കോവിഡ് മരുന്നുകള്‍ അനധികൃതമായി സംഭരിച്ചു; ഗംഭീര്‍ ഫൗണ്ടേഷന്‍ കുറ്റക്കാരെന്ന് ഡ്രഗ് കണ്‍ട്രോളര്‍ ഹൈക്കോടതിയില്‍

കോവിഡ് മരുന്നുകള്‍ അനധികൃതമായി സംഭരിച്ചെന്നും പൂഴ്ത്തിവെച്ചെന്നുമുള്ള പരാതിയില്‍ ഗൗതം ഗംഭീര്‍ എംപിയുടെ കീഴിലുള്ള ഗംഭീര്‍ ഫൗണ്ടേഷന്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയതായി ഡല്‍ഹി സര്‍ക്കാര്‍ ഹൈക്കോടതിയില്‍
ഗൗതം ഗംഭീര്‍/പിടിഐ
ഗൗതം ഗംഭീര്‍/പിടിഐ


ന്യൂഡല്‍ഹി: കോവിഡ് മരുന്നുകള്‍ അനധികൃതമായി സംഭരിച്ചെന്നും പൂഴ്ത്തിവെച്ചെന്നുമുള്ള പരാതിയില്‍ ഗൗതം ഗംഭീര്‍ എംപിയുടെ കീഴിലുള്ള ഗംഭീര്‍ ഫൗണ്ടേഷന്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയതായി ഡല്‍ഹി സര്‍ക്കാര്‍ ഹൈക്കോടതിയില്‍. ഫാബിഫ്‌ളൂ മരുന്ന് പൂഴ്ത്തിവച്ചതായി സ്ഥിരീകരിക്കുന്ന അന്വേഷണ റിപ്പോര്‍ട്ട് ഡ്രഗ് കണ്‍ട്രോളര്‍ ഡല്‍ഹി ഹൈക്കോടതിയില്‍ സമര്‍പ്പിച്ചു. 

ഫൗണ്ടേഷന്‍, മരുന്ന് ഡീലര്‍മാര്‍ എന്നിവരടക്കുമുള്ളവര്‍ക്കെതിരെ കാലതാമസമില്ലാതെ നടപടി സ്വീകരിക്കുമെന്ന് ഡ്രഗ് കണ്‍ട്രോളര്‍ ഹൈക്കോടതിയെ അറിയിച്ചതായി വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്തു. 

ഡ്രഗ് ആന്‍ഡ് കോസ്മെറ്റിക്സ് നിയമപ്രകാരം ആം ആദ്മി പാര്‍ട്ടിയുടെ എംഎല്‍എ പ്രവീണ്‍ കുമാറും കുറ്റക്കാരനാണെന്നും കോടതിയെ അറിയിച്ചിട്ടുണ്ട്. പ്രവീണ്‍ കുമാര്‍ ഓക്സിജന്‍ വിതരണം ചെയ്തത് സംബന്ധിച്ചാണ് കേസ്. അതേസമയം, ആറ് ആഴ്ചയ്ക്കുള്ളില്‍ കേസിലെ പുരോഗതി സംബന്ധിച്ച് അറിയിക്കണമെന്നും ജൂലൈ 29ന് കേസ് വിചാരണയ്ക്കായി ലിസ്റ്റ് ചെയ്യുമെന്നും കോടതി അറിയിച്ചു. 

നേരത്തെ, കോവിഡ് മരുന്ന് സംഭരിച്ച് പൂഴ്ത്തിവെച്ചെന്ന പരാതിയില്‍ ബിജെപി നേതാവ് ഗൗതംഗംഭീര്‍ എംപിക്ക് ക്ലീന്‍ ചിറ്റ് നല്‍കിയ ഡല്‍ഹി സര്‍ക്കാരിന്റെ ഡ്രഗ് കണ്‍ട്രോളര്‍ക്കെതിരേ ഹൈക്കോടതി രൂക്ഷ വിമര്‍ശനം ഉന്നയിച്ചിരുന്നു. ഗംഭീര്‍ ഫാബിഫ്ളൂ മരുന്ന് സംഭരിച്ച സംഭവത്തില്‍ ശരിയായ രീതിയില്‍ അന്വേഷണം നടത്താത്ത ഡ്രഗ് കണ്‍ട്രോളറെ സസ്പെന്‍ഡ് ചെയ്ത് ജോലി മറ്റാരെയെങ്കിലും ഏല്‍പ്പിക്കുമെന്ന് ജസ്റ്റിസ് വിപിന്‍ സംഘി അധ്യക്ഷനായ ബെഞ്ച് മുന്നറിയിപ്പ് നല്‍കിയിരുന്നു. 

ഗംഭീര്‍ മരുന്ന് സംഭരിച്ചതിനെക്കുറിച്ച് ഡ്രഗ് കണ്‍ട്രോളര്‍ നല്‍കിയ റിപ്പോര്‍ട്ട് ചവറ്റുകുട്ടയിലിടണമെന്ന് പറഞ്ഞ കോടതി, എങ്ങനെയാണ് ഗംഭീറിന് ഇത്രയധികം ഫാബിഫ്‌ളൂ മരുന്ന് സംഭരിക്കാന്‍ സാധിച്ചതെന്ന് ഡ്രഗ് കണ്‍ട്രോളര്‍ പരിശോധിച്ചില്ലെന്നും പറഞ്ഞിരുന്നു. എന്നാല്‍, ലൈസന്‍സുള്ള നിരവധി ഡീലര്‍മാരില്‍നിന്നാണ് മരുന്ന് സംഭരിച്ചതെന്നാണ് ഡ്രഗ് കണ്‍ട്രോളര്‍ക്ക് വേണ്ടി ഹാജരായ അഡീഷണല്‍ സ്റ്റാന്‍ഡിങ് കോണ്‍സെല്‍ നന്ദിതറാവു അറിയിച്ചത്. 

മരുന്നിന് ഇത്രയും ക്ഷാമമുള്ളപ്പോഴാണ് ആയിരക്കണക്കിന് സ്ട്രിപ്പ് സംഭരിച്ചതെന്ന് കോടതി പറഞ്ഞിരുന്നു. കോടതിയെ കബളിപ്പിക്കാമെന്നു കരുതേണ്ട. മരുന്നിന് ക്ഷാമമില്ലെന്ന് പറയുന്ന ഡ്രഗ് കണ്‍ട്രോളര്‍ കോടതിയുടെ കണ്ണടപ്പിക്കാനാണ് ശ്രമിക്കുന്നത്. അങ്ങനെ പറഞ്ഞ് രക്ഷപ്പെടാമെന്ന് നോക്കേണ്ടെന്നും കോടതി പറഞ്ഞിരുന്നു. തുടര്‍ന്ന് പുതിയ റിപ്പോര്‍ട്ട് നല്‍കാന്‍ ഡ്രഗ് കണ്‍ട്രോളര്‍ക്ക് അനുമതി നല്‍കിക്കൊണ്ടാണ് കേസ് ഇന്നത്തേക്ക് മാറ്റിയത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com