ന്യൂഡൽഹി: ഇന്ത്യൻ വ്യോമസേനയുടെ ഹെലികോപ്ടർ സംഘത്തിന്റെ പ്രകടനം ശ്രദ്ധേയമായി. റഷ്യയിൽ നടന്ന ഇന്റർനാഷണൽ ഏവിയേഷൻ ആൻഡ് സ്‌പേസ് ഷോയിലാണ് ഹെലികോപ്ടർ സംഘത്തിന്റെ പ്രകടനം. 'സാരംഗ്' ആണ് നവീകരിച്ച നാല് ധ്രുവ് ഹെലികോപ്ടറുകളുമായി വ്യോമാഭ്യാസത്തിലൂടെ മനം കവർന്നത്. ഇന്ത്യയുടെ ദേശീയ പക്ഷിയായ മയിലിന്റെ സംസ്‌കൃത പദമാണ് 'സാരംഗ്'. പീലി വിടർത്തിയാടുന്ന മയിലിനെ അനുസ്മരിപ്പിക്കുന്നതായി മാറി സാരംഗിന്റെ പ്രകടനം.
MAKS എന്നിയപ്പെടുന്ന റഷ്യൻ വ്യോമാഭ്യാസ പ്രദർശനം രണ്ട് കൊല്ലത്തിലൊരിക്കലാണ് നടക്കുന്നത്. പ്രദർശനത്തിൽ പങ്കെടുത്ത ഏക റോട്ടറി വിങ് ഡിസ്‌പ്ലേ ടീമെന്ന നിലയിൽ സാരംഗ് കാഴ്ചക്കാരെ വിസ്മയിപ്പിച്ചു. തെളിഞ്ഞ ആകാശത്തിൽ ഏകക്രമത്തിൽ നീങ്ങുന്ന സാരംഗിലെ അഡ്വാൻസ് ലൈറ്റ് ഹെലികോപ്ടറുകളുടെ പ്രകടനം കണ്ണിമ ചിമ്മാതെയാണ് കാണികൾ ആസ്വദിച്ചത്.
മുകൾ വശത്ത് ചുവന്ന നിറവും താഴെ മയിൽപ്പീലി ചിത്രങ്ങളും സാരംഗ് ഹെലികോപ്ടറുകൾക്ക് പ്രൗഡമായ ഭംഗി നൽകുന്നു. ടീമംഗങ്ങളുടെ യൂണിഫോമിനും ചുവപ്പ് നിറമാണ്. ജൂലൈ 25 വരെയാണ് MAKS സംഘടിപ്പിച്ചത്. മോസ്‌കോയിൽ നിന്ന് 40 കിലോമീറ്റർ അകലെയുള്ള സുവോസ്‌കിയിലായിരുന്നു പ്രദർശനം.
നിരന്തരമായ പരിശീലനത്തിലൂടെയാണ് ഹെലികോപ്ടറുകളുടെ ഒരേ തരത്തിലുള്ള പറക്കൽ സാധ്യമാക്കുന്നത്. റോട്ടറി വിങ് പറക്കലിൽ അസ്ഥിരത ഉണ്ടാക്കുമെന്നതിനാൽ മറ്റു വിമാനങ്ങളെ അപേക്ഷിച്ച് ഹെലികോപ്ടറുകളുടെ ഏകക്രമമായ നീക്കം പ്രയാസകരമാണ്. ആത്മവിശ്വാസവും സംഘത്തിലെ മറ്റ് അംഗങ്ങളിലുള്ള വിശ്വാസവും യന്ത്രത്തിലുള്ള വിശ്വാസവുമാണ് സാരംഗിന്റെ അടിത്തറ. ഹെലികോപ്ടറുകളുടെ പ്രവർത്തനക്ഷമത കൃത്യമായ ഇടവേളകളിൽ പരിശോധിക്കുകയും ചെയ്യും.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക