നരിക്കുറവ കുടുംബത്തെ ബലംപ്രയോഗിച്ച് ബസില്‍ നിന്ന് ഇറക്കിവിട്ടു, സസ്‌പെന്‍ഷന്‍- വീഡിയോ 

തമിഴ്‌നാട്ടില്‍ സ്‌റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്‍ ബസില്‍ നിന്ന് കുഞ്ഞ് അടക്കം ഒരു കുടുംബത്തെ ഒന്നടങ്കം ഇറക്കിവിട്ടതില്‍ പ്രതിഷേധം
കുഞ്ഞിനെയും കുടുംബത്തെയും ബസില്‍ നിന്ന് ഇറക്കിവിടുന്നു
കുഞ്ഞിനെയും കുടുംബത്തെയും ബസില്‍ നിന്ന് ഇറക്കിവിടുന്നു

ചെന്നൈ: തമിഴ്‌നാട്ടില്‍ സ്‌റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്‍ ബസില്‍ നിന്ന് കുഞ്ഞ് അടക്കം ഒരു കുടുംബത്തെ ഒന്നടങ്കം ഇറക്കിവിട്ടതില്‍ പ്രതിഷേധം. നരിക്കുറവ സമുദായത്തില്‍പ്പെട്ടവരാണ് അപമാനത്തിന് ഇരയായത്. സംഭവം വിവാദമായതോടെ ബസിലെ ജീവനക്കാരെ ഒന്നടങ്കം സസ്‌പെന്‍ഡ് ചെയ്തു.

നാഗര്‍കോവിലിലാണ് സംഭവം. വള്ളിയൂര്‍ വഴി തിരുനെല്‍വേലിയിലേക്ക് പുറപ്പെട്ട ബസില്‍ കയറാന്‍ ശ്രമിച്ച ഒരു കുടുംബത്തിനാണ് അപമാനം നേരിടേണ്ടി വന്നത്. വടശ്ശേരി ബസ് സ്റ്റേഷനില്‍ നിന്ന് കയറിയ ഇവരെ ഇറക്കിവിടുന്നതിന്റെ ദൃശ്യങ്ങള്‍ വ്യാപകമായാണ് പ്രചരിച്ചത്.

സ്റ്റേഷനില്‍ നിന്ന് ബസ് പുറപ്പെട്ട് അല്‍പ്പനിമിഷത്തിനകം ബസ് നിര്‍ത്തി കുഞ്ഞ് അടങ്ങുന്ന കുടുംബത്തെ ഇറക്കിവിടുകയായിരുന്നു. കൂടാതെ ഇവരുടെ കൈവശം ഉണ്ടായിരുന്ന വസ്തുക്കള്‍ ബസില്‍ നിന്ന് പുറത്തേയ്ക്ക് വലിച്ചെറിയുകയും ചെയ്തു. ഇത് കണ്ട് കുഞ്ഞ് കരയുന്നത് വീഡിയോയില്‍ വ്യക്തമാണ്. 

സംഭവം വിവാദമായതിനെ തുടര്‍ന്ന് അന്വേഷണം നടത്താന്‍ ഉത്തരവിട്ടു. ഇതിന്റെ അടിസ്ഥാനത്തില്‍ ബസിന്റെ ഡ്രൈവര്‍, കണ്ടക്ടര്‍ എന്നിവരെ സസ്‌പെന്‍ഡ് ചെയ്യാന്‍ തീരുമാനിച്ചതായി ടിഎന്‍എസ്ടിസി നാഗര്‍കോവില്‍ റീജിയണ്‍ ജനറല്‍ മാനേജര്‍ അരവിന്ദ് അറിയിച്ചു. 

ഉത്തരവാദിത്തമില്ലാതെ പെരുമാറിയതിനും സര്‍ക്കാരിന് അവമതിപ്പ് ഉണ്ടാക്കിയതിനുമാണ് അച്ചടക്ക നടപടി. അടുത്തിടെ വയോധികയെ ബസില്‍ നിന്ന് ബലംപ്രയോഗിച്ച് ഇറക്കി വിട്ടതിന് ബസ് ഡ്രൈവര്‍ ഉള്‍പ്പെടെ മൂന്ന് പേരെ സസ്‌പെന്‍ഡ് ചെയ്തത് വലിയ വാര്‍ത്തയായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com