ജയിലില്‍ നിന്ന് ഇറങ്ങിയത് രണ്ട് മാസം മുന്‍പ്; ലുധിയാന കോടതിയില്‍ സ്‌ഫോടനം നടത്തിയത് മുന്‍ പൊലീസുകാരന്‍

പഞ്ചാബിലെ ലുധിയാന കോടതിയില്‍ സ്‌ഫോടനം നടത്തിയത് മുന്‍ പൊലീസുകാരന്‍
ലുധിയാന കോടതില്‍ നടന്ന സ്‌ഫോടനം, വീഡിയോ ദൃശ്യം
ലുധിയാന കോടതില്‍ നടന്ന സ്‌ഫോടനം, വീഡിയോ ദൃശ്യം

ചണ്ഡിഗഡ്: പഞ്ചാബിലെ ലുധിയാന കോടതിയില്‍ സ്‌ഫോടനം നടത്തിയത് മുന്‍ പൊലീസുകാരന്‍. ലഹരിമരുന്ന് കേസില്‍ ജയില്‍ ശിക്ഷ അനുഭവിച്ച ഗഗന്‍ ദീപ് സിങാണ് പ്രതി. 2019ല്‍ പൊലീസില്‍ നിന്ന് പിരിച്ചുവിട്ടയാളാണ്. ഇയാള്‍ തന്നയാണ് സ്‌ഫോടകവസ്തു സ്ഥാപിച്ചതെന്നും പൊലീസ് അറിയിച്ചു. സ്‌ഫോടനത്തിനിടെ ഇയാള്‍ മരിച്ചിരുന്നു. ഇയാളെ മൃതദേഹം വീട്ടുകാര്‍ തിരിച്ചറിഞ്ഞു.

കഴിഞ്ഞ സെപ്റ്റംബറില്‍ ഇയാളുടെ ശിക്ഷാ കാലാവധി കഴിഞ്ഞ് പുറത്തിറങ്ങുകയായിരുന്നു. ഇയാള്‍ക്ക് ലഹരിമരുന്ന് കണ്ണികളുമായി ബന്ധമുണ്ട്. ലഹരിമരുന്ന് കേസില്‍ തന്നെയാണ് ഇയാള്‍ ജയില്‍ വാസം അനുഭവിച്ചതും. 

സിം കാര്‍ഡും മൊബൈല്‍ ഫോണിന്റെ അവശിഷ്ടങ്ങളും ലഭിച്ചതോടെയാണ് കൊല്ലപ്പെട്ടയാളെ തിരിച്ചറിയാന്‍ സഹായിച്ചത്.ഡിജിറ്റല്‍ തെളിവുകളുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തില്‍ ഇക്കാര്യം പൊലീസ് സ്ഥിരീകരിക്കുകയായിരുന്നു

അതേസമയം പഞ്ചാബിലെ ലുധിയാന കോടതിയില്‍ ഇന്നയെയുണ്ടായ ബോംബ് സ്‌ഫോടനത്തിന് പിന്നില്‍ പാക് ഭീകരസംഘടനയെന്ന് റിപ്പോര്‍ട്ട്. പാക് ചാരസംഘടനയായ ഐഎസ്‌ഐയുടെ സഹായം ലഭിക്കുന്ന ഖാലിസ്ഥാനി ഗ്രൂപ്പുകളാണ് സ്‌ഫോടനത്തിന് പിന്നിലെന്നാണ് രഹസ്യാന്വേഷണ വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്. അടുത്ത വര്‍ഷം നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ, പഞ്ചാബില്‍ തുടര്‍ ആക്രമണങ്ങള്‍ നടത്താനും, ആരാധനാലയങ്ങള്‍ക്കു നേരെ ആക്രമണങ്ങള്‍ അഴിച്ചു വിട്ട് മതസ്പര്‍ധയും വര്‍ഗീയ സംഘര്‍ഷങ്ങളും ഉണ്ടാക്കാനാണ് അവര്‍ പദ്ധതിയിടുന്നതെന്നാണ് ഇന്റലിജന്‍സ് റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നത്.

സ്‌ഫോടനത്തില്‍ പാക് ഭീകരസംഘടനയ്ക്ക് പങ്കുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ പഞ്ചാബ് മുഖ്യമന്ത്രി ചരണ്‍ജിത് സിങ് ഛന്നി തള്ളിക്കളഞ്ഞില്ല. ഇതുസംബന്ധിച്ച അന്വേഷണം പുരോഗമിക്കുകയാണ്. സിസിടിവി ദൃശ്യങ്ങളെല്ലാം പരിശോധിക്കുകയാണ്. സംഭവത്തിന്റെ റിപ്പോര്‍ട്ട് ഉടന്‍ പുറത്തുവിടും. ദേശവിരുദ്ധശക്തികള്‍ സംസ്ഥാനത്ത് അരാജകത്വം ഉണ്ടാക്കാന്‍ ശ്രമിക്കുകയാണ്. പാകിസ്ഥാനും ഇന്ത്യയും തമ്മില്‍ സംഘര്‍ഷമുണ്ടാകുമ്പോഴെല്ലാം, ഭീകരസംഘടനകള്‍ പഞ്ചാബിനെ ലക്ഷ്യം വെക്കാറുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

അതിര്‍ത്തി സംസ്ഥാനമായ പഞ്ചാബില്‍ രാഷ്ട്രീയ സ്ഥിരതയും സമാധാനവും പാകിസ്ഥാന്‍ ആഗ്രഹിക്കില്ലല്ലോ എന്നായിരുന്നു ഉപമുഖ്യമന്ത്രി സുഖ്ജിന്ദര്‍ സിങ് രണ്‍ധാവ പറഞ്ഞത്. എന്നാല്‍ ഇന്ത്യ ശക്തമാണ്. പഞ്ചാബില്‍ അസ്ഥിരത ഉണ്ടാക്കാനുള്ള എല്ലാ ശ്രമങ്ങളെയും രാജ്യം ചെറുത്തുതോല്‍പ്പിക്കുമെന്നും രണ്‍ധാവ പറഞ്ഞു. വ്യാഴാഴ്ച ഉച്ചയ്ക്ക് 12.25 നാണ് ലുധിയാന കോടതിയില്‍ സ്‌ഫോടനം ഉണ്ടായത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com