ഇയർ ബഡുകൾ മുതൽ സിഗററ്റ് പാക്കറ്റുകൾ വരെ, ഗുണനിലവാരം കുറഞ്ഞ പ്ലാസ്റ്റിക് ഉത്പന്നങ്ങൾ നിരോധിക്കും; വിലക്കേർപ്പെടുത്തുന്നത് രണ്ടുഘട്ടമായി 

ഒറ്റത്തവണ മാത്രം ഉപയോഗിക്കാവുന്ന എല്ലാത്തരം പ്ലാസ്റ്റിക്കുകളും രാജ്യത്ത് ഇല്ലാതാക്കുകയാണ് ലക്ഷ്യം
പ്രതീകാത്മകചിത്രം
പ്രതീകാത്മകചിത്രം

ന്യൂഡൽഹി: ഗുണനിലവാരം കുറഞ്ഞ പ്ലാസ്റ്റിക് ഉത്പന്നങ്ങൾ അടുത്തകൊല്ലം രാജ്യത്ത് നിരോധിക്കും. ഒറ്റത്തവണ മാത്രം ഉപയോഗിക്കാവുന്ന എല്ലാത്തരം പ്ലാസ്റ്റിക്കുകളും രാജ്യത്ത് ഇല്ലാതാക്കുകയാണ് ലക്ഷ്യം.  120 മൈക്രോണിൽ കുറഞ്ഞ കനമുള്ള പോളിത്തീൻ ബാഗുകളുടെ ഉപയോ​ഗം  ഈ വർഷം സെപ്റ്റംബർ 30 മുതൽ വിലക്കും. 

അടുത്തവർഷം ജനുവരി ഒന്ന്, ജൂലായ് ഒന്ന് എന്നിങ്ങനെ രണ്ടുഘട്ടങ്ങളായിട്ടാവും നിരോധനം ഏർപ്പെടുത്തുക. വിലക്കേർപ്പെടുത്തിയാൽ പിന്നെ ഇവ നിർമിക്കാനോ ഇറക്കുമതി ചെയ്യാനോ വിൽക്കാനോ ഉപയോഗിക്കാനോ പറ്റില്ല. 

പ്ലാസ്റ്റിക് തണ്ടുള്ള ഇയർ ബഡുകൾ, ബലൂണുകൾ, പ്ലാസ്റ്റിക് കൊടികൾ,  മിഠായി/ഐസ്‌ക്രീം തണ്ടുകൾ,  അലങ്കാരങ്ങൾക്ക് ഉപയോഗിക്കുന്ന തെർമോകോളുകൾ തുടങ്ങിയവയാണ് 2022 ജനുവരി ഒന്നുമുതൽ നിരോധിക്കുന്നവ. 2022 ജൂലായ് ഒന്നുമുതൽ പ്ലാസ്റ്റിക് പ്ലേറ്റുകൾ, കപ്പുകൾ, കട്‌ലറി സാധനങ്ങൾ പൊതിയാനും പാക്കിങ്ങിനും ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ഫിലിമുകൾ, ക്ഷണക്കത്തുകൾ, സിഗററ്റ് പാക്കറ്റുകൾ, കനം 100 മൈക്രോണിൽ താഴെയുള്ള പ്ലാസ്റ്റിക്, പിവിസി ബാനറുകൾ എന്നിവയ്ക്ക് വിലക്കേർപ്പെടുത്തു.  

പ്ലാസ്റ്റിക് മാലിന്യം കൈകാര്യം ചെയ്യുന്നതുമായി ബന്ധപ്പെട്ട് 2016 മാർച്ച് 18-ന് പ്രാബല്യത്തിൽവന്ന ചട്ടം ഭേദഗതി ചെയ്യാനുള്ള കരട്(പ്ലാസ്റ്റിക് മാലിന്യം കൈകാര്യം ചെയ്യൽ ഭേദഗതി ചട്ടം) പരിസ്ഥിതി മന്ത്രാലയം പുറത്തിറക്കി. ഇതിൻമേൽ മേയ് 11 വരെ അഭിപ്രായം അറിയിക്കാം. അഭിപ്രായങ്ങൾ പരിഗണിച്ചായിരിക്കും അന്തിമവിജ്ഞാപനം. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com