കടല്‍ക്കൊലക്കേസ് അവസാനിപ്പിച്ചു; ഇറ്റലി കെട്ടിവച്ച 10 കോടി കേരള ഹൈക്കോടതിക്ക് കൈമാറും

മത്സ്യത്തൊഴിലാളികളെ വെടിവച്ചു കൊന്ന കേസില്‍ രണ്ട് ഇറ്റാലിയന്‍ നാവികര്‍ക്കെതിരായ എല്ലാ ക്രിമിനല്‍ കേസുകളും സുപ്രീം കോടതി അവസാനിപ്പിച്ചു
സുപ്രീം കോടതി/ ഫയല്‍ ചിത്രം
സുപ്രീം കോടതി/ ഫയല്‍ ചിത്രം

ന്യൂഡല്‍ഹി: മത്സ്യത്തൊഴിലാളികളെ വെടിവച്ചു കൊന്ന കേസില്‍ രണ്ട് ഇറ്റാലിയന്‍ നാവികര്‍ക്കെതിരായ എല്ലാ ക്രിമിനല്‍ നടപടികളും
സുപ്രീം കോടതി അവസാനിപ്പിച്ചു. ഇറ്റാലിയന്‍ സര്‍ക്കാര്‍ നല്‍കിയ 10 കോടി രൂപ നഷ്ടപരിഹാരം കേരള ഹൈക്കോടതിക്ക് കൈമാറണമെന്നും സുപ്രീം കോടതി നിര്‍ദ്ദേശിച്ചു.

ഇറ്റലി നല്‍കിയ നഷ്ടപരിഹാരത്തുക എങ്ങനെ കൈകാര്യം ചെയ്യാമെന്ന് കേരളാ ഹൈക്കോടതിക്ക് തീരുമാനിക്കാം. ഇതോടെ കേസിലെ എല്ലാ നടപടികളും അവസാനിപ്പിച്ചതായി സുപ്രീം  കോടതി അറിയിച്ചു. ഇറ്റലി കെട്ടിവച്ചിരുന്ന നഷ്ടപരിഹാരത്തുകയായ പത്ത് കോടി രൂപ മത്സ്യതൊഴിലാളികളുടെ കുടുംബത്തിനും ബോട്ടുടമയ്ക്കും വിതരണം ചെയ്യുന്നതിന് കേരളാ ഹൈക്കോടതിയെ സുപ്രീം കോടതി ചുമതലപ്പെടുത്തി. ഇറ്റലിയില്‍ നടക്കുന്ന വിചാരണയില്‍ കേന്ദ്രസര്‍ക്കാരും കേരളസര്‍ക്കാരും സഹകരിക്കണമെന്നും നാവികര്‍ക്കെതിരെ ഇറ്റലിയില്‍ നടക്കുന്ന വിചാരണ നടപടികള്‍ ഉടന്‍ ആരംഭിക്കണമെന്നും ജസ്റ്റിസ് ഇന്ദിരബാനര്‍ജി അധ്യക്ഷയായ ബെഞ് വ്യക്തമാക്കി.

നഷ്ടപരിഹാരമായി ഇറ്റലി നല്‍കിയ തുക ന്യായമാണെന്നും, തുക കൈമാറാന്‍ കേരളാ ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഒരു ജഡ്ജിയെ നിയോഗിക്കണമെന്നും സുപ്രീം കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. നാവികരുടെ വെടിയേറ്റ് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് നാല് കോടിയും ബോട്ടുടമയ്ക്ക് രണ്ടുകോടിയുമാണ് നഷ്ടപരിഹാരമായി കിട്ടുക. 

2012 ഫെബ്രുവരി 15ന് 2 മലയാളി മത്സ്യത്തൊഴിലാളികളെ ഇറ്റാലിയന്‍ നാവികര്‍ വെടിവച്ചുകൊന്നതാണ് കേസ്. കപ്പലില്‍ സുരക്ഷാ ജോലി ചെയ്തിരുന്ന ഇറ്റാലിയന്‍ നാവികസേനാംഗങ്ങളായ സാല്‍വത്തറോറെ ജിറോണിന്‍, മസിമിലാനോ ലത്തോര്‍ എന്നിവരായിരുന്നു കേസിലെ പ്രതികള്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com