വിമാനത്താവളത്തിന് പുറത്ത് നിന്ന് തട്ടിക്കൊണ്ടുപോയി, 10 ലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെട്ടു; നാവികസേന ഉദ്യോഗസ്ഥനെ വനത്തില്‍ തീകൊളുത്തി കൊന്നു

അക്രമിസംഘത്തിന്റെ ആക്രമണത്തില്‍ ഗുരുതരമായി പൊള്ളലേറ്റ് ആശുപത്രിയില്‍ ചികിത്സയിലിരുന്ന നാവികസേന ഉദ്യോഗസ്ഥന്‍ മരിച്ചു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

മുംബൈ: അക്രമിസംഘത്തിന്റെ ആക്രമണത്തില്‍ ഗുരുതരമായി പൊള്ളലേറ്റ് ആശുപത്രിയില്‍ ചികിത്സയിലിരുന്ന നാവികസേന ഉദ്യോഗസ്ഥന്‍ മരിച്ചു. വെള്ളിയാഴ്ച തമിഴ്‌നാട്ടില്‍ നിന്ന് കാണാതായ യുവാവിനെ മഹാരാഷ്ട്രയിലെ പാല്‍ഘറിലാണ് 90 ശതമാനം പൊള്ളലേറ്റ നിലയില്‍ കണ്ടെത്തിയത്. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചതായി നാവികസേന അറിയിച്ചു.

നാവികസേന സെയിലര്‍ സൂരജ്കുമാര്‍ ദുബെയാണ് കൊല്ലപ്പെട്ടത്. ഇയാള്‍ ഝാര്‍ഖണ്ഡ് സ്വദേശിയാണ്. അവധി കഴിഞ്ഞ് നാട്ടില്‍ നിന്ന് തിരിച്ചെത്തിയപ്പോഴാണ് തട്ടിക്കൊണ്ടുപോയത്.  ജനുവരി 30ന് മൂന്ന് പേര്‍ ചെന്നൈ വിമാനത്താവളത്തിന് പുറത്തുനിന്ന് സൂരജ്കുമാറിനെ എസ് യുവിലെത്തിയ സംഘം തട്ടിക്കൊണ്ടുപോകുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. 10 ലക്ഷം രൂപ ഇവര്‍ മോചന ദ്രവ്യമായി ആവശ്യപ്പെട്ടു. എന്നാല്‍ ഇത് കിട്ടാതെ വന്നതോടെ, ഇയാളെ മഹാരാഷ്ട്രയിലെ വൈജി-വെല്‍ജിപാഡ വനമേഖലയില്‍ റോഡ് മാര്‍ഗം കൊണ്ടുപോയി പെട്രോള്‍ ഒഴിച്ച് തീ കൊളുത്തുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. 

സംഭവത്തില്‍ പാല്‍ഘര്‍ പൊലീസ് കേ്്‌സെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സംഭവത്തില്‍ വ്യക്തിവൈരാഗ്യവുമായി ബന്ധപ്പെട്ട എന്തെങ്കിലും പ്രശ്നമുണ്ടോയെന്ന് അന്വേഷിക്കുകയാണെന്ന് പൊലീസ് അറിയിച്ചു. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചിട്ടില്ല. പ്രദേശവാസികള്‍ വിറകിനായി കാട്ടിലെത്തിയപ്പോഴാണ് പൊള്ളലേറ്റ നിലയില്‍ കണ്ടെത്തിയത്. ഇവരാണ് പൊലീസിനെ വിവരമറിയിച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com