പ്രധാനമന്ത്രിയുടെ ഓഫീസിലെ ഉദ്യോഗസ്ഥന്റെ ഫോണും ചോര്‍ത്തി; ഇഡി ഓഫീസര്‍, കെജരിവാളിന്റെ പെഴ്‌സണല്‍ സ്റ്റാഫ്,  പുതിയ പട്ടിക പുറത്ത്

പെഗാസസ് ഫോണ്‍ ചോര്‍ത്തലില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്
എക്‌സ്പ്രസ് ഇലസ്‌ട്രേഷന്‍
എക്‌സ്പ്രസ് ഇലസ്‌ട്രേഷന്‍


ന്യൂഡല്‍ഹി: പെഗാസസ് ഫോണ്‍ ചോര്‍ത്തലില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. പ്രധാനമന്ത്രിയുടെ ഓഫീസിലെ ഉദ്യോഗസ്ഥന്റെയും ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിന്റെ പേഴ്‌സണല്‍ അസിസ്റ്റന്റായി ജോലി ചെയ്തിരുന്ന ഐഎഎസ് ഓഫീസറുടേയും ഫോണ്‍ ചോര്‍ത്തിയെന്നാണ് പുതിയ വിവരം. 

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിദേശ യാത്രകളുടെ ചുമതലയുണ്ടായിരുന്ന ഉദ്യോഗസ്ഥന്റെ ഫോണ്‍ 2017ലാണ് ചോര്‍ത്തിയിരിക്കുന്നത്. ഒരു നീതി ആയോഗ് ഉദ്യോഗസ്ഥന്റെ ഫോണും ചോര്‍ത്തിയിട്ടുണ്ടെന്ന് ദി വയര്‍ പുറത്തുവിട്ട പുതിയ റിപ്പോര്‍ട്ടില്‍ പറയുന്നു. 

എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിലെ മുതിര്‍ന്ന ഉദ്യോഗസ്ഥനായിരുന്ന രാജേശ്വര്‍ സിങ്ങിന്റെ രണ്ട് ഫോണ്‍ നമ്പറുകളില്‍ നിന്നുള്ള കോളുകള്‍ ചോര്‍ത്തി. അദ്ദേഹത്തിന്റെ കുടുംബത്തിലെ മൂന്ന് സ്ത്രീകളും ഫോണ്‍ ചോര്‍ത്തിയവരുടെ പുതിയ പട്ടികയിലുണ്ട്. ഇതില്‍ ഒരാള്‍ അദ്ദേഹത്തിന്റെ സഹോദരിയും മുന്‍ ഐഎഎസ് ഉദ്യോഗസ്ഥയും ഡല്‍ഹി ഹൈക്കോടതിയില പ്രമുഖ അഭിഭാഷകയുമായ അബ സിങ്ങിന്റെതാണ്.

മുന്‍ യുപിഎ സര്‍ക്കാരിനെ പിടിച്ചു കുലുക്കിയ 2ജി സ്‌പെക്ട്രം, എയര്‍സെല്‍-മാക്‌സിസ് അഴിമതി കേസുകള്‍ അന്വേഷിച്ച സംഘത്തില്‍പ്പെട്ടയാളാണ് രാജേശ്വര്‍. അരവിന്ദ് കെജരിവാളിന്റെ പെഴ്‌സണല്‍ അസിസ്റ്റന്റ് ആയിരുന്ന വി കെ ജെയിന്റെ ഫോണും ചോര്‍ത്തിയിട്ടുണ്ട്. 

പെഗാസസ് വിഷയത്തില്‍ കേന്ദ്രസര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കി പ്രതിപക്ഷം പാര്‍ലമെന്റിലും പുറത്തും ശക്തമായ പ്രതിഷേധമുയര്‍ത്തുന്ന സാഹചര്യത്തിലാണ് പ്രധാനമന്ത്രിയുടെ ഓഫീസിലെ ഉദ്യോഗസ്ഥന്റേത് ഉള്‍പ്പെടെയുള്ള ഫോണുകള്‍ ചോര്‍ത്തിയെന്ന പുതിയ വിവരം പുറത്തുവരുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com