വാക്‌സിന്‍ എടുക്കാന്‍ മടി കാണിക്കരുത്, നൂറ് വയസിനടുത്ത് പ്രായമുള്ള അമ്മ രണ്ട് ഡോസും സ്വീകരിച്ചു: മോദി 

എല്ലാവരും വാക്‌സിന്‍ സ്വീകരിക്കണമെന്ന് ഒരിക്കല്‍ കൂടി ഓര്‍മ്മിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി
പ്രധാനമന്ത്രി നരേന്ദ്രമോദി/ ഫയല്‍ ചിത്രം
പ്രധാനമന്ത്രി നരേന്ദ്രമോദി/ ഫയല്‍ ചിത്രം

ന്യൂഡല്‍ഹി: എല്ലാവരും വാക്‌സിന്‍ സ്വീകരിക്കണമെന്ന് ഒരിക്കല്‍ കൂടി ഓര്‍മ്മിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. കോവിഡ് വാക്‌സിനേഷന്‍ എടുക്കാന്‍ ആരും മടിക്കരുത്. വാക്സിനേഷന്‍ സംബന്ധിച്ച് പ്രചരിക്കുന്ന കിംവദന്തികള്‍ വിശ്വസിക്കരുത്. 100 വയസിനടുത്ത് പ്രായമുള്ള തന്റെ മാതാവ് വരെ ഇതിനോടകം വാക്സിന്‍ സ്വീകരിച്ചിട്ടുണ്ടെന്നും വാക്സിനെടുക്കാനുള്ള മടി അവസാനിപ്പിക്കണെന്നും മോദി ആവശ്യപ്പെട്ടു. പ്രതിമാസ റേഡിയോ പരിപാടിയായ മന്‍ കി ബാത്തില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. 

'ശാസ്ത്രത്തില്‍ വിശ്വസിക്കണം. നമ്മുടെ ശാസ്ത്രജ്ഞന്മാരെയും വിശ്വസിക്കാന്‍ മറക്കരുത്. നിരവധി ആളുകള്‍ വാക്‌സിന്‍ എടുത്ത് കഴിഞ്ഞു. ഞാന്‍ രണ്ടു ഡോസ് വാക്‌സിനും സ്വീകരിച്ചു. ഏകദേശം നൂറ് വയസുള്ള എന്റെ അമ്മയും രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ചു കഴിഞ്ഞു. വാക്‌സിനുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങളില്‍ വിശ്വസിക്കരുത്. ' - മോദി പറഞ്ഞു.

വാക്സിനെടുക്കാന്‍ യാതൊരു ഭയവും വേണ്ട. ചിലപ്പോള്‍ വാക്സിന്‍ സ്വീകരിച്ച ചിലര്‍ക്ക് പനിയുണ്ടായേക്കാം. എന്നാല്‍ ഇത് ഏതാനും മണിക്കൂറുകള്‍ മാത്രമ നിലനില്‍ക്കു. വാക്സിനേഷന്‍ ഒഴിവാക്കുന്നത് അപകടകരമാണ്. വാക്സിന്‍ എടുക്കാതിരുന്നാല്‍ നിങ്ങള്‍ മാത്രമല്ല നിങ്ങളുടെ കുടുംബവും സമൂഹവും ഒരുപോലെ അപകടത്തിലാകുമെന്നും പ്രധാനമന്ത്രി ഓര്‍മപ്പെടുത്തി.  രാജ്യത്ത് വൈറസിന്റെ ഭീഷണി ഇപ്പോഴും നിലനില്‍ക്കുകയാണ്. അതിനാല്‍ വാക്സിനേഷനാണ് കൂടുതല്‍ ശ്രദ്ധ നല്‍കുന്നതെന്നും കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com