രാമക്ഷേത്ര നിര്‍മ്മാണത്തിന് സംഭാവന നല്‍കിയില്ല; സ്‌കൂളില്‍ നിന്ന് പിരിച്ചുവിട്ടു, ആരോപണവുമായി അധ്യാപകന്‍

രാമക്ഷേത്ര നിര്‍മ്മാണത്തിന് സംഭാവന നല്‍കാത്തതിനാല്‍ ആര്‍എസ്എസ് നിയന്ത്രിക്കുന്ന സ്‌കൂളില്‍ നിന്ന് പുറത്താക്കിയെന്ന ആരോപണവുമായി അധ്യാപകന്‍
രാമക്ഷേത്രത്തിന്റെ രൂപകല്‍പ്പന
രാമക്ഷേത്രത്തിന്റെ രൂപകല്‍പ്പന


ബലിയ: രാമക്ഷേത്ര നിര്‍മ്മാണത്തിന് സംഭാവന നല്‍കാത്തതിനാല്‍ ആര്‍എസ്എസ് നിയന്ത്രിക്കുന്ന സ്‌കൂളില്‍ നിന്ന് പുറത്താക്കിയെന്ന ആരോപണവുമായി അധ്യാപകന്‍. ഉത്തര്‍പ്രദേശിലെ ബലിയയിലെ സരസ്വതി ശിശുമന്ദിര്‍ സ്‌കൂളില്‍ ജോലി ചെയ്തിരുന്ന യശ്വന്ത് പ്രതാപ് സിങ് ആണ് ആരോപണവുമായി രംഗത്തുവന്നിരിക്കുന്നത്. ആയിരം രൂപ സംഭാവന നല്‍കാത്തതിനാലാണ് തന്നെ പുറത്താക്കിയത് എന്ന് അദ്ദേഹം പറഞ്ഞു. 

തന്റെ എട്ടുമാസത്തെ ശമ്പളം സ്‌കൂള്‍ അധികൃതര്‍ പിടിച്ചുവച്ചിരിക്കുകയാണ് എന്നും അദ്ദേഹം ആരോപിച്ചു. രാമക്ഷേത്ര നിര്‍മ്മാണത്തിന് വേണ്ടി താന്‍ 80,000 രൂപ പിരിച്ചു നല്‍കിയിരുന്നതായും സിങ് പറയുന്നു.

ഫണ്ട് പിരിവിനായി സ്‌കൂളില്‍ എത്തിയ ആര്‍എസ്എസ് ജില്ലാ പ്രചാരക് ആയിരം രൂപ നല്‍കണമെന്ന് ആവശ്യപ്പെട്ടു. നല്‍കാനാവില്ലെന്ന് പറഞ്ഞപ്പോള്‍, സ്‌കൂള്‍ അധികൃതര്‍ മോശമായി പെരുമാറുകയും പിരിച്ചു വിടുകയും ചെയ്തു എന്ന് സിങ് പറയുന്നു. വിഷയത്തില്‍ ജില്ലാ കലക്ടര്‍ക്ക് പരാതി നല്‍കിയിട്ടുണ്ടെന്നും നീതി ലഭിച്ചില്ലെങ്കില്‍ കോടതിയെ സമീപിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

എല്ലാ ജീവനക്കാര്‍ക്കും ഫണ്ട് ശേഖരണത്തിനായി റസീപ്റ്റ് ബുക്കുകള്‍ നല്‍കിയിരുന്നുവെന്നും ആദ്യം പണം തരാമെന്ന് സമ്മതിച്ച സിങ് പിന്നീട് വാക്ക് മാറുകയായിരുന്നുവെന്നും സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ധീരേന്ദ്ര പറഞ്ഞു. 

ഫണ്ട് പിരിവിന് ആരേയും നിര്‍ബന്ധിച്ചിട്ടില്ലെന്നും സിങ് അധ്യാപനത്തില്‍ താത്പര്യം കാണിച്ചിരുന്നില്ലെന്നും ആര്‍എസ്എസ് ജില്ലാ പ്രചാരക് സത്യേന്ദ്ര പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com