ചട്ടം ലംഘിച്ചാൽ പരിപാടിയുടെ സംപ്രേക്ഷണം നിർത്തും, ടിവി ചാനലുകളേയും വരുതിയിലാക്കാൻ കേന്ദ്രം; നിരീക്ഷിക്കാൻ നടപടി ശക്തമാക്കും 

ചാനലുകൾക്ക് എതിരെയുള്ള പരാതി പരിഹാരം നിര്‍ദ്ദേശിച്ച് വിജ്ഞാപനവും പുറത്തിറക്കി
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ന്യൂഡൽഹി; സോഷ്യൽ മീഡിയയ്ക്കു പുറമെ ടിവി ചാനലുകളേയും വരുതിയിലാക്കാൻ കേന്ദ്രം. ചാനലുകളെ നിരീക്ഷിക്കാനുള്ള നടപടികൾ ശക്തമാക്കും. ചാനലുകളെ നിരീക്ഷിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നിയോഗിച്ച സമിതിക്ക് നിയമപരിക്ഷ നല്‍കി ഉത്തരവിട്ടു. ചാനലുകൾക്ക് എതിരെയുള്ള പരാതി പരിഹാരം നിര്‍ദ്ദേശിച്ച് വിജ്ഞാപനവും പുറത്തിറക്കി. ടിവി പരിപാടികള്‍ ചട്ടം ലംഘിച്ചാല്‍ സംപ്രേക്ഷണം നിര്‍ത്തിവെക്കാന്‍ സര്‍ക്കാര്‍ ഇടപെടും. 

മൂന്ന് തട്ടുള്ള പരാതി പരിഹാരമാണ് കേന്ദ്രം നിര്‍ദ്ദേശിച്ചത്. ടിവി ചാനലുകളുടെ പരിപാടിയില്‍ പരാതി ഉള്ളവര്‍ക്ക് ചാനലുകള്‍ക്ക് പരാതി എഴുതി നല്‍കാം. അവിടെ പരിഹാരമായില്ലെങ്കില്‍ മാധ്യമ കൂട്ടായ്മകളുടെ സ്വയം നിയന്ത്രണ സംവിധാനത്തെ സമീപിക്കാം. കേന്ദ്രസര്‍ക്കാരിന്റെ നിരീക്ഷണ സമിതിയാണ് മൂന്നാമത്തെ തട്ട്. സമിതി എപ്പോഴൊക്കെ ഇടപെടും എന്ന് വ്യക്തമായി ഉത്തവില്‍ പറയുന്നില്ല. എന്നാല്‍ സമിതിക്ക് നിയമപരിക്ഷ നല്‍കും. 

മാധ്യമങ്ങളുടെ സ്വയം നിയന്ത്രണ സമിതികളെയും നിയമപരമായി അംഗീകരിച്ച് രജിസ്‌ട്രേഷന്‍ അനുവദിക്കും. ഏതെങ്കിലും ടിവി പരിപാടി ചട്ടത്തിന് അനുസരിച്ചല്ല എന്ന് ബോധ്യപ്പെട്ടാല്‍ സംപ്രേക്ഷണം നിര്‍ത്തിവെക്കുമെന്നും ഉത്തരവില്‍ പറയുന്നു. ടിവി ചാനലുകളുടെ നിയന്ത്രണത്തിന് നിരീക്ഷണത്തിനും ഇപ്പോള്‍ നിയമത്തിന്റെ അടിസ്ഥാനത്തിലുള്ള സംവിധാനമില്ല. പരാതികള്‍ പരിഗണിക്കാന്‍ വിവിധ മന്ത്രാലയങ്ങളിലെ ഉദ്യോഗസ്ഥരുള്‍പ്പെട്ട സമിതിയാണ് ഇപ്പോഴുള്ളത്. 

പത്രങ്ങളിലെ ഉള്ളടക്കം നിയന്ത്രിക്കുന്നതിന് പ്രസ് കൗണ്‍സില്‍ ഇപ്പോള്‍ നിലവിലുണ്ട്. ടിവി രംഗത്ത് സ്വയം നിയന്ത്രണം എന്നതിനാണ് സര്‍ക്കാര്‍ ഇതുവരെ മുന്‍തൂക്കം കിട്ടിയിരുന്നത്. മുതിര്‍ന്ന ജഡ്ജിയുടെ നേതൃത്വത്തിലുള്ള പ്രസ് കൗണ്‍സില്‍ പോലെ ഒരു സംവിധാനത്തിനു പകരം ഉദ്യോഗസ്ഥര്‍ അടങ്ങിയ നിരീക്ഷണ സമിതിക്ക് നിയമപരിരക്ഷ നല്‍കാനാണ് സര്‍ക്കാരിന്റെ ശ്രമം. നിയന്ത്രണസംവിധാനം വേണമെന്ന സുപ്രീംകോടതിയുടെ നിരീക്ഷണത്തിന്റെ പശ്ചാത്തലത്തിലാണ് നടപടിയെന്നാണ് വാര്‍ത്താവിതരണമന്ത്രി പ്രകാശ് ജാവദേക്കര്‍ വ്യക്തമാക്കിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com