ശമ്പളം മൗലിക അവകാശം, പണമില്ലെന്ന പേരില്‍ നല്‍കാതിരിക്കാനാവില്ല; ഡല്‍ഹി ഹൈക്കോടതി

ശമ്പളം മൗലിക അവകാശം, പണമില്ലെന്ന പേരില്‍ നല്‍കാതിരിക്കാനാവില്ല; ഡല്‍ഹി ഹൈക്കോടതി
ഡല്‍ഹി ഹൈക്കോടതി/ഫയല്‍
ഡല്‍ഹി ഹൈക്കോടതി/ഫയല്‍

ന്യൂഡല്‍ഹി: ശമ്പളം ലഭിക്കുന്നതിനുള്ള അവകാശം ഭരണഘടന ഉറപ്പുനല്‍കുന്ന മൗലികാവകാശത്തിന്റെ ഭാഗമെന്ന് ഡല്‍ഹി ഹൈക്കോടതി. പണമില്ലെന്ന പേരില്‍ ജീവനക്കാര്‍ക്കു ശമ്പളം നല്‍കാതിരിക്കാനാവില്ലെന്ന് ജസ്റ്റിസുമാരായ വിപിന്‍ സംഘി, രേഖാ പാലി എന്നിവര്‍ അടങ്ങിയ ഡിവിഷന്‍ ബെഞ്ച് വിധിച്ചു. 

ഡല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ ജീവനക്കാര്‍ക്കു ശമ്പളം പെന്‍ഷനും വൈകിയതിന് എതിരായ ഹര്‍ജിയിലാണ് കോടതിയുടെ ഇടപെടല്‍. പണമില്ലെന്നത് ജീവനക്കാര്‍ക്കു ശമ്പളം നല്‍കാതിരിക്കുന്നതിനുള്ള ഒഴിവുകഴിവ് ആയി കാണാനാവില്ലെന്ന് കോടതി വ്യക്തമാക്കി. 

വേതനവും പെന്‍ഷനും ലഭിക്കുന്നതിനുള്ള അവകാശം ഭരണഘടനയുടെ 21ാം അനുച്ഛേദം ഉറപ്പുനല്‍കുന്ന മൗലിക അവകാശത്തിന്റെ ഭാഗമാണ്. വേതനം ലഭിക്കാതിരിക്കുന്നത് ജീവിത നിലവാരത്തെ നേരിട്ടു ബാധിക്കുന്ന കാര്യമാണെന്ന് കോടതി പറഞ്ഞു.

മഹാമാരിയുടെ കാലത്ത് ആഹോരാത്രം പ്രവര്‍ത്തിക്കുന്ന ഡോക്ടര്‍മാര്‍, പാരാമെഡിക്കല്‍ ജീവനക്കാര്‍, ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവര്‍ ഉള്‍പ്പെടെയുള്ളവരുടെ വേതനവും പെന്‍ഷനുമാണ് മുടങ്ങിയിരിക്കുന്നത്. പണമില്ലെന്ന കോര്‍പ്പറേഷന്റെ വാദഗതി സ്വീകാര്യമേയല്ല. കോര്‍പ്പറേഷനുകളുടെ മറ്റു ചെലവു വിവരങ്ങള്‍ വിശദമായി അറിയിക്കാന്‍ കോടതി  നിര്‍ദേശം നല്‍കി. 

ശമ്പളവും പെന്‍ഷനും വൈകുന്നതില്‍ പ്രതിഷേധിച്ച് ഡല്‍ഹിയിലെ വിവിധ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ ജീവനക്കാര്‍ പ്രതിഷേധ സമരത്തിലാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com