'ഒരു ഔറംഗസേബ് വന്നാല്‍ ഒരു ശിവജിയും ഉയര്‍ന്നുവരും'; കാശിയില്‍ മോദി

കാശി വിശ്വനാഥ് ധാം ഇടനാഴി ഒരു മഹത്തായ ഭവനം മാത്രമല്ല ഇന്ത്യയുടെ സനാതന സംസ്‌കാരത്തിന്റെയും പാരമ്പര്യത്തിന്റെയും പ്രതീകമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി
കാശിയില്‍ ഗംഗാസ്‌നാനം ചെയ്യുന്ന മോദി/പിടിഐ
കാശിയില്‍ ഗംഗാസ്‌നാനം ചെയ്യുന്ന മോദി/പിടിഐ


വാരണാസി: കാശി വിശ്വനാഥ് ധാം ഇടനാഴി ഒരു മഹത്തായ ഭവനം മാത്രമല്ല ഇന്ത്യയുടെ സനാതന സംസ്‌കാരത്തിന്റെയും പാരമ്പര്യത്തിന്റെയും പ്രതീകമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കാശി വിശ്വനാഥന്റെ ചരിത്രത്തില്‍ പുതിയൊരു അധ്യായമാണ് എഴുതപ്പെട്ടതെന്നും ഇതിനുസാക്ഷ്യം വഹിക്കാന്‍ സാധിച്ചതില്‍ നാം ഭാഗ്യവാന്‍മാരാണെന്നും പ്രധാനമന്ത്രി പറഞ്ഞു. കാശി ധാം ഇടനാഴിയുടെ ആദ്യഘട്ട നിര്‍മാണ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. 

'അക്രമികള്‍ ഈ നഗരത്തെ ആക്രമിക്കുകയും തകര്‍ക്കാന്‍ ശ്രമിക്കുകയും ചെയ്തു. ഔറംഗസേബിന്റെ ക്രൂരതകള്‍ക്കും ഭീകരതയ്ക്കും ചരിത്രം സാക്ഷിയാണ്. വാള്‍ ഉപയോഗിച്ച് നാഗരികതയെ മാറ്റാനും സംസ്‌കാരത്തെ തകര്‍ക്കാനും ഔറംഗസേബ് ശ്രമിച്ചു. എന്നാല്‍ ലോകത്തെ മറ്റിടങ്ങളില്‍ നിന്നെല്ലാം വ്യത്യസ്തമാണ് ഈ രാജ്യത്തെ മണ്ണ്. ഇവിടെ ഒരു ഔറംഗസേബ് വന്നാല്‍ ഒരു ശിവജിയും ഉയര്‍ന്നുവരും. ഒരു സലാര്‍ മസൂദ് മുന്നോട്ടുവന്നാല്‍ രാജ സുഖല്‍ദേവിനെ പോലുള്ള യോദ്ധാക്കള്‍ നമ്മുടെ ഐക്യത്തിന്റെ ശക്തി അവരെ ബോധ്യപ്പെടുത്തും', പ്രധാനമന്ത്രി പറഞ്ഞു. 

പുരാതന-ആധുനിക സംസ്‌കാരത്തിന്റെ സമ്മേളനമാണ് കാശിയില്‍ കാണുന്നത്. കാശിയിലെ സര്‍ക്കാര്‍ ദൈവം മാത്രമാണെന്നും കാശി അതിന്റെ ഭൂതകാല ചൈതന്യം വീണ്ടെടുക്കുകയാണെന്നും മോദി പറഞ്ഞു. വാരണാസിയുടെ പ്രതിച്ഛായ ഉയര്‍ത്തുന്ന പദ്ധതിയാണ് രാഷ്ട്രത്തിന് സമര്‍പ്പിച്ചതെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. 

'ഹര്‍ ഹര്‍ മഹാദേവ്' എന്ന് ഉറക്കെപ്പറഞ്ഞു കൊണ്ടാണ് മോദി ഉദ്ഘാടന പ്രസംഗം ആരംഭിച്ചത്. കാശിയുടെ ചരിത്രവും സംസ്‌കാരവും വിശദീകരിച്ചതിനൊപ്പം പ്രതിപക്ഷത്തിനെതിരേയും പ്രധാനമന്ത്രി രൂക്ഷവിമര്‍ശനം നടത്തി. പ്രതിപക്ഷം വാരണാസിയുടെ പ്രതിച്ഛായ തകര്‍ക്കാന്‍ ശ്രമിച്ചുവെന്നും മുന്‍ സര്‍ക്കാരുകള്‍ വാരണാസിയുടെ വികസനത്തിനായി ഒന്നുംചെയ്തില്ലെന്നും മോദി ആരോപിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com