'ആ പതാക ഒരു മുന്നറിയിപ്പ്' എന്ന് തരൂര്‍ ; 'ആ വംശവെറിയൻ താങ്കളുടെ സുഹൃത്തെന്ന്' വരുണ്‍ ഗാന്ധി ; ട്വിറ്ററില്‍ വാക്‌പോര്

എന്തുകൊണ്ടാണ് അവിടെ ഒരു ഇന്ത്യന്‍ പതാക ??? ഈ പോരാട്ടത്തില്‍ നമ്മള്‍ പങ്കെടുക്കേണ്ടതില്ല
ശശി തരൂര്‍, വരുണ്‍ ഗാന്ധി / ഫയല്‍ ചിത്രം
ശശി തരൂര്‍, വരുണ്‍ ഗാന്ധി / ഫയല്‍ ചിത്രം


ന്യൂഡല്‍ഹി : അമേരിക്കന്‍ പാര്‍ലമെന്റ് മന്ദിരത്തില്‍ ട്രംപ് അനുകൂലികള്‍ നടത്തിയ തേര്‍വാഴ്ചയ്ക്കിടെ ഇന്ത്യന്‍ പതാകയും പാറിയ സംഭവത്തില്‍ കോണ്‍ഗ്രസ് എംപി ശശി തരൂരും ബിജെപി എംപി വരുണ്‍ ഗാന്ധിയും തമ്മില്‍ പൊരിഞ്ഞ പോര്. ട്വിറ്ററിലൂടെയാണ് ഇരുവരും വാഗ്വാദം നടത്തുന്നത്. 

എന്തുകൊണ്ടാണ് അവിടെ ഒരു ഇന്ത്യന്‍ പതാക ??? ഈ പോരാട്ടത്തില്‍ നമ്മള്‍ പങ്കെടുക്കേണ്ടതില്ല എന്നാണ് വരുണ്‍ഗാന്ധി കുറിച്ചത്. അമേരിക്കന്‍ പതാകയ്‌ക്കൊപ്പം ഇന്ത്യന്‍ പതാകയും പാറുന്ന ദൃശ്യം ഉള്‍പ്പെടെ പങ്കുവെച്ചുകൊണ്ടായിരുന്നു വരുണ്‍ ഗാന്ധിയുടെ ട്വീറ്റ്. 

ഇതിന് പ്രതികരണവുമായി ശശി തരൂര്‍ രംഗത്തെത്തി. ഇന്ത്യയില്‍ ചിലര്‍ക്ക് ട്രംപിസ്റ്റ് ജനക്കൂട്ടത്തിന്റെ മാനസികാവസ്ഥ ഉണ്ടെന്നും അവരോട് വിയോജിക്കുന്ന എല്ലാവരെയും 'ദേശവിരുദ്ധരും രാജ്യദ്രോഹികളുമാണെന്ന്' മുദ്രകുത്തുകയും ചെയ്യുന്നുവെന്ന് തരൂര്‍ പ്രതികരിച്ചു. ആ പതാക ഒരു മുന്നറിയിപ്പാണെന്നും തരൂര്‍ കൂട്ടിച്ചേര്‍ത്തു. 

ഇക്കാലത്ത്, രാജ്യത്തിന്റെ അഭിമാനം പ്രകടിപ്പിക്കാന്‍ ദേശീയ പതാക ഉപയോഗിക്കുന്ന ഇന്ത്യാക്കാരെ പരിഹസിക്കുന്നത് കണ്ടുവരുന്നു. അതേസമയം, അപകീര്‍ത്തികരമായ ആവശ്യങ്ങള്‍ക്കായി പതാക ഉപയോഗിക്കുന്നതും വളരെ എളുപ്പമാണ്. നിര്‍ഭാഗ്യവശാല്‍, മിക്ക ലിബറലുകളും ഇന്ത്യയില്‍ ദേശീയ വിരുദ്ധ പ്രക്ഷോഭങ്ങളില്‍ (ഉദാ. ജെഎന്‍യുവില്‍) ഇത് ദുരുപയോഗം ചെയ്യുമെന്ന മുന്നറിയിപ്പുകളെ അവഗണിച്ചു. 

ഇത് ഞങ്ങള്‍ക്ക് അഭിമാനത്തിന്റെ പ്രതീകമാണ്, ഏതെങ്കിലും 'മാനസികാവസ്ഥ' പരിഗണിക്കാതെ ഞങ്ങള്‍ അതിനെ ആരാധിക്കുന്നു.എന്നും വരുണ്‍ ഗാന്ധി കുറിച്ചു. ഇതിനു പിന്നാലെ ക്യാപിറ്റോളിലെ കലാപത്തിനിടെ ഇന്ത്യന്‍ ദേശീയ പതാക വീശിയത് മലയാളിയാണെന്ന് കണ്ടെത്തി. ഇയാള്‍ക്ക് ശശി തരൂരുമായുള്ള അടുപ്പം പരാമര്‍ശിച്ച്, ഈ വംശവെറിയൻ നിങ്ങളുടെ  പ്രിയ സുഹൃത്താണെന്ന് ഇപ്പോള്‍ വ്യക്തമായി എന്നും വരുണ്‍ഗാന്ധി അഭിപ്രായപ്പെട്ടു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com