ശശി തരൂര്‍ പ്രതിപക്ഷ നേതാവാകും ?; അധീര്‍ രഞ്ജന്‍ ചൗധരിയെ കോണ്‍ഗ്രസ് മാറ്റിയേക്കുമെന്ന് റിപ്പോര്‍ട്ട്

ലോക്‌സഭ കക്ഷി നേതൃസ്ഥാനത്ത് അധീര്‍ രഞ്ജന്‍ ചൗധരി തുടരുമ്പോള്‍ സഖ്യത്തിന് തൃണമൂല്‍ തയ്യാറായേക്കില്ലെന്ന് കോണ്‍ഗ്രസ് വിലയിരുത്തുന്നു
അധീര്‍ രഞ്ജന്‍ ചൗധരി, ശശി തരൂര്‍ /ഫയല്‍ ചിത്രം
അധീര്‍ രഞ്ജന്‍ ചൗധരി, ശശി തരൂര്‍ /ഫയല്‍ ചിത്രം

ന്യൂഡല്‍ഹി : ലോക്‌സഭയിലെ കോണ്‍ഗ്രസ് കക്ഷി നേതാവായ അധീര്‍ രഞ്ജന്‍ ചൗധരിയെ മാറ്റിയേക്കുമെന്ന് റിപ്പോര്‍ട്ട്. തൃണമൂല്‍ കോണ്‍ഗ്രസുമായി അടുക്കുന്നതിന്റെ ഭാഗമായാണ് സോണിയാഗാന്ധി ഈ തീരുമാനം കൈക്കൊള്ളുക എന്നാണ് സൂചന. പാര്‍ലമെന്റിന്റെ മഴക്കാല സമ്മേളനം ഈ മാസം തുടങ്ങാനിരിക്കെ ഇക്കാര്യത്തില്‍ ഉടന്‍ തീരുമാനം ഉണ്ടായേക്കും. 

ബിജെപിക്കും കേന്ദ്രസര്‍ക്കാരിനുമെതിരായ പ്രതിരോധം കടുപ്പിക്കുന്നതിന്റെ ഭാഗമായി തൃണമൂല്‍ കോണ്‍ഗ്രസുമായി ബന്ധം ശക്തമാക്കാനാണ് കോണ്‍ഗ്രസ് നീക്കം. എന്നാല്‍ പശ്ചിമ ബംഗാളില്‍ മമത ബാനര്‍ജിയുടെ കടുത്ത വിമര്‍ശകനാണ്, പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ കൂടിയായ അധീര്‍ രഞ്ജന്‍ ചൗധരി. ബെര്‍ഹാംപൂരില്‍ നിന്നുള്ള എംപിയാണ് ചൗധരി. 

ലോക്‌സഭ കക്ഷി നേതൃസ്ഥാനത്ത് അധീര്‍ രഞ്ജന്‍ ചൗധരി തുടരുമ്പോള്‍ സഖ്യത്തിന് തൃണമൂല്‍ തയ്യാറായേക്കില്ലെന്ന് കോണ്‍ഗ്രസ് വിലയിരുത്തുന്നു. മമത പാര്‍ലമെന്റ് സന്ദര്‍ശനത്തിനെത്തിയ സമയങ്ങളില്‍ കാണാന്‍ കൂട്ടാക്കാതിരുന്നതും ലോക്‌സഭാ തെരഞ്ഞെടുപ്പു വേളയിലെ കടുത്ത വിമര്‍ശനങ്ങളും തൃണമൂലും അധീര്‍ രഞ്ജന്‍ ചൗധരിയുമായുള്ള ബന്ധം വഷളാക്കിയിട്ടുണ്ട്.

തൃണമൂല്‍ ഉള്‍പ്പെടെയുള്ള കക്ഷികളുടെ പിന്തുണയില്ലാതെ പ്രതിപക്ഷ നിര സജീവമാക്കാന്‍ കഴിയില്ലെന്ന ബോധ്യത്തിന്റെ കൂടി അടിസ്ഥാനത്തിലാണ് നേതൃമാറ്റത്തിനുള്ള ആലോചന. അധീര്‍ രഞ്ജന്‍ ചൗധരിക്ക് പകരം രാഹുല്‍ഗാന്ധി ലോക്‌സഭ കക്ഷി നേതൃപദവിയിലേക്ക് വരണമെന്ന് ഒരു വിഭാഗം ആവശ്യപ്പെടുന്നുണ്ട്. എന്നാല്‍ രാഹുല്‍ അതിന് തയ്യാറായേക്കുമോ എന്ന് വ്യക്തതയില്ല. 

ഈ സാഹചര്യത്തില്‍ തിരുവനന്തപുരത്തു നിന്നുള്ള എംപി ശശി തരൂരിന്റെ പേര് നേതൃസ്ഥാനത്തേക്ക് ഉയരുന്നത്. അനന്ത്പൂര്‍ സാഹിബില്‍ നിന്നുള്ള എംപി മനീഷ് തിവാരിയുടെ പേരും ഉയര്‍ന്നുകേള്‍ക്കുന്നുണ്ട്. കോണ്‍ഗ്രസിലെ നേതൃപ്രതിസന്ധിയുടെ പേരില്‍ ഹൈക്കമാന്‍ഡിനെതിരെ നേരിട്ടു വിമര്‍ശനമുയര്‍ത്തിയ ജി-23 നേതാക്കളില്‍പ്പെടുന്നവരാണ് ഇരുവരും. ജൂലൈ 19 നാണ് പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനം തുടങ്ങുകയെന്നാണ് റിപ്പോര്‍ട്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com