'22,000 രോഗികള്‍ക്ക് ഭക്ഷണമില്ലാതെയായി', മിഷനറീസ് ഓഫ് ചാരിറ്റിയുടെ ബാങ്ക് അക്കൗണ്ടുകള്‍ കേന്ദ്രം മരവിപ്പിച്ചു; ഞെട്ടിക്കുന്നതെന്ന് മമത

മദര്‍ തെരേസ സ്ഥാപിച്ച സന്യാസസഭയായ മിഷനറീസ് ഓഫ് ചാരിറ്റിയുടെ ബാങ്ക് അക്കൗണ്ടുകള്‍ കേന്ദ്രസര്‍ക്കാര്‍ മരവിപ്പിച്ചു
മദര്‍ തെരേസ, ഫയല്‍ ചിത്രം
മദര്‍ തെരേസ, ഫയല്‍ ചിത്രം

കൊല്‍ക്കത്ത: മദര്‍ തെരേസ സ്ഥാപിച്ച സന്യാസസഭയായ മിഷനറീസ് ഓഫ് ചാരിറ്റിയുടെ ബാങ്ക് അക്കൗണ്ടുകള്‍ കേന്ദ്രസര്‍ക്കാര്‍ മരവിപ്പിച്ചു. പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയാണ് ഇക്കാര്യം പുറത്തറിയിച്ചത്.

'ക്രിസ്മസ് ആഘോഷവേളയില്‍  മദര്‍ തെരേസ സ്ഥാപിച്ച സന്യാസസഭയായ മിഷനറീസ് ഓഫ് ചാരിറ്റിയുടെ ബാങ്ക് അക്കൗണ്ടുകള്‍ കേന്ദ്രസര്‍ക്കാര്‍ മരവിപ്പിച്ചു. കേന്ദ്രസര്‍ക്കാര്‍ നീക്കം ഞെട്ടിച്ചു.  22,000 രോഗികളെയാണ് ഇത് ബാധിക്കുക. ജീവനക്കാരെയും പ്രതിസന്ധിയിലാക്കി. ഭക്ഷണവും മരുന്നുമില്ലാത്ത അവസ്ഥയിലാണ് അവര്‍'- മമത ബാനര്‍ജിയുടെ ട്വീറ്റ് ഇങ്ങനെ.നിയമമാണ് പ്രധാനമെങ്കിലും മനുഷ്യത്വപരമായ പ്രവൃത്തികളില്‍ വീട്ടുവീഴ്ച പാടില്ലെന്നും മമത കൂട്ടിച്ചേര്‍ത്തു.

കേന്ദ്രസര്‍ക്കാര്‍ നീക്കത്തെ കൊല്‍ക്കത്ത അതിരൂപത അപലപിച്ചു. മനുഷ്യത്വപരമായ സമീപനം സ്വീകരിക്കാതിരുന്ന കേന്ദ്രസര്‍ക്കാര്‍ നീക്കം മിഷനറീസ് ഓഫ് ചാരിറ്റിയുടെ പ്രവര്‍ത്തനങ്ങളെ ബാധിക്കും. പാവപ്പെട്ടവരില്‍ പാവപ്പെട്ടവരായ ആളുകള്‍ക്ക് നല്‍കിയ ക്രൂരമായ ക്രിസ്മസ് സമ്മാനമാണിത്. മിഷനറീസ് ഓഫ് ചാരിറ്റിയെ നേരിട്ട ആശ്രയിച്ച് കഴിയുന്ന 22,000 പേര്‍ക്ക് പുറമേ എല്ലാവരാലും ഉപേക്ഷിക്കപ്പെട്ട് ദുരിതം അനുഭവിക്കുന്ന ആയിരക്കണക്കിന് ആളുകളെ സമൂഹത്തിന്റെ ഉന്നതിയിലേക്ക് ഉയര്‍ത്തിക്കൊണ്ടുവരാനുള്ള ശ്രമങ്ങള്‍ക്കും ഇത് തടസം സൃഷ്ടിക്കുമെന്നും ഫാ.ഡൊമിനിക് ഗോമസ് പ്രസ്താവനയിലൂടെ അറിയിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com