ആദ്യം ചുട്ടെരിച്ചു, പിന്നാലെ റോഡ് റോളര്‍ കയറ്റിയിറക്കി; അസമില്‍ 163 കോടി രൂപയുടെ മയക്കുമരുന്ന് നേരിട്ടെത്തി നശിപ്പിച്ച് മുഖ്യമന്ത്രി- വീഡിയോ 

മയക്കുമരുന്ന് മാഫിയയെ സംസ്ഥാനത്ത് വളരാന്‍ അനുവദിക്കില്ല എന്ന ശക്തമായ സന്ദേശം നല്‍കി പിടിച്ചെടുത്ത കോടികളുടെ മയക്കുമരുന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ നേരിട്ടെത്തി നശിപ്പിച്ചു
പിടിച്ചെടുത്ത കോടികളുടെ മയക്കുമരുന്ന് കത്തിച്ചുകളയുന്ന അസം മുഖ്യമന്ത്രി
പിടിച്ചെടുത്ത കോടികളുടെ മയക്കുമരുന്ന് കത്തിച്ചുകളയുന്ന അസം മുഖ്യമന്ത്രി

ഗുവാഹത്തി: മയക്കുമരുന്ന് മാഫിയയെ സംസ്ഥാനത്ത് വളരാന്‍ അനുവദിക്കില്ല എന്ന ശക്തമായ സന്ദേശം നല്‍കി പിടിച്ചെടുത്ത കോടികളുടെ മയക്കുമരുന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ നേരിട്ടെത്തി നശിപ്പിച്ചു. ശനി, ഞായര്‍ ദിവസങ്ങളിലായി നാലു വ്യത്യസ്ത പരിപാടികളില്‍ പങ്കെടുത്ത് കൊണ്ടാണ് ഹിമന്ത ബിശ്വ ശര്‍മ്മ മയക്കുമരുന്ന് മാഫിയയ്‌ക്കെതിരെയുള്ള പോരാട്ടം തുടരുമെന്ന സന്ദേശം നല്‍കിയത്. പിടിച്ചെടുത്ത 163 കോടി രൂപ വിലവരുന്ന മയക്കുമരുന്ന് കത്തിച്ചും റോഡ് റോളര്‍ മുകളിലൂടെ കയറ്റിയിറക്കിയുമാണ് മുഖ്യമന്ത്രി നശിപ്പിച്ചത്. 

'അസമില്‍ മയക്കുമരുന്നുകള്‍ക്ക് അന്ത്യോപചാരം' എന്ന പേരില്‍ അദ്ദേഹം തന്നെ ചിത്രം സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചു.18.82 കിലോഗ്രാം ഹെറോയിന്‍, 7944.72 കിലോഗ്രാം കഞ്ചാവ്, 67,371 കുപ്പി കഫ് സിറപ്പുകള്‍, 12ലക്ഷം മയക്കുമരുന്ന് ഗുളികകള്‍, 1.93 കിലോഗ്രാം മോര്‍ഫിന്‍, 3313 കിലോ ഒപിയം, 3 കിലോ മെതാംഫെറ്റാമിന്‍ എന്നിവയാണ് കഴിഞ്ഞ രണ്ടുമാസം കൊണ്ട് അസമില്‍ നിന്ന് പിടിച്ചെടുത്തത്. 874 കേസുകളിലായി 1493 പേരെയാണ് മയക്കുമരുന്നുമായി ബന്ധപ്പെട്ട് പുതിയ സര്‍ക്കാര്‍ അധികാരത്തിലെത്തിയതിനു ശേഷം അറസ്റ്റുചെയ്തത്.

മയക്കുമരുന്ന് വ്യാപാരത്തെ സംസ്ഥാനത്ത് ഒരുതരത്തിലും വച്ചുപൊറുപ്പിക്കില്ലെന്ന സന്ദേശം നല്‍കാനാണ് തീയിലിട്ട് നശിപ്പിച്ചതെന്ന് ഹിമന്ത ബിശ്വ ശര്‍മ്മ വ്യക്തമാക്കി. 'ഇത് മയക്കുമരുന്ന് വിപണിയിലെ വെറും 20 ശതമാനം മാത്രമാണ്. ശക്തമായ നിരീക്ഷണം ഏര്‍പ്പെടുത്തുകയാണ് മയക്കുമരുന്ന് കടത്ത് തടയുന്നതില്‍ പ്രധാനം. ഇടപാടുകാരില്‍ സര്‍ക്കാരിനകകത്തുള്ളവരും ഉള്‍പ്പെട്ടിട്ടുണ്ട്'- മുഖ്യമന്ത്രി ആരോപിച്ചു. 

'അസമില്‍ നിന്നാണ് ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലേക്ക് മയക്കുമരുന്നുകളെത്തുന്നത്. മയക്കുമരുന്ന് നിര്‍മ്മാണവും വിതരണവും  അവസാനിപ്പിക്കുന്നത് എന്റെ ഉത്തരവാദിത്ത്വമാണ്.മയക്കുമരുന്നു ഭീഷണിക്കെതിരേ ഏന്തു നടപടി എടുക്കാനും പൊലീസിന് പൂര്‍ണ അനുമതിയുണ്ട്. മയക്കുമരുന്ന് മാഫിയയെ വേരോടെ പിഴുതെറിയും'- അദ്ദേഹം വ്യക്തമാക്കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com