തമിഴ്‌നാടിനെ വിഭജിക്കാന്‍ കേന്ദ്ര നീക്കം?; 'കൊങ്ങുനാട് പുതിയ കേന്ദ്ര ഭരണ പ്രദേശം', ചൂടന്‍ ചര്‍ച്ച

തമിഴ്‌നാട് വിഭജിച്ച് കൊങ്ങുനാട് എന്ന പേരില്‍ പുതിയ കേന്ദ്ര ഭരണ പ്രദേശം ഉണ്ടാക്കുന്നതിനെക്കുറിച്ച് ചൂടേറിയ ചര്‍ച്ച
തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം/ഫയല്‍
തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം/ഫയല്‍

ചെന്നൈ: തമിഴ്‌നാട് വിഭജിച്ച് കൊങ്ങുനാട് എന്ന പേരില്‍ പുതിയ കേന്ദ്ര ഭരണ പ്രദേശം ഉണ്ടാക്കുന്നതിനെക്കുറിച്ച് ചൂടേറിയ ചര്‍ച്ച. വിഭജനത്തിന് ഔദ്യോഗികമായി നിര്‍ദേശമോ നീക്കമോ ഇല്ലെങ്കിലും സോഷ്യല്‍ മീഡിയയില്‍ നടന്ന ചര്‍ച്ചയില്‍ പ്രതികരണവുമായി പ്രമുഖ രാഷ്ട്രീയ പാര്‍ട്ടികള്‍ രംഗത്തുവന്നു.

തമിഴ്‌നാടിനെ വിഭജിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നീക്കം നടത്തുന്നതായി ഒരു തമിഴ് പത്രത്തില്‍ വാര്‍ത്ത വന്നതിനു പിന്നാലെയാണ് ചര്‍ച്ചകള്‍. ഔദ്യോഗിക സ്ഥിരീകരണം ഇല്ലാതെയാണ് വാര്‍ത്ത. എന്നാല്‍ ഇതു സാമൂഹ്യ മാധ്യമങ്ങളില്‍ ചൂടന്‍ ചര്‍ച്ചയാവുകയായിരുന്നു.

തമിഴ്‌നാടിനെ വിഭജിക്കാനുള്ള നീക്കം അനുവദിക്കില്ലെന്ന് ഡിഎംകെയും എഐഎഡിഎംകെയും വ്യ്ക്തമാക്കി. ഇത്തരത്തിലുള്ള ഏതു നീക്കവും മുളയിലേ നുള്ളണമെന്ന് എഐഎഡിഎംകെ വക്താവ് പറഞ്ഞു. വിഭജനത്തിന് നീക്കമൊന്നുമില്ലെന്ന് പറഞ്ഞ ബിജെപി നേതാക്കള്‍ പക്ഷേ, ജനങ്ങള്‍ക്ക് അത്തരമൊരു ആഗ്രഹമുണ്ടെങ്കില്‍ അതു നിറവേറ്റാന്‍ കേന്ദ്ര സര്‍ക്കാരിന് ഉത്തരവാദിത്തമുണ്ടെന്ന് കൂട്ടിച്ചേര്‍ത്തു.

കേന്ദ്ര സര്‍ക്കാരിനെ ഔദ്യോഗിക രേഖകളില്‍ യുണിയന്‍ ഗവണ്‍മെന്റ് എന്നു മാത്രം പരാമര്‍ശിക്കാന്‍ അടുത്തിടെ എംകെ സ്റ്റാലിന്റെ നേതൃത്വത്തിലുള്ള ഡിഎംകെ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ഇതിനു മറുപടിയായാണ് കേന്ദ്ര സര്‍ക്കാര്‍ വിഭജന നീക്കം നടത്തുന്നത് എന്നാണ് പത്രത്തില്‍ വന്ന വാര്‍ത്തയില്‍ പറയുന്നത്.

ബിജെപിക്കു നിലവില്‍ ഇങ്ങനെ പദ്ധതിയൊന്നുമില്ലെന്ന് സംസ്ഥാനത്തെ പാര്‍ട്ടി നേതാക്കള്‍ പറഞ്ഞു. നേരത്തെ ആന്ധ്രപ്രദേശിനെ രണ്ടായി വിഭജിച്ചിട്ടുണ്ട്,. ഉത്തര്‍ പ്രദേശിനെയും ഇത്തരത്തില്‍ വിഭജിച്ചു. ജനങ്ങളുടെ ഭാഗത്തുനിന്ന് ഒരു നിര്‍ദേശം മുന്നോട്ടുവന്നാല്‍ പാര്‍ട്ടി അക്കാര്യം പരിഗണിക്കുമെന്ന് നേതാക്കള്‍ പറഞ്ഞു.

തമിഴ്‌നാടിനെ വിഭജിക്കാന്‍ ആര്‍ക്കുമാവില്ലെന്ന് ഡിഎംകെ നേതാവ് കനിമൊഴി പറഞ്ഞു. തമിഴ്‌നാട് നിലവില്‍ ശക്തമായ ഭരണത്തിനു കീഴിലാണ്. വിഭജനത്തെക്കുറിച്ച് ജനങ്ങള്‍ക്ക് ഒരു ആശങ്കയും വേണ്ടെന്ന് കനിമൊഴി പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com