ചെരിപ്പുകളുടെയും വസ്ത്രങ്ങളുടെയും നികുതി കൂട്ടില്ല, ജിഎസ്ടി കൗണ്‍സില്‍ തീരുമാനം മാറ്റി 

ചെരിപ്പുകള്‍, വസ്ത്രങ്ങള്‍ എന്നിവയ്ക്ക് നികുതി വര്‍ദ്ധിപ്പിക്കാനുള്ള തീരുമാനം ജിഎസ്ടി കൗണ്‍സില്‍ യോഗം മാറ്റിവച്ചു
നിര്‍മല സീതാരാമന്‍/ഫയല്‍
നിര്‍മല സീതാരാമന്‍/ഫയല്‍

ന്യൂഡല്‍ഹി: ചെരിപ്പുകള്‍, വസ്ത്രങ്ങള്‍ എന്നിവയ്ക്ക് നികുതി വര്‍ദ്ധിപ്പിക്കാനുള്ള തീരുമാനം ജിഎസ്ടി കൗണ്‍സില്‍ യോഗം മാറ്റിവച്ചു. അഞ്ചുശതമാനത്തില്‍ നിന്ന് 12 ശതമാനമാക്കി വര്‍ധിപ്പിച്ച തീരുമാനമാണ് മാറ്റിവെച്ചത്. വ്യാപാര സംഘടനകളുടെ എതിര്‍പ്പിനെ തുടര്‍ന്നാണ് തീരുമാനം.

അടിയന്തരമായി കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ വിളിച്ച് ചേര്‍ത്ത ജിഎസ്ടി കൗണ്‍സില്‍ യോഗത്തിലാണ് സുപ്രധാന തീരുമാനം ഉണ്ടായത്. 46-ാമത് ജിഎസ്ടി കൗണ്‍സില്‍ യോഗമാണ് ഡല്‍ഹിയില്‍ ചേര്‍ന്നത്. 

ചെരിപ്പുകള്‍ക്കും വസ്ത്രങ്ങള്‍ക്കും വര്‍ദ്ധിപ്പിച്ച 12 ശതമാനം നികുതി പുതുവര്‍ഷമായ നാളെ മുതല്‍ നിലവില്‍ വരാനിരിക്കെയാണ് മാറ്റിവെച്ചത്. നികുതി 12 ശതമാനമായി വര്‍ദ്ധിപ്പിച്ച തീരുമാനത്തിനെതിരെ വ്യാപക പരാതി ഉയര്‍ന്നിരുന്നു. വര്‍ദ്ധിപ്പിച്ച നികുതി ചുമത്തുന്നത് നീട്ടി വയ്ക്കണമെന്ന് വ്യാപാര സംഘടനകളും ആവശ്യപ്പെട്ടിരുന്നു.

നേരത്തെ ആയിരത്തിന് മീതെയുള്ള തുണിത്തരങ്ങള്‍ക്കായിരുന്നു അഞ്ച് ശതമാനം ജിഎസ്ടി ചുമത്തിയിരുന്നത്. ലുങ്കി, തോര്‍ത്ത്, സാരി, മുണ്ടുകള്‍ തുടങ്ങി എല്ലാ തുണിത്തരങ്ങള്‍ക്കു വില കൂടുമെന്നതിനാല്‍ പുതിയ നിരക്ക് ഈ മേഖലയുടെ നട്ടെല്ലൊടിക്കുമെന്നാണ് വ്യാപാരികളുടെ വാദം.

തുണിത്തരങ്ങള്‍ക്കും ചെരിപ്പുകള്‍ക്കും ജിഎസ്ടി വര്‍ധിപ്പിക്കാനുള്ള തീരുമാനം ധനമന്ത്രിമാരുടെ യോഗത്തില്‍ ഗുജറാത്ത് ഉള്‍പ്പെടെയുള്ള ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളും എതിര്‍ത്തിരുന്നു. ബംഗാള്‍, ഡല്‍ഹി, രാജസ്ഥാന്‍, തമിഴ്‌നാട്, തെലങ്കാന സംസ്ഥാനങ്ങളും എതിര്‍പ്പുമായി രംഗത്തെത്തിയിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com