കൊടി ഉയര്‍ത്താന്‍ നേതൃത്വം നല്‍കിയ ദീപ് സിദ്ദു ബിജെപി പ്രവര്‍ത്തകന്‍ ; ട്രാക്ടര്‍ റാലിയുടെ ആസൂത്രണത്തില്‍ പാളിച്ച പറ്റിയെന്ന് കര്‍ഷക സംഘടനകള്‍

ദീപ് സിദ്ദു ഒരു കര്‍ഷകനല്ല. അയാള്‍ ബിജെപി പ്രവര്‍ത്തകനാണെന്ന് ഭാരതീയ കിസാന്‍ യൂണിയന്‍ നേതാവ് രാകേഷ് ടിക്കായത്ത്
കര്‍ഷകസമരക്കാരുടെ ചെങ്കോട്ടയിലെ പ്രതിഷേധം / ചിത്രം- പര്‍വീണ്‍ നേഗി ( ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ്)
കര്‍ഷകസമരക്കാരുടെ ചെങ്കോട്ടയിലെ പ്രതിഷേധം / ചിത്രം- പര്‍വീണ്‍ നേഗി ( ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ്)

ന്യൂഡല്‍ഹി : കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങളില്‍ പ്രതിഷേധിച്ച് സംഘടിപ്പിച്ച റിപ്പബ്ലിക് ദിന റാലിയുടെ ആസൂത്രണം പാളിയെന്ന് കര്‍ഷക സംഘടനകള്‍. റാലിയുടെ ആസൂത്രണം പാളി. ചെങ്കോട്ടയില്‍ കൊടി കെട്ടിയവരുമായി ബന്ധമില്ല. സമാധാനപരമായ സമരവുമായി മുന്നോട്ടുപോകുമെന്നും സംയുക്ത കിസാന്‍ മോര്‍ച്ച വ്യക്തമാക്കി. 

ചെങ്കോട്ടയില്‍ കൊടി ഉയര്‍ത്താന്‍ നേതൃത്വം നല്‍കിയ ദീപ് സിദ്ദു ഒരു കര്‍ഷകനല്ല. അയാള്‍ ബിജെപി പ്രവര്‍ത്തകനാണെന്ന് ഭാരതീയ കിസാന്‍ യൂണിയന്‍ നേതാവ് രാകേഷ് ടിക്കായത്ത് പറഞ്ഞു. ഇത് കര്‍ഷകരുടെ സമരമാണ്. അത് തുടര്‍ന്നും മുന്നോട്ടുകൊണ്ടുപോകും. 

പൊലീസ് ബാരിക്കേഡ് തകര്‍ത്തവര്‍ സമരത്തിന്റെ ഭാഗമായുള്ളവരല്ല. ഇവര്‍ പെട്ടെന്ന് തന്നെ സ്ഥലത്തു നിന്നും അപ്രത്യക്ഷമായി. ദീപ് സിദ്ദു ഒരു സിഖുകാരനല്ല, ബിജെപിക്കാരനാണ്. ഇയാള്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കൊപ്പമുള്ള ചിത്രം പുറത്തുവന്നിട്ടുണ്ട്. 

സംഘര്‍ഷം ഉണ്ടാക്കിയവര്‍ക്കും ചെങ്കോട്ടയില്‍ പതാക കെട്ടിയവര്‍ക്കും അര്‍ഹിക്കുന്ന ശിക്ഷ ലഭിക്കണം. കഴിഞ്ഞ രണ്ടു മാസമായി പ്രത്യേക സമുദായത്തില്‍ നിന്നും സമരത്തിനെതിരെ ഗൂഢാലോചന നടക്കുന്നുണ്ട്. ഇത് സിഖുകാരുടെ സമരമല്ല, കര്‍ഷകരുടെ സമരമാണെന്ന് രാകേഷ് ടിക്കായത്ത് പറഞ്ഞു. 

വിദ്യാഭ്യാസം കുറഞ്ഞ ജനങ്ങളാണ് ട്രാക്ടറുമായി സമരത്തിനെത്തിയത്. ഇവര്‍ക്ക് ഡല്‍ഹിയിലെ വഴികളെക്കുറിച്ച് അറിയില്ല. പൊലീസും ഭരണാധികാരികളും ഇവര്‍ക്ക് ഡല്‍ഹിയിലേക്കുള്ള വഴി വ്യക്തമായി പറഞ്ഞുകൊടുക്കണമായിരുന്നു. അവര്‍ ഡല്‍ഹിയിലെത്തി പ്രതിഷേധിച്ച് തിരികെ വീട്ടില്‍ പോകാനാണ് വന്നത്. എന്നാല്‍ ചിലര്‍ വഴിതെറ്റിച്ച് ചെങ്കോട്ടയിലെത്തിക്കുകയായിരുന്നു. പൊലീസ് ഇവരെ പിന്തിരിപ്പിക്കണമായിരുന്നു എന്നും രാകേഷ് ടിക്കായത്ത് പറഞ്ഞു. 

ട്രാക്ടര്‍റാലിയുമായി ബന്ധപ്പെട്ട് തലസ്ഥാനത്തുണ്ടായ സംഘര്‍ഷത്തില്‍ 15 കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായി ഡല്‍ഹി പൊലീസ് അറിയിച്ചു. അഞ്ച് എഫ്‌ഐആര്‍ ഈസ്‌റ്റേണ്‍ റേഞ്ചിലാണ് ഫയല്‍ ചെയ്തിട്ടുള്ളത്. ഇന്നലെ ഉണ്ടായ സംഘര്‍ഷത്തില്‍ റാലിയില്‍ പങ്കെടുത്ത 215 പേര്‍ക്കും 300 പൊലീസുകാര്‍ക്കും പരിക്കേറ്റതായി ഡല്‍ഹി പൊലീസ് വ്യക്തമാക്കി. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com