യൂണിഫോമും മെഡലും ധരിച്ച് കര്‍ഷക പ്രക്ഷോഭത്തില്‍ പങ്കെടുക്കരുത്; ജവാന്മാര്‍ക്ക്‌ താക്കീതുമായി കരസേന

കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് കര്‍ഷകര്‍ നടത്തുന്ന പ്രക്ഷോഭത്തില്‍ യൂണിഫോമും മെഡലും ധരിച്ച് പങ്കെടുക്കരുതെന്ന് വിരമിച്ച ഭടന്മാര്‍ക്ക് കരസേനയുടെ നിര്‍ദേശം
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ന്യൂഡല്‍ഹി: കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് കര്‍ഷകര്‍ നടത്തുന്ന പ്രക്ഷോഭത്തില്‍ യൂണിഫോമും മെഡലും ധരിച്ച് പങ്കെടുക്കരുതെന്ന് വിരമിച്ച ഭടന്മാര്‍ക്ക് കരസേനയുടെ നിര്‍ദേശം. യൂണിഫോം ധരിക്കുന്നതുമായി ബന്ധപ്പെട്ട മാര്‍ഗനിര്‍ദേശം വീണ്ടും ഓര്‍മ്മിപ്പിച്ച് കേന്ദ്രീയ സൈനിക് ബോര്‍ഡിന് കരസേന കത്തയച്ചു. 

ഔദ്യോഗിക പരിപാടികളില്‍ മാത്രമേ യൂണിഫോം ധരിക്കാവൂ എന്ന് കരസേനയുടെ മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു. ചില പ്രതിഷേധക്കാര്‍  യൂണിഫോം ധരിച്ച് പ്രക്ഷോഭത്തില്‍ പങ്കെടുത്തത് ശ്രദ്ധയില്‍പ്പെട്ട സാഹചര്യത്തിലാണ് കരസേനയുടെ മാര്‍ഗനിര്‍ദേശം. പൊതുജനം ഒത്തുകൂടുന്നതിലും പ്രതിഷേധത്തിലും യൂണിഫോം ധരിച്ച് പങ്കെടുക്കരുതെന്ന് മാര്‍ഗനിര്‍ദേശത്തില്‍ ആവര്‍ത്തിക്കുന്നു.

സേനയില്‍ സേവനം അനുഷ്ഠിക്കുന്ന വേളയില്‍ തന്നെ അവധിയെടുത്ത് പ്രതിഷേധത്തില്‍ പങ്കെടുത്ത ചില സംഭവങ്ങള്‍ കരസേനയുടെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇതിന്റെ വീഡിയോകളും പകര്‍ത്തിയിട്ടുണ്ട്. ഈ പശ്ചാത്തലത്തിലാണ് നടപടികള്‍ കടുപ്പിച്ച് കരസേന രംഗത്തുവന്നത്. സിഖ്, പഞ്ചാബ് റെജിമെന്റിലെ ജവാന്മാരോട് പ്രതിഷേധത്തില്‍ പങ്കെടുക്കരുതെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

അടുത്തിടെ, യൂണിഫോം ധരിച്ച് കര്‍ഷകരുടെ പ്രതിഷേധത്തില്‍ പങ്കെടുക്കുന്നയാളുടെ വീഡിയോ വൈറലായിരുന്നു. സേനയില്‍ സേവനം ചെയ്യുന്ന ആളാണ് പ്രതിഷേധത്തില്‍ പങ്കെടുത്തത് എന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. എന്നാല്‍ ഇയാള്‍ വിരമിച്ച ഭടനാണ് എന്ന് കണ്ടെത്തിയിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com