പിഎം കെയര്‍ വഴി നല്‍കിയ തകരാറിലായ വെന്റിലേറ്റര്‍ കാരണം രോഗി മരിച്ചാല്‍ ഉത്തരവാദി കേന്ദ്രം; ബോംബെ ഹൈക്കോടതി

പിഎം കെയര്‍ ഫണ്ട് വഴി ഗുജറാത്ത് കമ്പനി വിതരണം ചെയ്ത തകരാറുള്ള വെന്റിലേറ്ററുകള്‍ മൂലം കോവിഡ് രോഗികള്‍ മരിക്കാനിടയായാല്‍ ഉത്തരവാദിത്തം കേന്ദ്ര സര്‍ക്കാരിന് ആയിരിക്കുമെന്ന് ബോംബെ ഹൈക്കോടതി
പ്രധാനമന്ത്രി നരേന്ദ്ര മോദി/ഫയല്‍ ചിത്രം
പ്രധാനമന്ത്രി നരേന്ദ്ര മോദി/ഫയല്‍ ചിത്രം


മുംബൈ: പിഎം കെയര്‍ ഫണ്ട് വഴി ഗുജറാത്ത് കമ്പനി വിതരണം ചെയ്ത തകരാറുള്ള വെന്റിലേറ്ററുകള്‍ മൂലം കോവിഡ് രോഗികള്‍ മരിക്കാനിടയായാല്‍ ഉത്തരവാദിത്തം കേന്ദ്ര സര്‍ക്കാരിന് ആയിരിക്കുമെന്ന് ബോംബെ ഹൈക്കോടതി. വെന്റിലേറ്ററുകള്‍ ഉപയോഗിച്ച് പരീക്ഷണം നടത്തുന്നത് അനുവദിക്കാന്‍ കഴിയില്ലെന്ന് ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി. അത്തരം വെന്റിലേറ്ററുകള്‍ ഉപയോഗിക്കുന്നതുവഴി ജീവഹാനി സംഭവിക്കാനുള്ള സാധ്യത ഒഴിവാക്കേണ്ടതാണെന്ന് കോടതി ചൂണ്ടിക്കാട്ടി.

അതിനിടെ, ന്യൂഡല്‍ഹിയിലെ റാം മനോഹര്‍ ലോഹ്യ, സഫ്ദര്‍ജങ് എന്നീ ആശുപത്രികളിടെ വിദഗ്ധ ഡോക്ടര്‍മാരുടെ സംഘം ഔറംഗബാദിലെ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് സന്ദര്‍ശിച്ച് തകരാറുള്ള വെന്റിലേറ്ററുകള്‍ പരിശോധിച്ചുവെന്ന് അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ അനില്‍ സിങ് കോടതിയെ അറിയിച്ചു. അതോടെ വിഷയം ജൂണ്‍ ഏഴിന് പരിഗണിക്കുന്നതിനായി കോടതി മാറ്റിവച്ചു.

പിഎം കെയര്‍ ഫണ്ട് വഴി ഔറംഗാബാദിലെ ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജ് ആന്‍ഡ് ഹോസ്പിറ്റലിന് ഏപ്രിലില്‍ നല്‍കിയ 150 വെന്റിലേറ്ററുകളുമായി ബന്ധപ്പെട്ട വിഷയമാണ് കോടതി പരിഗണിച്ചത്. രാജ്കോട്ട് ആസ്ഥാനമായ കമ്പനിയാണ് വെന്റിലേറ്ററുകള്‍ വിതരണം ചെയ്തത്. ഇതില്‍ 113 എണ്ണം തകരാറുള്ളതും ശരിയായ രീതിയില്‍ പ്രവര്‍ത്തിക്കാത്തതും ആണെന്ന് ഐഎഎന്‍എസ് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടു ചെയ്തിരുന്നു. അതിനിടെ, വെന്റിലേറ്ററുകള്‍ നന്നാക്കിയിട്ടും തകരാറിലാവുന്നത് തുടരുന്നുവെന്ന് മെഡിക്കല്‍ കോളേജിലെ വിദഗ്ധ സംഘം കണ്ടെത്തുകയും ചെയ്തിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com