'അച്ഛനമ്മമാര്‍ സ്‌നേഹിക്കുന്നില്ല', രണ്ടുമാസം പ്രായമുള്ള കുഞ്ഞിന്റെ ദേഹത്ത് നിരന്തരം ചുവന്നപാടുകള്‍, സിസിടിവി ദൃശ്യങ്ങള്‍ കണ്ട് ഞെട്ടി രക്ഷിതാക്കള്‍

ഒഡീഷയില്‍ തന്നോടുള്ള സ്‌നേഹം കുറയുന്നു എന്ന തോന്നലില്‍ ഇളയ സഹോദരിയായ നവജാത ശിശുവിന്റെ ദേഹത്ത് തുടര്‍ച്ചയായി പൊള്ളലേല്‍പ്പിച്ച് അഞ്ചുവയസുകാരി
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ഭുവനേശ്വര്‍: ഒഡീഷയില്‍ തന്നോടുള്ള സ്‌നേഹം കുറയുന്നു എന്ന തോന്നലില്‍ ഇളയ സഹോദരിയായ നവജാത ശിശുവിന്റെ ദേഹത്ത് തുടര്‍ച്ചയായി പൊള്ളലേല്‍പ്പിച്ച് അഞ്ചുവയസുകാരി. ഫോര്‍ക്ക് ചൂടാക്കി കുഞ്ഞിന്റെ ദേഹത്ത് മൂത്ത സഹോദരി വെയ്ക്കുന്നത് സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ കണ്ടെത്തുകയായിരുന്നു. ഏകദേശം ഒരു മാസത്തോളം കുഞ്ഞിനെ പൊള്ളലേല്‍പ്പിച്ചതായാണ് റിപ്പോര്‍ട്ട്.

കേന്ദ്രപദ ജില്ലയിലാണ് സംഭവം. കുഞ്ഞിന്റെ ദേഹത്ത് തുടര്‍ച്ചയായ ദിവസങ്ങളില്‍ ചുവന്ന പാടുകള്‍ കാണുകയും നിര്‍ത്താതെ കരയുകയും ചെയ്തതോടെ വീട്ടുകാര്‍ ആശുപത്രിയില്‍ കാണിക്കുകയായിരുന്നു. തുടക്കത്തില്‍ അലര്‍ജിയോ മറ്റോ ആയിരിക്കുമെന്നാണ് ഡോക്ടര്‍മാര്‍ കരുതിയിരുന്നത്. ഒരുമാസത്തിലേറെ നീണ്ട ചികിത്സയ്ക്കിടെ, പൊള്ളലേറ്റ ഭാഗങ്ങള്‍ സുഖംപ്രാപിക്കുകയും പുതിയ പാടുകള്‍ പ്രത്യക്ഷപ്പെടുകയും ചെയ്തു. ഇതോടെ സംശയം തോന്നി വിദഗ്ധമായി പരിശോധിച്ചപ്പോഴാണ് ചുവന്നുപാടുകള്‍ ഉണ്ടാവാനുള്ള കാരണം പൊള്ളലാണ് എന്ന കണ്ടെത്തലില്‍ ഡോക്ടര്‍ എത്തിയത്.

കുട്ടിയെ ആരെങ്കിലും ശാരീരികമായി ഉപദ്രവിക്കുന്നുണ്ടോ എന്ന് ഡോക്ടര്‍ ചോദിച്ചു. ഇതിന് കൃത്യമായ ഉത്തരം പറയാന്‍ മാതാപിതാക്കള്‍ക്ക് സാധിച്ചില്ല. തുടര്‍ന്ന് കുഞ്ഞ് ഉറങ്ങുന്ന മുറിയില്‍ സിസിടിവി ക്യാമറ സ്ഥാപിക്കാന്‍ ഡോക്ടര്‍ ഉപദേശിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ സ്ഥാപിച്ച ക്യാമറയിലാണ് അഞ്ചുവയസുകാരി കുടുങ്ങിയത്.

മുറിയില്‍ കുഞ്ഞ് ഒറ്റയ്ക്ക് മാത്രമുള്ള സമയത്ത് മൂത്ത സഹോദരി ദേഹത്ത് പൊള്ളലേല്‍പ്പിക്കുന്നത്് സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമാകുകയായിരുന്നു. അടുക്കളയില്‍ പോയി ഫോര്‍ക്ക് ചൂടാക്കി അഞ്ചുവയസുകാരി കുഞ്ഞിന്റെ ദേഹത്ത് വെയ്ക്കുകയായിരുന്നു. മാതാപിതാക്കളുടെ സ്‌നേഹം കിട്ടുന്നില്ല എന്ന തോന്നലില്‍ നിന്നാണ്് കുട്ടികളുടെ ഭാഗത്ത് നിന്ന് ഇത്തരം പെരുമാറ്റം ഉണ്ടാവുന്നത് എന്ന് ഡോക്ടര്‍മാര്‍ പറയുന്നു. കുടുംബത്തിലേക്ക് പുതിയ ഒരാള്‍ വരുമ്പോള്‍ തനിക്ക് ഇതുവരെ ലഭിച്ചിരുന്ന സ്‌നേഹം നഷ്ടപ്പെടുമോ എന്ന തോന്നലാകാം കുട്ടികളെ വൈരാഗ്യത്തിലേക്ക് നയിക്കുന്നത്. കുട്ടികളെ നോക്കുന്നതില്‍ പ്രത്യേക ശ്രദ്ധ ആവശ്യമാണെന്നും വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com