ഒമൈക്രോണ്‍: പ്രധാനമന്ത്രിയുടെ യുഎഇ, കുവൈത്ത് സന്ദര്‍ശനം മാറ്റി

ഒമൈക്രോണ്‍ ഭീഷണിയുടെ പശ്ചാത്തലത്തിലാണ് തീരുമാനമെന്ന് പ്രധാനമന്ത്രിയുടെ ഓഫിസിനെ ഉദ്ധരിച്ചുകൊണ്ടുള്ള റിപ്പോര്‍ട്ടുകളില്‍ പറയുന്നു
പ്രധാനമന്ത്രി നരേന്ദ്രമോദി/ഫയല്‍
പ്രധാനമന്ത്രി നരേന്ദ്രമോദി/ഫയല്‍

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യുഎഇ, കുവൈത്ത് സന്ദര്‍ശനം മാറ്റിയതായി റിപ്പോര്‍ട്ട്. ഒമൈക്രോണ്‍ ഭീഷണിയുടെ പശ്ചാത്തലത്തിലാണ് തീരുമാനമെന്ന് പ്രധാനമന്ത്രിയുടെ ഓഫിസിനെ ഉദ്ധരിച്ചുകൊണ്ടുള്ള റിപ്പോര്‍ട്ടുകളില്‍ പറയുന്നു. ഇക്കാര്യത്തില്‍ സ്ഥിരീകരണം ആയിട്ടില്ല.

ജനുവരി ആറിന് തുടങ്ങാനിരുന്ന സന്ദര്‍ശനമാണ് മാറ്റിയത്. ഒട്ടേറെ സുപ്രധാനമായ കരാറുകള്‍ സന്ദര്‍ശനത്തിനിടെ ഒപ്പുവയ്ക്കുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. 

യുറോപ്പ് വീണ്ടും ലോക്ക് ഡൗണിലേക്ക്?

യൂറോപ്യന്‍ രാജ്യങ്ങളില്‍ അതിവേഗം വൈറസ് ബാധ പടരുകയാണ്. ഫ്രാന്‍സില്‍ ഇന്നലെ ഒറ്റദിവസം 1,79,807 കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. യൂറോപ്പിലെ ഏറ്റവും ഉയര്‍ന്ന പ്രതിദിന കേസുകളാണിത്.

ജനുവരി ആദ്യത്തോടെ രാജ്യത്ത് പ്രതിദിന കോവിഡ് കേസുകള്‍ രണ്ടര ലക്ഷം വരെ ഉയര്‍ന്നേക്കാമെന്ന് ഫ്രഞ്ച് ആരോഗ്യമന്ത്രി ഒളിവര്‍ വെറാന്‍ പറഞ്ഞു. ഏറ്റവും ബുദ്ധിമുട്ടേറിയ ആഴ്ചകളാണ് വരാനിരിക്കുന്നതെന്ന് ഫ്രഞ്ച് ഹോസ്പിറ്റല്‍ ഫെഡറേഷന്‍ മുന്നറിയിപ്പ് നല്‍കി.

മുമ്പുള്ള കോവിഡ് വകഭേദത്തേക്കാള്‍ അതിവേഗ വ്യാപനമാണ് ഒമൈക്രോണിനുള്ളതെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടി. ഫ്രാന്‍സിന് പുറമേ, ഇറ്റലി ഗ്രീസ്, പോര്‍ച്ചുഗല്‍, ഇംഗ്ലണ്ട് എന്നിവിടങ്ങളിലെല്ലാം കോവിഡ് വ്യാപനം കുതിച്ചുയരുകയാണ്. ബ്രിട്ടനില്‍ ഇന്നലെ 1,29,471 പുതിയ കോവിഡ് കേസുകളാണ് സ്ഥിരീകരിച്ചത്.

ഇത് സമീപകാല കോവിഡ് കേസുകളുടെ എണ്ണത്തിലെ റെക്കോഡാണ്. ബ്രിട്ടനില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നവരുടെ എണ്ണവും വര്‍ധിക്കകുയാണ്. എന്നാല്‍ ഈ വര്‍ഷം കൂടുതല്‍ പുതിയ നിയന്ത്രണങ്ങള്‍ കൊണ്ടുവരാന്‍ ആലോചിക്കുന്നില്ലെന്ന് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ പറഞ്ഞു.

അതേസമയം ജനങ്ങള്‍ വളരെ ജാഗ്രതയോടെ മാത്രമേ പുതുവത്സരാഘോഷങ്ങള്‍ നടത്താവൂയെന്ന് ബ്രിട്ടീഷ് മന്ത്രിമാര്‍ മുന്നറിയിപ്പ് നല്‍കി. ആരോഗ്യസംവിധാനങ്ങള്‍ക്ക് നിയന്ത്രിക്കാന്‍ കഴിയാത്ത സാഹചര്യം ഉണ്ടായാല്‍ അടച്ചിടല്‍ അടക്കമുള്ള കടുത്ത നടപടി സ്വീകരിക്കേണ്ടി വരുമെന്നും മന്ത്രിമാര്‍ വ്യക്തമാക്കി.

അമേരിക്കയിലും ഒമൈക്രോണ്‍ കേസുകള്‍ ഉയരുകയാണ്. യുഎസില്‍ ഒമൈക്രോണ്‍ കേസുകള്‍ 58.6 ശതമാനമായി ഉയര്‍ന്നതായി യുഎസ് സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്റ് പ്രിവന്‍ഷന്‍ അറിയിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com