പുകവലിക്കാൻ 21 വയസ് തികയണം; പൊതുസ്ഥലത്ത് സി​ഗരറ്റ് പുകച്ചാൽ പിഴ 2000; ഭേദ​ഗതിക്കൊരുങ്ങി കേന്ദ്രം

പുകവലിക്കാൻ 21 വയസ് തികയണം; പൊതുസ്ഥലത്ത് സി​ഗരറ്റ് പുകച്ചാൽ പിഴ 2000; ഭേദ​ഗതിക്കൊരുങ്ങി കേന്ദ്രം
പ്രതീകാത്മക ചിത്രം/ ഫയൽ
പ്രതീകാത്മക ചിത്രം/ ഫയൽ

ന്യൂഡൽഹി: സിഗരറ്റും പുകയില ഉത്പന്നങ്ങളും ഉപയോഗിക്കുന്നതിനുള്ള കുറഞ്ഞ പ്രായം 21 വയസാക്കാൻ കേന്ദ്ര സർക്കാർ ഒരുങ്ങുന്നതായി റിപ്പോർട്ടുകൾ. നിലവിൽ 18 വയസാണു പുകയില ഉത്പന്നങ്ങൾ വാങ്ങുന്നതിനും വിൽക്കുന്നതിനുമുള്ള കുറഞ്ഞ പ്രായപരിധി. കേന്ദ്ര ആരോഗ്യ മന്ത്രാലയമാണ് പുതിയ ഭേദഗതിക്കു ചുക്കാൻ പിടിക്കുന്നത്. പുകയില ഉത്പന്നങ്ങൾ പരസ്യം ചെയ്യുന്നതും വാങ്ങുന്നതും വിൽക്കുന്നതും വിതരണം ചെയ്യുന്നതും സംബന്ധിച്ചു നിലവിലുള്ള പുകയില നിരോധന നിയമത്തിൽ ഭേദ​ഗതി വരുത്താനാണ് സർക്കാർ ഒരുങ്ങുന്നത്. 

പുകയില നിരോധന നിയമ ഭേദഗതി 2020ന്റെ കരട് സർക്കാർ തയാറാക്കി. ഭേദഗതി പ്രകാരം ഒരു വ്യക്തിയും പുകയില ഉത്പന്നം 21 വയസിൽ താഴെയുള്ളയാൾക്കോ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് 100 മീറ്റർ പരിധിയിലോ വിൽക്കുകയോ വിൽക്കാൻ പ്രേരിപ്പിക്കുകയോ ചെയ്യരുത്. 

അനധികൃതമായി സിഗരറ്റുകളും പുകയില ഉത്പന്നങ്ങളും വിൽക്കുന്നതിനെതിരെയും നിയമം വന്നേക്കും. പൊതുസ്ഥലങ്ങളിൽ പുകവലിക്കുന്നതിനുള്ള പിഴ 200 രൂപയിൽ നിന്ന് 2000 രൂപയാക്കുമെന്നാണ് ബില്ലിന്റെ കരടിൽ പറയുന്നത്. ഇതു കൂടാതെ പുകയില ഉത്പന്നങ്ങളുടെ പരസ്യത്തിലും മറ്റും പങ്കാളിയാകുന്നതും പുകയില ഉപയോഗിക്കാൻ പ്രേരിപ്പിക്കുന്നതും കുറ്റമായി കണക്കാക്കുന്നു. 

പുകയില നിരോധന നിയമത്തിന്റെ ഏഴാം വകുപ്പും ഭേദഗതി ചെയ്തു. നിയമം തെറ്റിക്കുന്നവർക്ക് രണ്ട് വർഷം വരെ തടവും ഒരു ലക്ഷം വരെ പിഴയും ഈടാക്കിയേക്കും. ഇതിനു പുറമേ നിർദേശിച്ചിരിക്കുന്നതിലും വളരെ കുറച്ച് അളവിൽ പുകയില ഉത്പന്നങ്ങൾ നേരിട്ടോ അല്ലാതെയോ വിൽക്കുന്നതോ വിതരണം ചെയ്യുന്നതോ കുറ്റകരമാണെന്ന വ്യവസ്ഥ കൂടി ചേർക്കും. ഇത് ലംഘിക്കുന്നവർക്ക് അഞ്ച് വർഷം വരെ തടവും പിഴയും അനുഭവിക്കേണ്ടി വരും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com