മീനാക്ഷി ലേഖി, ശോഭാ കരന്തലജെ, സിന്ധ്യ; പുതിയ മന്ത്രിമാരുടെ പട്ടികയായി, അനുരാഗ് ഠാക്കൂറിനു കാബിനറ്റ് പദവി?

രണ്ടാം നരേന്ദ്ര മോദി മന്ത്രിസഭയുടെ ആദ്യ പുനഃസംഘടന ഇന്നു വൈകിട്ട് നടക്കും
മീനാക്ഷി ലേഖി, അനുരാഗ് ഠാക്കൂര്‍/ഫയല്‍
മീനാക്ഷി ലേഖി, അനുരാഗ് ഠാക്കൂര്‍/ഫയല്‍

ന്യൂഡല്‍ഹി: രണ്ടാം നരേന്ദ്ര മോദി മന്ത്രിസഭയുടെ ആദ്യ പുനഃസംഘടന ഇന്നു വൈകിട്ട് നടക്കും. കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ എത്തിയ ജ്യോതിരാദിത്യ സിന്ധ്യ കാബിനറ്റ് പദവിയോടെ മന്ത്രിസഭയില്‍ എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അസമില്‍നിന്നുള്ള സര്‍ബാനന്ദ സോനോവാള്‍, മഹാരാഷ്ട്രയില്‍നിന്നുള്ള നാരായണ്‍ റാണെ എന്നിവരും കാബിനറ്റ് മന്ത്രിമാരാവും.

ഇന്നു സത്യപ്രതിജ്ഞ ചെയ്യേണ്ടവരെ പ്രധാനമന്ത്രിയുടെ ഓഫിസില്‍നിന്നു നേരിട്ടു വിളിച്ച് വിവരം അറിയിക്കുകയായിരുന്നു. ഇതനുസരിച്ച് നേതാക്കള്‍ നേരത്തെ തന്നെ ഡല്‍ഹിയില്‍ എത്തി.

പട്ടികയില്‍ ഉള്ള ജ്യോതിരാദിത്യ സിന്ധ്യ, നാരായണ്‍ റാണെ, സര്‍ബാനന്ദ സോനോവാള്‍ എന്നിവര്‍ ഉച്ചയോടെ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി. ബിജെപി ദേശീയ വക്താവ് മീനാക്ഷി ലേഖി, കര്‍ണാടകയില്‍നിന്നുള്ള ശോഭാ കരന്തലജെ എന്നിവരും പ്രധാനമന്ത്രിയെ കാണാന്‍ എത്തിയതോടെ അവര്‍ മന്ത്രിയാവുമെന്ന് വ്യക്തമായിട്ടുണ്ട്.

അപ്‌നാ ദള്‍ നേതാവ് അനുപ്രിയ പട്ടേല്‍, കപില്‍ പാട്ടീല്‍, അജയ് ഭട്ട്, ഭൂപേന്ദര്‍ യാദവ്, പ്രീതം മുണ്ടെ, പരുപതി പരസ്, സുനിത ദുഗ്ഗല്‍, അശ്വിനി യാദവ്, ബിഎല്‍ വര്‍മ, ശന്തനു താക്കൂര്‍ എന്നിവരും പ്രധാനമന്ത്രിയെ കാണാനെത്തി. ജെഡിയുവില്‍നിന്ന് ആര്‍പി സിങ്, ലാലന്‍ സിങ് എന്നിവര്‍ മന്ത്രിമാരാവും.

ധനകാര്യ സഹമന്ത്രി അനുരാഗ് ഠാക്കൂറിനു കാബിനറ്റ് പദവി നല്‍കുമെന്ന് സൂചനകളുണ്ട്. ഠാക്കൂര്‍ ഇന്ന് പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി. ജി കിഷന്‍ റെഡ്ഡിക്കും സ്ഥാനക്കയറ്റം ലഭിക്കും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com