കണക്കും ഫിസിക്‌സും പഠിച്ചില്ലെങ്കിലും ബിടെക്; പുതിയ പരിഷ്‌കാരം മരവിപ്പിച്ചു

എൻജിനീയറിങ് പഠനത്തിൽ അടിസ്ഥാന ഘടകമായ കണക്ക്, പ്ലസ്ടു തലത്തിൽ പഠിക്കാത്തവർക്കും പ്രവേശനം നൽകാനുള്ള നീക്കത്തിനെതിരെ വിമർശനം ശക്തമായതോടെയാണ് പിന്മാറ്റം
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം


ന്യൂഡൽഹി: എൻജിനീയറിങ് ബിരുദ പ്രവേശനത്തിനു പ്ലസ് ടു തലത്തിൽ ഫിസിക്സ്, കെമിസ്ട്രി, കണക്ക് എന്നിവ നിർബന്ധമല്ലെന്ന പ്രഖ്യാപനം അഖിലേന്ത്യ സാങ്കേതിക വിദ്യാഭ്യാസ കൗൺസിൽ (എഐസിടിഇ) മരവിപ്പിച്ചു. എൻജിനീയറിങ് പഠനത്തിൽ അടിസ്ഥാന ഘടകമായ കണക്ക്, പ്ലസ്ടു തലത്തിൽ പഠിക്കാത്തവർക്കും പ്രവേശനം നൽകാനുള്ള നീക്കത്തിനെതിരെ വിമർശനം ശക്തമായതോടെയാണ് പിന്മാറ്റം. 

2020–21 വർഷത്തേക്കുള്ള അപ്രൂവൽ ഹാൻഡ് ബുക്കിലെ ഈ നിർദേശം വിവാദമായിരുന്നു. ഇതോടെ കൗൺസിൽ വെബ്സൈറ്റിൽ നിന്നു ഹാൻഡ്ബുക്ക് പിൻ‌വലിക്കുകയും ചെയ്തു. സർവകലാശാലകൾക്കോ സംസ്ഥാനങ്ങൾക്കോ ഈ രീതിയിൽ പ്രവേശനം ന‌ടത്താൻ താൽപര്യമുണ്ടെങ്കിൽ അതിനുള്ള വാതിൽ തുറന്നിടുക മാത്രമാണ് ചെയ്തതെന്നും കൗൺസിൽ അധ്യക്ഷൻ അനിൽ സഹസ്രബുദ്ധെ വിശദീകരിച്ചിരുന്നു. 

ഫിസിക്സ്, കെമിസ്ട്രി, കണക്ക് എന്നിവ ബ്രിജ് കോഴ്സിലൂടെ പഠിച്ച് ബയോടെക്നോളജി, ടെക്സ്റ്റൈൽ എൻജിനീയറിങ്, അഗ്രികൾചർ എൻജിനീയറിങ് എന്നിവ പഠിക്കാനുള്ള സാധ്യതയൊരുക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഫിസിക്‌സ്, കണക്ക്, കെമിസ്ട്രി, കംപ്യൂട്ടർ സയൻസ്, ഇലക്ട്രോണിക്‌സ്, ഇൻഫർമേഷൻ ടെക്‌നോളജി, ബയോളജി, ഇൻഫോർമാറ്റിക്‌സ് പ്രാക്ടീസസ്, ബയോ ടെക്‌നോളജി, ടെക്‌നിക്കൽ വൊക്കേഷണൽ, അഗ്രികൾച്ചറൽ, എൻജിനീയറിങ് ഗ്രാഫിക്‌സ്, ബിസിനസ് സ്റ്റഡീസ്, എന്റർപ്രണർഷിപ്പ് എന്നി വിഷയങ്ങളിൽ ഏതെങ്കിലും മൂന്ന് വിഷയങ്ങൾ പഠിച്ചാൽ മതിയെന്നായിരുന്നു പുതിയ പ്രഖ്യാപനം. ഇതാണ് ഇപ്പോൾ മരവിപ്പിക്കുന്നത്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com