വാക്‌സിൻ രജിസ്‌ട്രേഷൻ പോർട്ടലിലൂടെ മാത്രം; ആപ്പ് ഉദ്യോ​ഗസ്ഥർക്ക് മാത്രമുള്ളതെന്ന് ആരോ​ഗ്യ മന്ത്രാലയം

പ്ലേസ്റ്റോറിലെ കോവിൻ ആപ്പ് ഡൗൺലോഡ് ചെയ്യണ്ടെന്ന് അധികൃതർ അറിയിച്ചു
ഫയൽ ചിത്രം
ഫയൽ ചിത്രം

തിരുവനന്തപുരം: കോവിഡ് വാക്സിനുള്ള രജിസ്ട്രേഷൻ പൂർത്തിയാക്കേണ്ടത് കോവിൻ പോർട്ടലിലൂടെ മാത്രമാണെന്ന് ആരോ​ഗ്യ മന്ത്രാലയം. http://cowin.gov.in എന്ന പോർട്ടലിൽ കയറി വിശദാംശങ്ങൾ നൽകിയതിന് ശേഷം രജിസ്ട്രേഷൻ പൂർത്തിയാക്കാനാകും. ഇതിനായി പ്ലേസ്റ്റോറിലെ കോവിൻ ആപ്പ് ഡൗൺലോഡ് ചെയ്യണ്ടെന്ന് അധികൃതർ അറിയിച്ചു. 

കോവിൻ ആപ്പ് ഉദ്യോ​ഗസ്ഥർക്ക് മാത്രമുള്ളതാണെന്നും സാധാരണക്കാർ രജിസ്ട്രേഷൻ ആവശ്യങ്ങൾക്കായി ആപ്പ് ഉപയോ​ഗിക്കേണ്ടതില്ലെന്നും ആരോ​ഗ്യ കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു. മുതിർന്ന പൗരന്മാർക്കുള്ള കോവിഡ് വാക്സിൻ രജിസ്‌ട്രേഷൻ ഇന്ന് ആരംഭിച്ചിരിക്കെയാണ് ഇക്കാര്യത്തിൽ കൂടുതൽ വിശദീകരണങ്ങൾ പുറത്തുവിട്ടത്. രജിസ്‌ട്രേഷൻ സമയത്ത് ഗുണഭോക്താവിന്റെ ഫോട്ടോ, തിരിച്ചറിയൽ കാർഡിലുള്ള അടിസ്ഥാന വിവരങ്ങൾ എന്നിവ നൽകണം. മൊബൈൽ നമ്പറിന്റെ കൃത്യത ഉറപ്പാക്കാൻ ഒറ്റത്തവണ പാസ്‌വേഡ് അയച്ച് പരിശോധന നടത്തും. രജിസ്‌ട്രേഷൻ സമയത്ത് വാക്സിനേഷൻ സെന്ററുകളുടെ പട്ടികയും,  ഒഴിഞ്ഞ സ്ലോട്ടുകൾ ലഭ്യമായ തീയതിയും കാണാം. അതനുസരിച്ച് ലഭ്യമായ സ്ലോട്ടുകളിൽ നിന്ന് ബുക്ക് ചെയ്യാം.

ഒരു മൊബൈൽ നമ്പർ ഉപയോഗിച്ച് പരമാവധി നാല് ഗുണഭോക്താക്കളെ രജിസ്റ്റർ ചെയ്യാം.  രജിസ്‌ട്രേഷൻ പൂർത്തിയായാൽ രജിസ്‌ട്രേഷൻ സ്ലിപ്പ് ലഭിക്കും. രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിൽ സ്ഥിരീകരണ എസ്എംഎസ് ലഭിക്കും. ആദ്യ ഡോസ് ബുക്ക് ചെയ്യുമ്പോൾത്തന്നെ രണ്ടാം ഡോസിനുള്ള തീയതി അനുവദിക്കും.

വാക്‌സിനെടുക്കാൻ എത്തുമ്പോൾ ആധാർ കാർഡ് ഹാജരാക്കണം. മറ്റ് അംഗീകൃത ഫോട്ടോ പതിപ്പിച്ച തിരിച്ചറിയൽ കാർഡുകളും സ്വീകരിക്കും. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com