദ്യോഗിക കൃത്യനിര്‍വഹണത്തിന്റെ ഭാഗമാണ്. സേനാ വാഹനങ്ങളിലും കോപ്റ്ററുകളിലും യാത്ര ചെയ്യാനുള്ള അനുമതി ഇവര്‍ക്കുണ്ട്. ചടങ്ങുകളില്‍ പങ്കെടുക്കുമ്പോള്‍ ഓഫിസര്‍മാരുടെ ഭാര്യമാരുമായി ആശയ വിനിമയം നടത്തുക അവരുടെ ആവശ്യങ്ങള്‍ കേള്‍ക്കുക എന്നത് അസോസിയേഷന്‍ പ്രസിഡന്റ് എന്ന നിലയില്‍ ചുമതലയാണ്. 

സേനയുടെ ഭാഗമല്ലാത്തവരുടെ യാത്രയ്ക്ക് സത്യവാങ്മൂലം നല്‍കണം

എന്നാല്‍ സേനയുടെ ഭാഗമല്ലാത്ത മറ്റ് പൗരന്മാര്‍ സേനയുടെ ഹെലികോപ്റ്ററുകള്‍, വിമാനങ്ങള്‍ എന്നിവയില്‍ യാത്ര ചെയ്യുമ്പോള്‍ സത്യവാങ്മൂലം നല്‍കണം. യാത്രയ്ക്കിടയില്‍ അപകടത്തില്‍ ജീവന്‍ നഷ്ടമായാല്‍ ഉത്തരവാദിത്വം സേനയ്ക്ക് അല്ലെന്ന് വ്യക്തമാക്കുന്ന സത്യവാങ്മൂലമാണ് ഇത്. സര്‍വ സൈന്യാധിപനായ രാഷ്ട്രപതിയെ അഭിസംബോധന ചെയ്താണ് ഈ സത്യവാങ്മൂലം സമര്‍പ്പിക്കേണ്ടത്. 

ഇന്നലെ ഊട്ടിക്ക് അടുത്ത് കുനൂരിലാണ് രാജ്യത്തെ നടുക്കിയ അപകടമുണ്ടായത്. ജനറല്‍ ബിപിന്‍ റാവത്തിനൊപ്പം അദ്ദേഹത്തിന്റെ ഭാര്യ മധുലിക റാവത്തും ഹെലികോപ്റ്ററില്‍ ഉണ്ടായിരുന്നു. ഇതിന് പുറമേ സംയുക്ത സൈനിക മേധാവിയുടെ ഓഫീസ് ജീവനക്കാരും സുരക്ഷാഭടന്‍മാരും അടക്കം ആകെ 14 പേരാണ് ഹെലികോപ്ടറില്‍ ഉണ്ടായിരുന്നത്. അപകടത്തില്‍ നിന്നും ഗ്രൂപ്പ് ക്യാപ്റ്റന്‍ വരുണ്‍ സിംഗ് മാത്രമാണ് രക്ഷപ്പെട്ടത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com