നഗരം 'വൃത്തി'യായിരിക്കണം, അവാര്‍ഡ് നേടണം; നിരാലംബരെ ട്രക്കില്‍ കയറ്റി വഴിയരികില്‍ തള്ളി, കൊടുംക്രൂരത (വിഡിയോ)

കഴിഞ്ഞ നാലു വര്‍ഷവും രാജ്യത്തെ വൃത്തിയുള്ള നഗരത്തിനുള്ള ദേശീയ പുരസ്‌കാരം നേടിയ ഇന്‍ഡോറില്‍നിന്നാണ് ഞെട്ടിക്കുന്ന വിഡിയോ
വിഡിയോയില്‍നിന്നുള്ള ദൃശ്യം
വിഡിയോയില്‍നിന്നുള്ള ദൃശ്യം

ഭോപ്പാല്‍ (മധ്യപ്രദേശ്): നഗരത്തെ വൃത്തിയായി' നിലനിര്‍ത്തുന്നതിന് നിരാലംബരായ വയോധികരെ ഉദ്യോഗസ്ഥര്‍ നഗര പ്രാന്തത്തില്‍ തള്ളുന്ന വിഡിയോ പുറത്ത്. കഴിഞ്ഞ നാലു വര്‍ഷവും രാജ്യത്തെ വൃത്തിയുള്ള നഗരത്തിനുള്ള ദേശീയ പുരസ്‌കാരം നേടിയ ഇന്‍ഡോറില്‍നിന്നാണ് ഞെട്ടിക്കുന്ന വിഡിയോ. 

പത്തോളം വയോധികരെ ട്രക്കില്‍ കയറ്റി നഗരപ്രാന്തത്തില്‍ ഇറക്കിവിടുന്നതിന്റെ ദൃശ്യങ്ങളാണ് സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിച്ചത്. നാട്ടുകാര്‍ പ്രതിഷേധം ഉയര്‍ത്തിയതിനെത്തുടര്‍ന്ന് ഇവരെ തിരിച്ചുകൊണ്ടുപോവുന്നതും ദൃശ്യങ്ങളിലുണ്ട്. തുടര്‍ച്ചയായ അഞ്ചാം വര്‍ഷവും വൃത്തിയുള്ള നഗരത്തിനുള്ള പുരസ്‌കാരം നേടാനുള്ള 'ശ്രമത്തിലാണ്' ഇന്‍ഡോര്‍.

വിഡിയോ പുറത്തവന്നതിനു പിന്നാലെ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ ഡെപ്യൂട്ടി കമ്മിഷണര്‍ പ്രതാപ് സോളങ്കിയെ സസ്‌പെന്‍ഡ് ചെയ്യാന്‍ മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ നിര്‍ദേശം നല്‍കി. വയോധികരെ വണ്ടിയില്‍ കയറ്റി കൊണ്ടുപോവാന്‍ ഒപ്പം നിന്ന രണ്ടു കരാര്‍ ജീവനക്കാരെ ജോലിയില്‍നിന്നു പിരിച്ചുവിട്ടു.

സംഭവവുമായി ബന്ധപ്പെട്ട് മൂന്നു വിഡിയോകളാണ് പ്രചരിച്ചത്. ഒന്നില്‍ പ്രായമായവരെ ട്രക്കില്‍ കൊണ്ടുവന്ന് വഴിയരികില്‍ തള്ളുന്നതാണ്. ഇവരെ ഇറക്കിയ ശേഷം വസ്തുവകകള്‍ എറിഞ്ഞുകൊടുക്കുന്നുമുണ്ട്. കൊടുംതണുപ്പു കാലത്താണ് പ്രായമായ ആളുകളെ വഴിയരികില്‍ ഇറക്കിവിടുന്നത്. 

നാട്ടുകാരനായ രാജേഷ് ജോഷിയാണ് വിഡിയോ ചിത്രീകരിച്ചു സാമൂഹ്യ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തത്. പ്രദേശവാസികള്‍ എതിര്‍പ്പു പ്രകടിപ്പിച്ചതിനെത്തുടര്‍ന്ന് ഇതേ ട്രക്കില്‍ ഇവരെ മടക്കിക്കൊണ്ടുപോവുന്നതായി മറ്റൊരു വിഡിയോയിലുണ്ട്. 

ഉച്ചയ്ക്കു രണ്ടരയോടെയാണ് വയോധികരെ റോഡില്‍ ഇറക്കിവിട്ടതെന്ന് രാജേഷ് ജോഷി പറഞ്ഞു. എട്ടോ പത്തോ പേരാണ് ട്രക്കില്‍ ഉണ്ടായിരുന്നത്. ബലം പ്രയോഗിച്ചാണ് എല്ലാവരെയും ഇറക്കിയത്. രണ്ടോ മൂന്നോ  പേര്‍ സ്ത്രീകളാണ്. എന്തിനാണ് ഇങ്ങനെ ചെയ്യുന്നതെന്ന് ചോദിച്ചപ്പോള്‍ ഇവര്‍ നഗരം വൃത്തികേടാക്കുന്നു എന്നാണ് ഉദ്യോഗസ്ഥര്‍ മറുപടി നല്‍കിയതെന്ന് ജോഷി പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com