രാജ്പഥ് നവീകരണം നവംബറിൽ പൂര്‍ത്തിയാകും; അടുത്ത റിപ്പബ്ലിക് ദിന പരേഡ് സെന്‍ട്രല്‍ വിസ്ത അവന്യൂവിൽ 

രാജ്യത്തെ പൗരര്‍ക്ക് അഭിമാനിക്കാവുന്ന വിധത്തിലാണ് നവീകരണം പൂര്‍ത്തിയാകുന്നതെന്ന് കേന്ദ്രമന്ത്രി ഹര്‍ദീപ് സിങ് പുരി
ചിത്രം: പിടിഐ
ചിത്രം: പിടിഐ

ന്യൂഡല്‍ഹി: 2022-ലെ റിപ്പബ്ലിക് ദിന പരേഡിന് നവീകരിച്ച രാജ്പഥ് വേദിയാകും. സെന്‍ട്രല്‍ വിസ്ത അവന്യൂവിന്റെ രാഷ്ട്രപതിഭവൻ മുതൽ ഇന്ത്യാഗേറ്റ് വരെയുള്ള പുനര്‍വികസന ജോലികൾ ഇക്കൊല്ലം നവംബറില്‍ പൂര്‍ത്തിയാകുമെന്ന് അധികൃതര്‍ അറിയിച്ചു. 

രാജ്പഥിന്റെ ഇതു വരെയുള്ള നിര്‍മാണപ്രവര്‍ത്തനം തൃപ്തികരവും സമയബന്ധിതവുമാണെന്ന് കേന്ദ്രമന്ത്രി ഹര്‍ദീപ് സിങ് പുരി ട്വീറ്റ് ചെയ്തു. രാജ്യത്തെ പൗരര്‍ക്ക് അഭിമാനിക്കാവുന്ന വിധത്തിലാണ് നവീകരണം പൂര്‍ത്തിയാകുന്നതെന്ന് അദ്ദേഹം അറിയിച്ചു. ഹൗസിങ് & അര്‍ബന്‍ അഫയേഴ്‌സ് മന്ത്രാലയം സെക്രട്ടറി, മറ്റ് ഉദ്യോഗസ്ഥര്‍, കോണ്‍ട്രാക്ടര്‍, ആര്‍ക്കിടെക്റ്റ് ബിമല്‍ പട്ടേല്‍ എന്നിവര്‍ക്കൊപ്പമാണ് ഹര്‍ദീപ് സിങ് നിര്‍മാണപ്രവൃത്തികള്‍ നിരീക്ഷിച്ചത്. 

"പുനര്‍വികസന ജോലികളിൽ വന്‍തോതിലുള്ള കല്‍പ്പണി, അടിപ്പാതകളുടെ നിര്‍മാണം, ഭൂമിക്കടിയിലുള്ള കെട്ടിടസമുച്ചയം, ഉദ്യാനം, പാര്‍ക്കിങ് എന്നിവ ഉള്‍പ്പെടും. കൃത്രിമ തടാകങ്ങള്‍ക്ക് കുറുകെ പന്ത്രണ്ടോളം പാലങ്ങള്‍ പണിയും. രാജ്പഥ് സന്ദര്‍ശിക്കുന്നത് വിസ്മയകരമായ അനുഭവമായിരിക്കും. നവംബറോടെ വികസനപരിപാടി പൂര്‍ത്തിയാകുന്നതിനാല്‍ അടുത്ത വർഷത്തെ റിപ്പബ്ലിക് ദിനപരേഡ് പുതുക്കിയ രാജ്പഥിലൂടെയാവും നീങ്ങുക" , അധികൃതര്‍ അറിയിച്ചു. 

സെന്‍ട്രല്‍ വിസ്ത പുനര്‍വികസന പദ്ധതി ഷപൂര്‍ജി പല്ലോഞ്ജി ആന്‍ഡ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയാണ് ഏറ്റെടുത്തിരിക്കുന്നത്. ത്രികോണാകൃതിയിലുള്ള പാര്‍ലമെന്റ് മന്ദിരം, ഒരു പൊതു കേന്ദ്ര സെക്രട്ടറിയേറ്റ്, മൂന്ന് കിലോമീറ്ററോളം രാജ്പഥിന്റെ നവീകരണം, പ്രധാനമന്ത്രിയുടെ വസതി, പ്രധാനമന്ത്രിയുടെ ഓഫീസ്, വൈസ് പ്രസിഡന്റ് എന്‍ക്ലേവ് തുടങ്ങിയവയാണ് പദ്ധതിയിൽ ഉൾപ്പെട്ടിട്ടുള്ളത്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com